കണ്ണൂർ: നമ്മുടെ സർവകലാശാലകളിലും കോളജുകളിലും പഠിപ്പിക്കുന്ന കോഴ്സുകൾ കാലഘട്ടത്തിന് അനുസൃതമായ ആവശ്യങ്ങളോട് നീതിപുലർത്തുന്നതാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കണ്ണൂർ സർവകലാശാല രജിസ്ട്രാർ ഡോ. ജോബി കെ. ജോസ്. പൈസക്കരി ദേവമാതാ കോളേജിൽ പുതുതായി ആരംഭിച്ച കോഴ്സുകൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എഐയിലൂടെയും ഡാറ്റാ സയൻസിലൂടെയും ക്വാണ്ടം കംപ്യൂട്ടിംഗിലൂടെയും ലോകക്രമം തന്നെ മാറിമറിയുന്ന കാലത്ത് ആ വേഗത്തിനൊപ്പം സഞ്ചരിക്കുന്നതാകണം നമ്മുടെ കാമ്പസുകളിൽ പഠിപ്പിക്കുന്ന വിഷയങ്ങൾ. മാറ്റങ്ങളോട് മുഖംതിരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങളെയും സ്ഥാപനങ്ങളെയും പുതിയ തലമുറ ബഹിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാലത്തിന്റെ മാറ്റം മനസിലാക്കി കണ്ണൂർ യൂണിവേഴ്സിറ്റിയിൽ തന്നെ ആദ്യമായി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ്, എഐ ആൻഡ് ഡാറ്റാ സയൻസ്, ബിസിനസ് അനലിറ്റിക്സ് തുടങ്ങിയ നൂതന കോഴ്സുകൾ വർഷങ്ങൾക്കു മുന്പേ ആരംഭിച്ച ദേവമാതാ കോളജ് പ്രശംസ അർഹിക്കുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫലപ്രദമായി വ്യവസായ സ്ഥാപങ്ങളുമായി ധാരണകളുണ്ടാക്കി ഇന്റേൺഷിപ്പും പ്ലേസ്മെന്റും വിദ്യാർഥികൾക്ക് ലഭ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. മികച്ച വിജയം നേടിയ വിദ്യാർഥികളെയും യൂണിവേഴ്സിറ്റി പരീക്ഷയിൽ റാങ്കുകൾ നേടിയവരെയും ആദ്യബാച്ചിൽ തന്നെ നൂറു ശതമാനം പ്ലേസ്മെന്റ് നേടിയ ബിബിഎ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ബികോം ലൊജിസ്റ്റിക് വിഷയങ്ങളിലെ വിദ്യാർഥികളെയും ആദരിച്ചു.
പ്രിൻസിപ്പൽ ഡോ. എം.ജെ. മാത്യു അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ ഫാ. നോബിൾ ഓണംകുളം മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ ഇ.എം. ടോമിച്ചൻ, വകുപ്പ് മേധാവികളായ പി.എസ്. ഷൈജോ, ജിസ്മി ജോൺ, എം.പി. രമ്യ തുടങ്ങിയവർ പ്രസംഗിച്ചു.
ഒന്നാം വർഷ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നാലുവർഷ ബിരുദ പ്രോഗ്രാമിനെക്കുറിച്ചുള്ള ഓറിയന്റേഷൻ ക്ലാസ് പ്രഫ. ജോബി കെ. ജോസ് നയിച്ചു.