ഉള്ളൂര്‍: ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച് അതീവ ഗുരുതരാവസ്ഥയിലായ രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ വിദഗ്ധ ചികിത്സയില്‍ പുതു ജീവിതത്തിലേയ്ക്ക്. കഠിനമായ നെഞ്ചു വേദനയെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച കൊല്ലം പുത്തൂര്‍ സ്വദേശിയായ 58കാരന് ഗുരുതരമായ ഹൃദയാഘാതം സ്ഥിരീകരിച്ചു. ചികിത്സ പുരോഗമിക്കുന്നതിനിടെ രോഗിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിലയ്ക്കുകയും ജീവന് അതീവ അപകടകരമായ വെന്‍ട്രിക്കുലര്‍ ഫൈബ്രിലേഷന് എന്ന ഹൃദയതാള വൈകല്യം ആവര്‍ത്തിച്ച് ഉണ്ടാകുകയും ചെയ്തു. എമര്‍ജന്‍സി മെഡിസിന് വിഭാഗം അസിസ്റ്റന്റ് പ്രഫ.പി.കെ റോഷന്റെ നേതൃത്വത്തില്‍ ഡോ. അനഘ, ഡോ. സോനു എന്നിവരും നഴ്സിംഗ് ഓഫീസര്‍മാരായ ആര്യ, നിതിന്‍ നാരായണ്‍, നവീന്‍ എന്നിവരും ഉള്‍പ്പെട്ട സംഘം രോഗിക്ക് അടിയന്തര ചികിത്സ ആരംഭിച്ചു.
സിപിആര്‍, നിരവധി തവണ ഡിഫിബ്രിലേഷന്‍, വെന്റിലേറ്റര്‍ സഹായം, ജീവന് രക്ഷാ മരുന്ന്, രക്തക്കുഴലിലെ കട്ട അലിയിക്കുന്ന ചികിത്സ (ത്രോംബോളിസിസ്), കൂടാതെ മറ്റ് അടിയന്തര ചികിത്സകള്‍ (സ്റ്റല്ലേറ്റ് ഗാംഗ്ലിയണ്‍ ബ്ലോക്ക് ഉള്‍പ്പെടെ) നല്കി. ഇതിന്റെ ഫലമായി രോഗിയുടെ ഹൃദയമിടിപ്പും രക്തചംക്രമണവും വിജയകരമായി പുനഃസ്ഥാപിക്കാന്‍ സാധിച്ചു. ഡോ. സിബു മാത്യുവിന്റെയും സംഘത്തിന്റെയും നേതൃത്വത്തില്‍ ഹൃദയത്തിന്റെ വലതുവശത്തേക്ക് രക്തം എത്തിക്കുന്ന പ്രധാന രക്തക്കുഴലിലെ ബ്ലോക്കിൽ സ്റ്റെന്റ് സ്ഥാപിച്ച് രക്തയോട്ടം പുനഃസ്ഥാപിച്ചു. ചികിത്സയ്ക്ക് ശേഷം രോഗി പൂര്‍ണ ആരോഗ്യവാനായി കഴിഞ്ഞ ദിവസം ആശുപത്രി വിടുകയും ചെയ്തു.