മാഡ്രിഡ്: ചരിത്രമുറങ്ങുന്ന മാഡ്രിഡ് നഗരത്തിനു തിലകക്കുറിയായി ഇനിയൊരു കുരിശുമുണ്ടാകും.
സ്പെയിൻ സന്ദർശനത്തിനിടെ മാഡ്രിഡിലെ പ്ലാസ ദെ ലിമയിൽ ലെയോ പതിനാലാമൻ മാർപാപ്പ യുവാക്കൾക്കൊപ്പം നടത്തിയ നിശാ ജാഗരണ പ്രാർഥനാവേദിയിൽ താത്കാലികമായി സ്ഥാപിച്ച 82 അടി ഉയരമുള്ള കുരിശാണ് നഗരത്തിന്റെ ആകാശക്കാഴ്ചയിലെ സ്ഥിരമായ ലാൻഡ്മാർക്കാകാൻ പോകുന്നത്.
സിറ്റി കൗൺസിലിന്റെ സെക്കൻഡ് ഡെപ്യൂട്ടി മേയറായ ബോർജ കാരബന്റെ സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
“ലെയോ പതിനാലാമൻ മാർപാപ്പ യുവാക്കൾക്കൊപ്പം നടത്തിയ പ്രാർഥനാസമ്മേളനത്തിനു സാക്ഷ്യം വഹിച്ച ഈ വലിയ കുരിശ് ആ ചരിത്രപരമായ സന്ദർശനത്തിന്റെ ഓർമ്മപ്പെടുത്തലായും നമ്മുടെ ക്രൈസ്തവ പാരമ്പര്യത്തിന്റെ പ്രതീകമായും മാഡ്രിഡിൽതന്നെ നിലനിൽക്കും”ബോർജ അറിയിച്ചു.
കുരിശ് നിലനിർത്തുമെന്ന് ഉറപ്പായെങ്കിലും അതു നിലവിലുള്ള സ്ഥലത്തുതന്നെ സൂക്ഷിക്കണോ അതോ മറ്റേതെങ്കിലും സ്ഥലത്തേക്കു മാറ്റണോ എന്ന കാര്യത്തിൽ നഗരസഭ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
പ്രാർഥനാസമ്മേളനം നടന്ന സ്ഥലത്തെ അടയാളപ്പെടുത്തുന്ന ഒന്നായതുകൊണ്ട്, മാഡ്രിഡിലെയും സ്പെയിനിലെയും ഭൂരിഭാഗം ആളുകളും കുരിശ് അതിന്റെ യഥാർഥ സ്ഥാനത്തുതന്നെ നിലനിർത്തുന്നതാണു നല്ലതെന്ന് കരുതുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സാന്റിയാഗൊ ബെർണബ്യൂ സ്റ്റേഡിയത്തിനു സമീപമുള്ള പ്ലാസ ദെ ലിമയിൽ കഴിഞ്ഞ ആറിന് മാർപാപ്പയുടെ നേതൃത്വത്തിൽ നടന്ന ജാഗരണപ്രാർഥനയിൽ അഞ്ചു ലക്ഷത്തോളം യുവതീയുവാക്കളാണു പങ്കെടുത്തത്.