Kerala
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാർഥികളായി 75 വയസ് കഴിഞ്ഞവർ മത്സരിക്കണോ എന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. സ്ഥാനാർഥി നിർണയത്തിൽ പ്രായപരിധി നിബന്ധന ഇത്തവണ ഏർപ്പെടുത്തുന്നു ണ്ടോയെന്നും 75 കഴിഞ്ഞവരെ സ്ഥാനാർഥി പ്പട്ടികയിൽ ഉൾപ്പെടുത്തണോയെന്ന കാര്യത്തിൽ തീരുമാനമെടുത്ത് അറിയിക്കണമെന്നും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനോട് അഭ്യർഥിച്ചു.75 വയസ് കഴിഞ്ഞ ജയസാധ്യതയുള്ളവർക്ക് പ്രായപരിധിയിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യവുമുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു കോണ്‍ഗ്രസിനുവേണ്ടി തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന കനഗോലു സംഘവും മണ്ഡലം പിടിച്ചെടുക്കാനോ നിലനിർത്താനോ ആവശ്യമുള്ളവരൊഴികെ 75 വയസ് കഴിഞ്ഞവരെ സ്ഥാനാർഥിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന നിർദേശം മുന്നോട്ടു വച്ചിരുന്നു. കനഗോലു സംഘത്തിന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന നേതൃത്വം ഇക്കാര്യം ഹൈക്കമാൻഡിനോട് അഭ്യർഥിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 70 വയസ് പ്രായപരിധി നിബന്ധന കർക്കശമാക്കിയിരുന്നു. അതിനുമുകളിൽ ജയസാധ്യതയുള്ള മുതിർന്ന നേതാക്കൾക്കു മാത്രമാണ് ഇളവനുവദിച്ചത്. ഇത്തവണയും പ്രായപരിധിയിലെ ആശയക്കുഴപ്പം ഒഴിവാക്കണമെന്നാണ് ആവശ്യം.
ഓരോ മണ്ഡലത്തിലും മൂന്നോ നാലോ പേരടങ്ങിയ ജയസാധ്യതയുള്ളവരുടെ സ്ഥാനാർഥിപ്പട്ടിക തയാറാക്കിയിരുന്നു. ജില്ലാ-മണ്ഡലം തലത്തിലെ നേതാക്കളുമായി സംസ്ഥാന നേതൃത്വം നടത്തിയ കൂടിക്കാഴ്ചകളുടെയും വിവിധ സർവേ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലായിരുന്നു പട്ടിക തയാറാക്കിയത്. ഇതിനെ വീണ്ടും ചുരുക്കി സമർപ്പിക്കാനുള്ള സർവേകളാണ് ഇപ്പോൾ നടന്നുവരുന്നത്.
ഒരു മണ്ഡലത്തിലും പരമാവധി രണ്ടോ മൂന്നോ പേരുടെ പേരുകൾ മാത്രമാകും സംസ്ഥാന നേതൃത്വം കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിക്കു കൈമാറുക. ഇതിനായി കനഗോലു സംഘത്തിന്റെ അന്തിമസർവേയും നടന്നുവരുന്നു.
ഇതിനിടെയാണ് പ്രായപരിധി ടി മാനദണ്ഡമാക്കുന്നുണ്ടോയെന്ന ചോദ്യം ഉയർന്നത്. 75 വയസ് പ്രായപരിധി കർക്കശമാക്കിയാൽ പല മണ്ഡലങ്ങളിലും തയാറാക്കിയ സ്ഥാനാർഥിപ്പട്ടികയിൽ കുറവു വരും.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തുകളിലേക്കും കോർപറേഷൻ- മുൻസിപ്പാലിറ്റികളിലേക്കും യുവ സ്ഥാനാർഥികളെ പരീക്ഷിച്ചപ്പോൾ വലിയ വിജയമായിരുന്നു നേടിയത്. ഈ മാതൃകകൂടി പിന്തുടരുന്നത് നിയമസഭാ തെരഞ്ഞെടുപ്പിലും വിജയസാധ്യത ഉയർത്തുമെന്ന അഭിപ്രായവുമുണ്ട്. അടുത്തയാഴ്ച ആദ്യം ഡൽഹിയിൽ സ്ഥാനാർഥിനിർണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേരുന്നുണ്ട്.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളാതെ പ്രേംകുമാര്‍. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോടും സംസാരിക്കുകയായിരുന്നു പ്രേംകുമാര്‍. നാളെ എന്തു സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ല. നിലവില്‍ ആരുമായും ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഇപ്പോള്‍ പ്രചരിക്കുന്നത് വാര്‍ത്തകള്‍ മാത്രമാണ്.
