National
ന്യൂഡൽഹി: സിപിഎം ആസ്ഥാനമായ ഡൽഹി എകെജി ഭവനിലെത്തി എസ്എഫ്ഐ ഡൽഹി സെക്രട്ടറിയും മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസിന്റെ നീക്കം. 2021-ൽ രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് ഈ നടപടി. ഡൽഹിയിൽ അടുത്തിടെ നടന്ന ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലും പ്രതിഷേധങ്ങളിലും ഐഷി ഘോഷ് സജീവ സാന്നിധ്യമായിരുന്നു.
അറസ്റ്റ് നീക്കത്തെക്കുറിച്ചുള്ള വിവരമറിഞ്ഞ് മുതിർന്ന സിപിഎം നേതാക്കൾ എകെജി ഭവനിലെത്തി. അറസ്റ്റിനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എത്തിയാണ് തടഞ്ഞത്. പിന്നാലെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും പോലീസിന്റെ നീക്കത്തെ അപലപിച്ച് രംഗത്തെത്തി.
യാതൊരു മുന്നറിയിപ്പുകളും ഇല്ലാതെ തികച്ചും നിയമവിരുദ്ധമായാണ് പോലീസ് എകെജി ഭവനിലേക്ക് കടന്നുകയറിയതെന്നും യൂണിഫോം ധരിക്കാതെയാണ് പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിനെത്തിയതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. നേതാക്കളുടെ ഇടപെടലിനെ തുടർന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്താതെ മടങ്ങുകയായിരുന്നു.
National
ന്യൂഡൽഹി: യുവ തലമുറയുടെ ഭാവി സുരക്ഷിതമാക്കാൻ മോദി സർക്കാർ തുടർച്ചയായി പരിഷ്കാരങ്ങൾ നടപ്പാക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ പരീക്ഷാ പരിഷ്കാരങ്ങൾക്കായി രൂപീകരിച്ച ഉന്നതതല ടാസ്ക് ഫോഴ്സ് പരീക്ഷാ സംവിധാനത്തിന്റെ പവിത്രത തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
ടാസ്ക് ഫോഴ്സ് രൂപീകരിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പങ്കുവെച്ചുകൊണ്ടായിരുന്നു അമിത് ഷാ എക്സിലൂടെ പ്രതികരിച്ചത്. ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നിലുള്ള കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചോദ്യപ്പേപ്പർ ചോർത്തുന്ന കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകും. ഭാവിയിൽ ഈ കുറ്റം ചെയ്യാൻ ആരും ധൈര്യപ്പെടാത്ത സാഹചര്യം ഉണ്ടാക്കുമെന്നും അമിത് ഷാ അറിയിച്ചു.
National
ന്യൂഡൽഹി: ഒടുവിൽ സമരക്കാർക്ക് വഴങ്ങി കേന്ദ്രസർക്കാർ. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തിൽ സമരം ശക്തമാകുന്നതിനിടെയാണ് കേന്ദ്രസർക്കാർ സമരക്കാരെ ചർച്ചയ്ക്ക് വിളിച്ചത്.
സമരക്കാർ ചർച്ചയ്ക്ക് തയാറാകണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആവശ്യപ്പെട്ടു. ചർച്ചകളിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ എന്നും ജെ.പി. നദ്ദയുടെ ഓഫീസിലോ വസതിയിലോ ചർച്ച നടത്താമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.
സമരക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ചർച്ച നടത്താമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. അതേസമയം സമരം ശക്തമായതിന് പിന്നാലെ ഡൽഹിയിൽ കേന്ദ്രസർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നുണ്ട്. കൊണാട്ട് പ്ലെയിസിലെ കെട്ടിടങ്ങൾ വൈകിട്ട് 6.30 ന് അടയ്ക്കണമെന്ന് നിർദേശമുണ്ട്.
സമരക്കാരെ നേരിടാൻ തലസ്ഥാനത്ത് 30 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. നിലവിലെ സുരക്ഷാസംവിധാനങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്തവിധം ജനക്കൂട്ടം എത്തുന്നതോടെയാണ് സേനവിന്യാസം വർധിപ്പിച്ചത്.
