പേരൂര്‍ക്കട: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച വയോധികനെ പേട്ട പോലീസ് അറസ്റ്റുചെയ്തു. കരിക്കകം കടകംപള്ളി പുതുവല്‍ പുത്തന്‍വീട്ടില്‍ സതീഷ്കുമാര്‍ (64) ആണ് അറസ്റ്റിലായത്.
ഏപ്രില്‍ നാലിനു വൈകുന്നേരം ഏഴോടെ പേട്ട പോലീസ് സ്റ്റേഷന് പരിധിയില്‍ കരിക്കകം റെയില്‍വേ പാലത്തിനു സമീപമായിരുന്നു സംഭവം. ടൈറ്റാനിയം ടി.സി 32/703 ജെയിന് നിവാസില്‍ വിക്ടര്‍ ആന്‍ഡ്രുവിന്റെ മകന് വിജിന് വിക്ടറിനാണ് കുത്തേറ്റത്. പ്രതിയായ സതീഷ്കുമാറിന്റെ മകന്, വിജിന് വിക്ടര്‍ സ്ഥിരമായി മദ്യവും കഞ്ചാവും എത്തിച്ചുനല്കാറുണ്ടായിരുന്നു. ഇതു നിരവധി തവണ സതീഷ്കുമാര്‍ പറഞ്ഞുവിലക്കിയിരുന്നു. എന്നാല്‍ മദ്യവും കഞ്ചാവും നല്‍കുന്നത് ആവര്ത്തിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമായത്. കുത്തേറ്റ വിജിന് വിക്ടര്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പേട്ട സ്റ്റേഷനില്‍ അഞ്ചോളം ലഹരിമരുന്നു വില്‍പ്പന, അടിപിടിക്കേസുകളിലെ പ്രതിയാണ് വിജിന് വിക്ടറെന്നു പോലീസ് പറഞ്ഞു. അറസ്റ്റിലായ സതീഷ്കുമാറിനെ കോടതി റിമാന്‍ഡ് ചെയ്തു.