ചലച്ചിത്ര അക്കാദമിയില്‍ നിന്നും എന്നെ മാറ്റേണ്ടത് മാന്യമായ രീതിയിലായിരുന്നു. അല്ലാതെ മാധ്യമങ്ങളിലൂടെയല്ല ഞാന്‍ അറിയേണ്ടത്. ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. സാഹിത്യ അക്കാദമി ചെയര്മാന് സച്ചിദാനന്ദന് തുടര്‍ഭരണത്തിന്റെ അപകടത്തെക്കുറിച്ചു പറഞ്ഞു. എന്നാല്‍ രണ്ടു പേര്‍ക്കും രണ്ടു നീതിയാണ് ലഭിച്ചത്. എനിക്ക് ഒരു പാര്‍ട്ടിയിലും അംഗത്വമില്ല. എന്റെ രാഷ് ട്രീയ സാഹചര്യം എല്ലാവര്ക്കും അറിയാവുന്നതാണ്.
എന്നെ സര്‍ക്കാര്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കാന്‍ കഴിഞ്ഞെന്നും എന്നാല്‍ പറഞ്ഞുവിടേണ്ടതിന് ഒരു മര്യാദയുണ്ടായിരുന്നെന്നും പ്രേംകുമാര്‍ പറഞ്ഞു.
Kerala
കേരള രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളുടെ കേന്ദ്രബിന്ദുവായി പത്തനംതിട്ട മാറിയിട്ടു നാളുകളായി. ശബരിമല സ്വർണക്കൊള്ള ഇപ്പോഴും പച്ചപിടിച്ചു നിൽക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് അധികനാൾ ഇല്ലെന്നിരിക്കേ ശബരിമല യുവതീപ്രവേശന വിഷയവും ഇപ്പോൾ ചർച്ചകളിലേക്കു വരുന്നു. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ല എന്തായാലും ഈ വിഷയങ്ങളെല്ലാം പൊതുചർച്ചകളിലേക്ക് തള്ളിവിടും.
രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്വന്തം നാടെന്ന നിലയിൽ ആ വിവാദത്തിനും പത്തനംതിട്ട ബന്ധം വേണ്ടുവോളമുണ്ട്. മലയോരവും അപ്പർകുട്ടനാടും ഉൾപ്പെടുന്ന ജില്ലയിൽ കാർഷിക പ്രശ്നങ്ങളടക്കം ചർച്ച ചെയ്യപ്പെടും. വികസനരംഗത്ത് കഴിഞ്ഞ പത്തുവർഷത്തിനിടെ ഉണ്ടായ നേട്ടങ്ങൾ ഭരണപക്ഷത്തിന് എടുത്തുകാട്ടാനുണ്ടാകും. എന്നാൽ, ഇവയെ പ്രതിരോധിച്ച് പ്രതിപക്ഷവും രംഗത്തിറങ്ങിക്കഴിഞ്ഞു.
അടച്ചുപൂട്ടപ്പെട്ട വീടുകളും, വാർധക്യത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന അച്ഛനമ്മമാരും കേരളത്തിൽ ഏറ്റവും കൂടുതലുള്ള ജില്ല കൂടിയാണ് പത്തനംതിട്ട. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ കാര്യത്തിൽ പത്തനംതിട്ട മുന്നിലാണ്. ഏറ്റവുമൊടുവിൽ നടന്ന സെൻസസിൽ ജനനനിരക്ക് മൈനസ് രേഖപ്പെടുത്തിയതും പത്തനംതിട്ടയിലാണ്. ഓരോ വോട്ടർപട്ടികയിലും പത്തനംതിട്ടയിൽ വോട്ടർമാരുടെ എണ്ണം കുറയുകയാണ്.
തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ പൂർത്തീകരിച്ചപ്പോഴും ഒരു ലക്ഷത്തോളം വോട്ടർമാരുടെ കുറവുണ്ടായേക്കും. 10,47,976 വോട്ടർമാരിൽനിന്ന് 9,49,632 ആയിട്ടാണ് കുറവുള്ളത്. ഇതിൽതന്നെ ഹിയറിംഗ് അടക്കം പൂർത്തീകരിച്ച് അന്തിമ പട്ടിക വരുന്പോൾ പിന്നെയും കുറവുണ്ടാകാം.
പോളിംഗ് ശതമാനത്തിലും ഓരോ തെരഞ്ഞെടുപ്പ് കഴിയുന്പോഴും കുറവാണ് കണ്ടുവരുന്നത്. 70 ശതമാനം പോളിംഗ് പോലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായില്ല. മരിച്ചുപോയവരെയും സ്ഥലത്തില്ലാത്തവരെയും ഒഴിവാക്കി പട്ടിക പരിഷ്കരിക്കുന്പോൾ പോളിംഗ് ശതമാനം ഇനി ഉയർന്നേക്കാം.