National
ന്യൂഡൽഹി: സമരപ്പന്തൽ തകർത്ത് ജന്തർ മന്ദറിലെ പ്രതിഷേധക്കാരെ ഒറ്റദിവസം കൊണ്ട് ഒഴിപ്പിച്ചിട്ടും സമരവേദിയിലേക്ക് വീണ്ടും ഒഴുകിയെത്തി പാറ്റക്കൂട്ടം.
തിങ്കളാഴ്ച രാത്രിയോടെ ജന്തർ മന്ദറിൽ സമരം നടത്തുകയായിരുന്ന വിവിധ സംഘടനകളുടെ സമരവേദികളും ബാനറുകളുമടക്കം പോലീസ് പൂർണമായും തല്ലിത്തകർത്തെങ്കിലും പ്രതിഷേധക്കാർ ഇന്നു രാവിലെ മുതൽ സജീവമാണ്. അടിച്ചമർത്താനുള്ള ഓരോ ശ്രമങ്ങളും അധികാരികൾ നടത്തുമ്പോൾ വീണ്ടും സമരക്കാർ വിവിധ മേഖലകളിൽനിന്ന് ജന്തർ മന്ദറിലേക്ക് ഒഴുകിയെത്തുന്നത് തുടരുന്നു.
അതിജീവിക്കാനായി പ്രത്യേകം രൂപമുള്ള പാറ്റയെന്ന ജീവിയെപ്പോലെത്തന്നെയാണ് ഡൽഹിയിൽ സമരം നടത്തുന്ന പ്രതിഷേധക്കാരും.
കനത്ത ലാത്തിച്ചാർജിനു വിധേയമായി പ്രവർത്തകരിൽ പലരെയും കസ്റ്റഡിയിലെടുത്തും കോക്രോച്ച് ജനതാ പാർട്ടിയുടെ നേതാക്കളെ സംഭവസ്ഥലത്തുനിന്ന് മാറ്റിയും ജന്തർ മന്ദറിന്റെ സമരഭൂമിയെ പോലീസ് തിങ്കളാഴ്ച പൂർണമായും ഒഴിപ്പിച്ചെങ്കിലും എവിടെനിന്നൊക്കെയോ പ്രതിഷേധക്കാർ വീണ്ടും ജന്തർ മന്ദറിന്റെ ബാരിക്കേഡുകൾക്കടുത്തേക്ക് സ്വയം ഒഴുകിയെത്തി.
ഒരു നേതൃത്വവും ആവശ്യപ്പെടാതെ, ഒരു സംഘടനയുടെയോ പാർട്ടിയുടെയോ ബാനറുകളും കൈയിലേന്താത്ത സാധാരണക്കാരായിരുന്നു തിങ്കളാഴ്ച രാത്രിയോടെ രാത്രി ഒത്തുകൂടിയത്.
ആദ്യം അൻപതും പിന്നീടും നൂറായും വളർന്ന ഈ കൂട്ടമാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം അണയാതെ കാത്തത്. ബാരിക്കേഡുകൾ ഇവർക്ക് പ്രതിരോധം തീർത്തെങ്കിലും സമരഭൂമിക്കടുത്ത് കുത്തിയിരുന്ന് രാത്രിയിലും പ്രതിഷേധം ശക്തമാക്കുകയായിരുന്നു.
ഇന്ന് രാവിലെയോടെ ജന്തർ മന്ദറിലേക്ക് വിദ്യാർഥികളും യുവാക്കളും വീണ്ടുമെത്തി കോക്രോച്ച് ജനതാ പാർട്ടിയുടെ അനിശ്ചിതകാല പ്രതിഷേധത്തിനു 32-ാം ദിവസവും തുടർച്ച നൽകുകയാണ്.
ഇന്നും അഞ്ഞൂറിലധികം വിദ്യാർഥികളും യുവാക്കളുമാണ് സമരഭൂമിയിൽ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്. സമരസ്ഥലത്തെ തകർന്ന വേദിയിൽ കുത്തിയിരുന്നു കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ പ്രതിഷേധം ഇനിയും തുടരുമെന്ന് ആവർത്തിച്ചിട്ടുണ്ട്.
