കായംകുളം: താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി. ആധുനിക സൗകര്യങ്ങളോടുകൂടി 1,40,000 ചതുരശ്ര അടി വിസ്തീർണത്തിൽ അഞ്ചു നിലകളായിട്ടാണ് പുതിയ താലൂക്ക് ആശുപത്രി കെട്ടിടം സജ്ജമാവുന്നത്. കേരള ഹൗസിംഗ് ബോർഡ് കോർപറേഷൻ ആണ് പദ്ധതിയുടെ നിർമാണച്ചുമതല.
150 കിടക്കകളോടുകൂടിയ ഐപി സംവിധാനങ്ങൾ, പേ വാർഡുകൾ, മേജർ ഔട്ട് പേഷ്യന്റ് വിഭാഗം, ലബോറട്ടറി സംവിധാനങ്ങൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, ഓപ്പറേഷൻ തിയറ്ററുകൾ, സെമിനാർ ഹാൾ, കോൺഫറൻസ് ഹാൾ, തീവ്ര പരിചരണ വിഭാഗങ്ങൾ, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്്, ചുറ്റുമതിൽ, അഗ്നിരക്ഷാ ഉപകരണങ്ങൾ, സിസിടിവി യൂണിറ്റുകൾ, ലിഫ്റ്റ് സൗകര്യങ്ങൾ, ജനറേറ്ററുകൾ, വിശാലമായ പാർക്കിംഗ് ഏരിയ, ലാൻഡ്സ്കേപ്പിംഗ്, അത്യാധുനിക ആശുപത്രി ഉപകരണങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദേശീയപാതയോരത്തെയും തീരദേശത്തെയും ആശുപത്രി എന്ന നിലയിൽ മുന്തിയ പരിഗണന നൽകി ജില്ലാ ആശുപത്രിയായി താലൂക്ക് ആശുപത്രിയെ ഉയർത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പുതിയ ഡിപ്പാർട്ടുമെന്റുകൾ ആരംഭിക്കുക, കൂടുതൽ വിദഗ്ധ ഡോക്ടർമാരെയും 24 മണിക്കൂർ ഡ്യൂട്ടി ഡോക്ടർമാരെയും നിയമിക്കുക. എച്ച്എംസി വിപുലമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയരുന്നുണ്ട്.
നൂറുകണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന കായംകുളം താലൂക്കാശുപത്രിയിൽ വേണ്ടത്ര ഡോക്ടർമാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുകയാണ്. കായംകുളം സർക്കാർ ആശുപത്രിക്ക് താലൂക്ക് ആശുപത്രിയുടെ പദവി ലഭിച്ചത് 2006 ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. പന്ത്രണ്ടു വർഷം പിന്നിട്ടിട്ടും പദവിക്കൊത്ത അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടില്ലെന്ന പരാതി ശക്തമാണ്. മുമ്പ് കായംകുളം ആശുപത്രിയെ സ്പെഷാലിറ്റി ആശുപത്രിയാക്കി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതും പ്രഖ്യാപനത്തിൽ ഒതുങ്ങി.