Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nalanchira

നാലാഞ്ചിറയിലെ ദമ്പതികളുടെ മരണം: അനാഥരായി നാലു കുട്ടികള്‍, സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

പേരൂര്‍ക്കട: നാലാഞ്ചിറയില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തുകയും ഇയാള്‍ റെയില്‍വേ ട്രാക്കില്‍ ചാടി ജീവനൊടുക്കുകയും ചെയ്തതോടെ ചോദ്യചിഹ്നമായി മാറിയിരിക്കുന്നത് നാലു കുട്ടികളാണ്. സുരേഷ് - ഹസീന ദമ്പതികളുടെ രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും ഇപ്പോള്‍ ഏതാണ്ട് പൂര്‍ണമായും അനാഥരായ നിലയില്‍!

ദമ്പതികളുടേത് മിശ്രവിവാഹമായിരുന്നതിനാല്‍ വീട്ടുകാരില്‍ നിന്ന് എതിര്‍പ്പുണ്ടായിരുന്നു. രണ്ടുവീട്ടുകാരും തമ്മില്‍ പരസ്പര സഹകരണമില്ല. ഹസീനയുടെ വളരെ ചെറുപ്പത്തിലാണ് സുരേഷ് ഇവരുമായി ബന്ധം സ്ഥാപിക്കുന്നതും വിളിച്ചിറക്കിക്കൊണ്ടു വരുന്നതും.

വിവാഹം മുതല്‍ സംശയരോഗിയായിരുന്ന സുരേഷ് ഭാര്യയുമായി നിരന്തരം കലഹത്തിലേര്‍പ്പെട്ടുവരുന്നതിന് മക്കള്‍ എന്നും സാക്ഷികളായി. അതോടെ ഇവരുടെ മനസാകെ കലങ്ങിയ അവസ്ഥയിലായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് മണ്ണന്തല പോലീസ് ഇരുവരെയും അനനയിപ്പിച്ച് നാലാഞ്ചിറയിലെ വാടകവീട്ടിലേക്കു വിട്ടതാണ്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇവര്‍ തമ്മില്‍ വീണ്ടും വഴക്കുണ്ടാകുകയും ഭാര്യയെ സുരേഷ് കൊലപ്പെടുത്തുകയുമായിരുന്നു.

സുരേഷ് കൂലിപ്പണിചെയ്താണ് കുടുംബം പോറ്റിവന്നിരുന്നത്. ഏക വരുമാനമാര്‍ഗം ഇതായിരുന്നു. എസി അറ്റകുറ്റപ്പണി ചെയ്യുന്നതിനും ഇലക്ട്രീഷനായും പ്ലംബറായുമൊക്കെ ഇയാള്‍ ജോലിചെയ്തു വന്നിരുന്നു. നിങ്ങളുടെ അമ്മയെ കൊലപ്പെടുത്തിയെന്നും താന്‍ പോകുകയാണെന്നും ഇനി തിരിച്ചുവരില്ലെന്നും കുട്ടികളെ നോക്കിക്കൊള്ളണമെന്നും മൂത്തമകളോട് ഇയാള്‍ പറഞ്ഞിരുന്നു.

കാറുമായി പോയ ഇയാള്‍ ബാലരാമപുരത്ത് കാര്‍ ഉപേക്ഷിച്ചിരുന്നു. ഇതിന്‍റെ താക്കോൽ കണ്ടെത്താന്‍ ഇതുവരെയും പോലീസിന് സാധിച്ചിട്ടില്ല. ബാലരാമപുരം സ്റ്റേഷനില്‍ നടക്കാനെത്തിയവരില്‍ ഒരാള്‍ പറയുന്നത് ചുവന്ന ബനിയനുമണിഞ്ഞ് ഒരാള്‍ വ്യായാമത്തില്‍ ഏര്‍പ്പെടുന്നുണ്ടായിരുന്നുവെന്നാണ്.

ബാലരാമപുരത്ത് സ്റ്റോപ്പുള്ള ട്രെയിനില്‍ക്കയറി ഇയാള്‍ നാഗര്‍കോവിലില്‍ ഇറങ്ങിയശേഷം വീണ്ടും മറ്റൊരു ട്രെയിനില്‍ യാത്ര തുടര്‍ന്നിരിക്കാമെന്നു പോലീസ് കരുതുന്നു. ചിദംബരത്തെ റെയില്‍വേ ട്രാക്കാണ് സുരേഷ് മരിക്കാനായി തെരഞ്ഞെടുത്തത്.

അതേസമയം മരണത്തിന് ഇയാള്‍ക്ക് ഒട്ടും ഭയമില്ലായിരുന്നുവെന്നും മുമ്പ് മരിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നുവെന്നും ഇയാളുടെ നിരന്തരമുള്ള യാത്രയും ചിദംബരത്തെ ആത്മഹത്യയും ഇതാണ് സൂചിപ്പിക്കുന്നതെനനും പോലീസ് പറയുന്നു. അജ്ഞാത മൃതദേഹമായി തമിഴ്‌നാട് പോലീസ് കണ്ടെത്തുകയും പിന്നീട് ഫോട്ടോവഴി മരിച്ചത് സുരേഷാണെന്ന് മണ്ണന്തല പോലീസ് ഉറപ്പിക്കുകയുമായിരുന്നു.

പഠനത്തില്‍ മിടുക്കരായ നാലുമക്കള്‍ക്ക് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മാതാവിനെയും പിതാവിനെയും നഷ്ടപ്പെട്ടതോടെ ഇവരുടെ പഠനവും ഉത്തരവാദിത്തവും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.

മാതാവിന്‍റെ അമ്മ മാത്രമാണ് ഇവര്‍ക്ക് ഇപ്പോള്‍ ആശ്രയമായി കൂടെയുള്ളത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുന്നതിന് പോലീസിനൊപ്പം സുരേഷിന്‍റെ ബന്ധുക്കളും യാത്രതിരിച്ചിട്ടുണ്ട്. ഇന്നുതന്നെ ഇവര്‍ തിരിച്ചെത്തിയേക്കും. കുട്ടികളുടെ സംരക്ഷണവും പഠനവും സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Latest News

Corehub Up