അതിനിടെ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന ബിഎൻഎസ്എസ് വകുപ്പ് 163 ഇപ്പോഴും നിലവിലുണ്ടെന്നും ആളുകൾ കൂട്ടംകൂടരുതെന്നും ഡൽഹി പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു പ്രതിഷേധ റാലി പാർലമെന്റിലേക്കുണ്ടാകാതെ ഇരിക്കാനുള്ള സകല നടപടികളും പോലീസെടുത്തിട്ടുണ്ട്.
ജന്തർ മന്ദറിനു ചുറ്റും ബോംബ് സ്ക്വാഡുകളെയും കേന്ദ്ര സേനയെയും വിന്യസിച്ച് അക്രമസാധ്യത നിർവീര്യമാക്കുകയാണ് അധികൃതർ ശ്രമിക്കുന്നത്. ന്യൂഡൽഹി, സെൻട്രൽ, നോർത്ത്, സൗത്ത്, സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് ജില്ലകളിലും മറ്റ് സുരക്ഷാഭീഷണിയുള്ള പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി.
പ്രധാന സ്ഥലങ്ങളിൽ അധികാരികൾ ബാരിക്കേഡുകൾ സ്ഥാപിക്കുകയും, വാഹന പരിശോധന കർശനമാക്കുകയും, നഗരം മുഴുവൻ പട്രോളിംഗ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
National
ന്യൂഡൽഹി: സിജെപി നടത്തിയ പാർലമെന്റ് മാർച്ച് രാജ്യ തലസ്ഥാനത്തെ സംഘർഷഭരിതമാക്കിയതിന് പിന്നാലെ പ്രതിരോധത്തിലായി കേന്ദ്രസർക്കാർ. പ്രതിഷേധക്കാരുമായി ചർച്ചകൾക്ക് തയാറാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായി കോക്രോച്ച് ജനതാ പാർട്ടി വക്താവ് അറിയിച്ചു.
കേന്ദ്ര മന്ത്രി ജെ.പി.നഡ്ഡ ചർച്ചകൾക്കു വിളിച്ചതായാണ് സിജെപി വൃത്തങ്ങൾ അറിയിക്കുന്നത്. സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരടങ്ങുന്ന സിജെപി സംഘം ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ കാണുമെന്നാണ് റിപ്പോർട്ടുകൾ.
പാർലമെന്റ് മാർച്ച് അക്രമാസക്തമായതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യം കൂടുതൽ ശക്തമായതിന് പിന്നാലെ ആയിരുന്നു കൂടിക്കാഴ്ച.
സിജെപിയുടെ ചലോ സൻസദ് മാർച്ച് പോലീസ് തടഞ്ഞതോടെയാണ് ജന്തർ മന്തർ യുദ്ധക്കളമായി മാറിയത്. ബാരിക്കേഡ് മറികടന്ന പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിവീശി. തുടർന്ന് കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.
മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ അടച്ചിട്ടാണ് പോലീസ് സുരക്ഷ ഒരുക്കിയത്. പോലീസിന് പുറമേ 25 ബറ്റാലിയൻ കേന്ദ്രസേനയേയും പ്രതിഷേധം അടിച്ചമർത്താൻ നിയോഗിച്ചിരുന്നു. പ്രതിഷേധം കനത്തതോടെ ഡൽഹിയുടെ വിവിധ മേഖലകളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്നിരുന്ന പ്രമുഖ പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാംഗ്ചുക്കിനെ ഡൽഹി പോലീസ് സമരപ്പന്തലിൽ നിന്ന് മാറ്റി.
നിരാഹാര സമരം 21-ാം ദിവസത്തിലേക്ക് കടന്ന ഇന്ന് പുലർച്ചെയോടെയാണ് നാടകീയ നീക്കങ്ങൾ നടന്നത്. സമരവേദിയിലേക്ക് ഇരച്ചെത്തിയ പോലീസ് സോനം വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്യുകയും സമരക്കാരോട് ജന്തര്‍ മന്ദര്‍ ഒഴിയാന്‍ ആവശ്യപ്പെടുകയുമായിരുന്നു. നിലവിൽ അദ്ദേഹത്തെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പുലർച്ചെ വൻ പോലീസ് സന്നാഹം സമരപ്പന്തലിൽ എത്തുകയും വാംഗ്ചുക്കിനെ നിർബന്ധിതമായി മാറ്റാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനെതിരെ "കോക്രോച്ച് ജനതാ പാർട്ടി' പ്രവർത്തകരും മറ്റ് പ്രതിഷേധക്കാരും ശക്തമായി രംഗത്തെത്തിയതോടെ പ്രദേശത്ത് വലിയ രീതിയിൽ വാക്കുതർക്കവും സംഘർഷവുമുണ്ടായി.
വാംഗ്ചുക്കിനെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് തടങ്കലിൽ വച്ചിരിക്കുകയാണെന്നും സമരത്തിന് നേതൃത്വം നൽകുന്ന സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്നും സിജെപി ഭാരവാഹികൾ ആരോപിച്ചു.
എന്നാൽ വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്തതല്ലെന്നും അദ്ദേഹത്തിന്റെ വഷളായിക്കൊണ്ടിരിക്കുന്ന ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ഡൽഹി പോലീസ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
കോടതി നിർദേശം നടപ്പാക്കുന്നതിനിടെ പ്രതിഷേധക്കാർ തടസം സൃഷ്ടിക്കാൻ ശ്രമിച്ചതാണ് ചെറിയ തോതിലുള്ള സംഘർഷത്തിന് കാരണമായതെന്നും ജന്തർ മന്ദറിലുള്ള പ്രതിഷേധക്കാർ എത്രയും വേഗം പ്രദേശം സമാധാനപരമായി ഒഴിഞ്ഞുതരണമെന്നും പോലീസ് ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ഡൽഹിയിൽ മലയാളി വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം സ്വദേശി അഫിയ അയൂബിനെയാണ് കാണാതായത്. ജാമിയ മിലിയ സർവകലാശാലയിലെ എംഎ ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയാണ്.
ചൊവ്വാഴ്ച രാത്രി 11:30ഓടെ ഓഖ്ലയിൽ നിന്നാണ് അഫിയ അയൂബിനെ കാണാതായത്. അഫിയ ഫോൺ മുറിയിൽ വച്ചാണ് പോയതെന്ന് പോലീസ് പറയുന്നു. മരുന്ന് വാങ്ങാൻ പോയതാണെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും പരാതിയിൽ പറയുന്നു.
National
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളജുകൾക്ക് അന്ത്യശാസനവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ. കേന്ദ്ര നെറ്റ്വർക്കുമായി സിസിടിവികൾ ബന്ധിപ്പിക്കാൻ ഇനിയും ബാക്കിയുള്ള മെഡിക്കൽ കോളജുകൾ ഉടൻ പൂർത്തിയാക്കണമെന്നാണ് നിർദേശം.
രാജ്യത്തെ 70 മെഡിക്കൽ കോളജുകൾക്കാണ് ഇതുസംബന്ധിച്ച് നാഷണൽ മെഡിക്കൽ കമ്മീഷൻ കർശന നിർദേശം നൽകിയിരിക്കുന്നത്. സിസിടിവി സംവിധാനങ്ങൾ നാഷണൽ മെഡിക്കൽ കമ്മീഷന്റെ കേന്ദ്രീകൃത നിരീക്ഷണ ശൃംഖലയുമായി അടിയന്തരമായി ബന്ധിപ്പിക്കണമെന്നാണ് നിർദേശം.
നിർദേശം ലംഘിക്കുന്ന മെഡിക്കൽ കോളജുകൾക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷന്റെ മുന്നറിയിപ്പുണ്ട്. ആലപ്പുഴയിലെ ടി.ഡി. മെഡിക്കൽ കോളജും , കാസർഗോഡ് ഗവൺമെന്റ് മെഡിക്കൽ കോളജും പട്ടികയിലുണ്ട്.
Kerala
തിരുവനന്തപുരം: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ മേയർ വി.വി.രാജേഷും ബിജെപി കൗൺസിലർമാരും തിങ്കളാഴ്ച ഡൽഹിയിലെത്തും. നഗരത്തിന്റെ പ്രാഥമിക വികസന രേഖ ഇതിനോടകം തന്നെ പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
വാർഡ് സഭകൾ പൂർത്തിയാകുന്നതോടെ കൂടുതൽ വിശദമായ വികസന രേഖ സമർപ്പിക്കുമെന്നും മേയർ അറിയിച്ചു. സ്മാർട്ട് സിറ്റി പദ്ധതികളുടെ പുരോഗതിയും പുതിയ അടിസ്ഥാന സൗകര്യ വികസന ആവശ്യങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.
തെരുവുനായ്ക്കളെ പാർപ്പിക്കുന്നതിനുള്ള ഷെൽട്ടർ ഹോമുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രവർത്തനം ആരംഭിക്കും. ഇതിനാവശ്യമായ സജ്ജീകരണങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വി.വി.രാജേഷ് വ്യക്തമാക്കി.
Business
കൊച്ചി: എയര്‍ ഇന്ത്യയുടെ ഫ്ളാഗ്ഷിപ്പ് ലോഞ്ചായ മഹാരാജ ലോഞ്ച് ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ ആരംഭിച്ചു.
ഫെബ്രുവരി 16 മുതല്‍ ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കും ഗോള്‍ഡ്, പ്ലാറ്റിനം മഹാരാജ ക്ലബ് അംഗങ്ങള്‍ക്കും സ്റ്റാര്‍ അലയന്‍സ് അംഗങ്ങള്‍ക്കും ഘട്ടംഘട്ടമായി ലോഞ്ച് തുറന്നു നല്‍കും.
യാത്രക്കാര്‍ക്ക് പ്രീമിയം സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ഈ ലോഞ്ചില്‍ ഒരേസമയം 300 പേരെ വരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. 16,000 ചതുരശ്ര അടിയാണ് വിസ്തൃതി.
Viral
ന്യൂയോർക്കിന്റെ അടയാളമായി ലോകം വാഴ്ത്തുന്ന ടൈംസ് സ്ക്വയറിൽ അപ്രതീക്ഷിതമായി ഇന്ത്യൻ ചന്തയുടെ പ്രതീതി ദർശിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ശ്രദ്ധിക്കപ്പെടുന്നു.
ആഗോള പ്രശസ്തമായ ഈ നഗരവീഥിയിലെ ബഹളങ്ങൾക്കിടയിൽ, ഡൽഹിയിലെ തിരക്കേറിയ തെരുവുകളെ ഓർമ്മിപ്പിക്കുന്ന വഴിയോര കച്ചവടത്തിന്റെ കാഴ്ചകളാണ് ഷീന ദലാൽ ബിസ്ല എന്ന യുവതിയും സുഹൃത്തും ക്യാമറയിൽ പകർത്തിയത്.
ശൈത്യകാല വസ്ത്രങ്ങൾ തൂക്കിയിട്ട റാക്കുകളും കളിപ്പാട്ടങ്ങളും തൊപ്പികളും നിരത്തിയ തട്ടുകടകളും നിറഞ്ഞ ടൈംസ് സ്ക്വയറിലെ നടപ്പാതകൾ കണ്ടാൽ അത് ഡൽഹിയിലെ പാലിക ബസാറോ ചാന്ദ്നി ചൗക്കോ ആണെന്ന് ആരും സംശയിച്ചുപോകും.
നഗരമധ്യത്തിലെ ഈ കച്ചവട തിരക്കിനെ 'ഇന്ത്യൻ വൈബ് ലോകം കീഴടക്കുന്നു' എന്ന രസകരമായ അടിക്കുറിപ്പോടെയാണ് ഷീന പങ്കുവെച്ചത്.
ലോകത്തിലെ ഏറ്റവും ആഡംബരപൂർണമായ സ്ഥലങ്ങളിൽ ഒന്നാണെങ്കിലും, ഉപജീവനത്തിനായി നടത്തുന്ന സാധാരണക്കാരന്റെ കഠിനാധ്വാനവും തെരുവോര വാണിജ്യവും എല്ലായിടത്തും ഒരുപോലെയാണെന്ന് ഈ വീഡിയോ അടിവരയിടുന്നു.
ആകാശമുട്ടെയുള്ള കെട്ടിടങ്ങൾ മാറ്റിനിർത്തിയാൽ ശൈത്യകാലത്തെ ഒരു ഇന്ത്യൻ മാർക്കറ്റിന് സമാനമാണ് ഈ ദൃശ്യങ്ങളെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.
അതിരുകളില്ലാത്ത കച്ചവട സംസ്കാരത്തിന്റെ ഈ സമാനതകൾ പ്രവാസികൾക്കിടയിലും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
National
ന്യൂഡൽഹി: പാർലമെന്റ് ശൈത്യകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഡിസംബർ 19 വരെ നീളുന്ന സമ്മേളനം സമീപകാലത്തെ ഏറ്റവും ചെറിയ കാലയളവിലുള്ള സമ്മേളനമായിരിക്കും.
13 ബില്ലുകളാണ് ഈ സമ്മേളനകാലത്ത് സർക്കാർ അവതരിപ്പിക്കുക. ഡൽഹി സ്ഫോടനം, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം, വായു മലിനീകരണം, പുതിയ ലേബർ കോഡ് തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെടും.
സമ്മേളനത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേകം ചർച്ച നടത്തുമെന്നും സർക്കാർ അറിയിച്ചു.
National
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ പ്രധാനമന്ത്രിയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
പാർട്ടി ആസ്ഥാനത്ത് ഒരുക്കിയ ആഘോഷ പരിപാടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയെത്തിയത്. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകരും നേതാക്കന്മാരും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രവർത്തകരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി ഇവരോട് ഉടൻ സംസാരിക്കും.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ് ഉൾപ്പടെയുള്ളവർ ദീൻ ദയാൽ ഉപാധ്യായ മാർഗിലെ പാർട്ടി ആസ്ഥാനത്തെത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി വിട്ട് കോൺഗ്രസ് നേതാവ്. കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് ആണ് രാജിവച്ചത്. നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് പാർട്ടി വിടാൻ കാരണമെന്ന് രാജിക്കത്തിൽ പറയുന്നു.
ഷക്കീൽ അഹമ്മദ് മുൻ എംപിയും 5 തവണ എംഎൽഎയുമായിരുന്നു. കോൺഗ്രസിന്റെ ദേശീയ വക്താവായും പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ മറ്റു പാർട്ടിയിൽ ചേരില്ലെന്നും അന്ത്യം വരെ കോൺഗ്രസ് ആശയങ്ങളിൽ അടിയുറച്ചു നിൽക്കുമെന്നും അഹമ്മദ് വ്യക്തമാക്കി.
National
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് കാരണമായ കാറിന്റെ ഉടമ പുൽവാമ സ്വദേശിയെന്ന് റിപ്പോർട്ടുകൾ. ജമ്മു കശ്മീരിലെ പുൽവാമ സ്വദേശി താരിഖ് എന്ന വ്യക്തിയാണ് കാറിന്റെ നിലവിലെ ഉടമയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സ്ഫോടനത്തിന് പിന്നാലെ കാറിന്റെ ആദ്യ ഉടമ മുഹമ്മദ് സൽമാനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇയാൾ വാഹനം ദേവേന്ദർ എന്ന വ്യക്തിക്ക് വിറ്റതായി മൊഴി നൽകി.
സാന്പത്തിക പ്രശ്നങ്ങളെ തുടർന്ന് വാഹനം വിറ്റെന്നായിരുന്നു സൽമാന്റെ ഭാര്യ ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. സൽമാനിൽ നിന്ന് കാർ വാങ്ങിയ ദേവേന്ദറിനെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു.
കാർ മറ്റൊരാൾക്ക് വിറ്റെന്നായിരുന്നു ദേവേന്ദറിന്റെ വിശദീകരണം. കാറിന്റെ ആദ്യ ഉടമ സൽമാനെ വിട്ടയച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സൽമാനെ ഡൽഹി പോലീസിന് കൈമാറിയെന്ന് ഹരിയാന പോലീസ് അറിയിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ഉഗ്ര സ്ഫോടനത്തെ തുടർന്ന് 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത.
ജനങ്ങൾ സമാധാനം പാലിക്കണമെന്നും അഭ്യൂഹങ്ങൾ ഒഴിവാക്കണമെന്നും രേഖ ഗുപ്ത എക്സിൽ പങ്കുവച്ച കുറിപ്പിലൂടെ അഭ്യർത്ഥിച്ചു. സർക്കാരും പോലീസും നൽകുന്ന വിവരങ്ങൾ മാത്രമേ പരിഗണിക്കാവൂയെന്നും രേഖഗുപ്ത അറിയിച്ചു.
ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് തിങ്കളാഴ്ച സ്ഫോടനം നടന്നത്. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന് സമീപമായിരുന്നു സ്ഫോടനം. വൈകുന്നേരം ഏഴ് മണിയോടെയാണ് സ്ഫോടനം നടന്നത്.
National
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്ത് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാറിന്റെ മുൻ ഉടമയെ വിട്ടയച്ചതായി റിപ്പോർട്ടുകൾ. പൊട്ടിത്തെറിച്ച ഐ20 കാറിന്റെ ഉടമയെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്.
ഹരിയാനയിൽ നിന്നുള്ള മുഹമ്മദ് സൽമാനെ ആയിരുന്നു കസ്റ്റഡിയിലെടുത്തിരുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ ദേവേന്ദ്ര എന്ന വ്യക്തിക്ക് വാഹനം വിറ്റിരുന്നതായി കണ്ടെത്തി. ഇതിന്റെ രേഖകൾ സൽമാൻ അന്വേഷണ സംഘത്തിന് കൈമാറി.
ഓഖല സ്വദേശിയായ ദേവേന്ദ്രക്കാണ് കാർ വിറ്റത്. ഉഗ്ര സ്ഫോടനത്തിൽ 13 പേർക്ക് ജീവൻ നഷ്ടമാകുകയും 30ലേറെ പേർക്ക് പരിക്കേറ്റതായുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
National
ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. നവംബർ 6 ന് ആരംഭിച്ച സാങ്കേതിക തകരാറാണ് പരിഹരിക്കപ്പെട്ടിരിക്കുന്നത്.
എയർ ട്രാഫിക് കണ്ട്രോൾ ഡാറ്റ കൈകാര്യം ചെയ്യുന്ന ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റത്തിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയിരുന്നത്. ഇതേ തുടർന്ന് ഒരു ദിവസത്തിലേറെയായി പ്രതിസന്ധി നിലനിന്നിരുന്നു.
ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെയും എഎഐയിലെയും ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം സിസ്റ്റത്തിന്റെ പ്രവർത്തനക്ഷമത നിരീക്ഷിക്കുന്നതിനായി വിമാനത്താവളത്തിൽ തുടരുകയാണെന്ന് പിഐബി വ്യക്തമാക്കി.
വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും ഉണ്ടായ ബുദ്ധിമുട്ടിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായത് കുട്ടികളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്ന് വാരിയർ മോംസ് കൂട്ടായ്മ. ശുദ്ധവായുവിനായുള്ള പോരാട്ടത്തിനായി രൂപം കൊണ്ട അമ്മമാരുടെ സംഘടനയാണ് വാരിയർ മോംസ്.
വായുമലിനീകരണം സംബന്ധിച്ച് 48 മണിക്കൂറിനുള്ളിൽ പൊതുജനാരോഗ്യ മുന്നറിയിപ്പ് പുറപ്പെടുവിക്കണമെന്നും നഗരവാസികൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് സംഘടന ആരോഗ്യ മന്ത്രാലയത്തിനു കത്ത് നൽകി.
കുട്ടികൾ ചുമച്ചുകൊണ്ടാണ് ഓരോ ദിവസവും ഉണരുന്നതെന്നും ആസ്മ കാരണം അവർക്ക് സ്കൂളിൽ പോകാൻ കഴിയുന്നില്ലെന്നും അവർ ശ്വസിക്കുന്ന വായു വിഷമയമാണെന്നും ആരോഗ്യമന്ത്രാലയത്തിനു നൽകിയ കത്തിൽ വാരിയർ മോംസ് പറയുന്നു.
അതേസമയം കൃത്രിമ മഴ പെയ്യിക്കുന്നതു സംബന്ധിച്ച് വിവാദങ്ങൾ കൊഴുക്കുന്നതിനിടയിൽ ഡൽഹിയിലെ വായുഗുണനിലവാര സൂചിക (എക്യുഐ) ഗുരുതരാവസ്ഥയിൽ തുടരുകയാണ്.