2009ൽ മണ്ഡല പുനർവിഭജനം നടന്നപ്പോൾ പത്തനംതിട്ടയിലെ രണ്ട് മണ്ഡലങ്ങൾ പൂർണമായും ഒരെണ്ണം ഭാഗികമായും ഇല്ലാതായി. മുന്‍പ് എട്ട് എംഎൽഎമാർ ജില്ലയിൽ ഉണ്ടായിരുന്നെങ്കിൽ ഇന്നിപ്പോൾ അഞ്ചായി.
മണ്ഡല വിഭജനത്തിനു മുന്‍പ് യുഡിഎഫ് കോട്ടയെന്നു വിശേഷണമുണ്ടായിരുന്ന പത്തനംതിട്ട 2011 മുതൽ ചുവടുമാറ്റിത്തുടങ്ങി. 2021ലെ തെരഞ്ഞെടുപ്പിലാകട്ടെ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ച് എൽഎഫ് ചരിത്രനേട്ടമുണ്ടാക്കി. എന്നാൽ, 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലും യുഡിഎഫിനായിരുന്നു വിജയം. പത്തനംതിട്ടയിൽ തിരിച്ചുവരവിനു കളമൊരുങ്ങിയെന്നാണ് യുഡിഎഫ് നേതാക്കളുടെ അവകാശവാദം.
അതേസമയം, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പു ഫലം ആവർത്തിക്കുമെന്നു തന്നെയാണ് എൽഡിഎഫ് പ്രതീക്ഷ. കോന്നിയും ആറന്മുളയും എൻഡിഎയുടെ സാധ്യതാപട്ടികയിലുള്ളതാണ്. തിരുവല്ലയ്ക്ക് ഇത്തവണ പ്രത്യേക ശ്രദ്ധയും നൽകുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എൻഡിഎ നേടിയ വോട്ടുകൾ ഏറെ ബാധിച്ചത് യുഡിഎഫിനെ ആയിരുന്നു.
സിറ്റിംഗ് എംഎൽഎമാർ മത്സരിച്ചേക്കും
ടേം നോക്കാതെ സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കാൻ എൽഡിഎഫിലെ ഘടകകക്ഷികൾ തീരുമാനിച്ചാൽ പത്തനംതിട്ടയിൽ നിലവിലെ അഞ്ചു പേർക്കും നറുക്കു വീഴാനാണ് സാധ്യത. ആറന്മുളയിലെ എംഎൽഎ കൂടിയായ മന്ത്രി വീണാ ജോർജ് രണ്ട് ടേം പൂർത്തീകരിച്ചു. രണ്ട് ടേം കഴിഞ്ഞവരെ 2021ൽ സിപിഎം മാറ്റിനിർത്തിയിരുന്നു. കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാറും (സിപിഎം) രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ആദ്യവിജയം ഉപതെരഞ്ഞെടുപ്പിലൂടെയായതിനാൽ രണ്ട് ടേം എന്നത് ജനീഷിനു ബാധമാകില്ല. വിജയസാധ്യതകൂടി പരിഗണിച്ച് രണ്ടുപേരെയും സിപിഎം മത്സരരംഗത്ത് നിലനിർത്തുമെന്നാണ് കരുതുന്നത്.
സിപിഐ പ്രതിനിധി അടൂർ എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ 2011 മുതൽ എംഎൽഎയാണ്. മൂന്ന് ടേം പൂർത്തീകരിച്ച ചിറ്റയം ഗോപകുമാർ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമാണ്. സംഘടന ചുമതലയിലേക്ക് മാറിയതിനാൽ ചിറ്റയം ഗോപകുമാർ ഒഴിവാകുമെന്ന് സൂചനയുണ്ട്. എന്നാൽ വിജയസാധ്യത കണക്കിലെടുത്ത് ചിറ്റയത്തത്തന്നെ വീണ്ടും അടൂരിൽ രംഗത്തിറക്കാനും ഒരുവിഭാഗം ശ്രമിക്കുന്നുണ്ട്.
സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് 2006 മുതൽ പ്രതിനിധീകരിക്കുന്ന തിരുവല്ല മണ്ഡലത്തിൽ ഇത്തവണയും അദ്ദേഹം തന്നെയാകും എൽഡിഎഫ് സ്ഥാനാർഥി. കേരള കോൺഗ്രസ് എമ്മില പ്രമോദ് നാരായൺ റാന്നി മണ്ഡലത്തിൽ രണ്ടാം ഊഴത്തിനുള്ള തയാറെടുപ്പിലാണ്.
2021ൽ എൽഡിഎഫ് തരംഗം
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായത് അപ്രതീക്ഷിത പരാജയമായിരുന്നു. ഒരു സീറ്റു പോലും ലഭിച്ചില്ല. യുഡിഎഫിൽ നാലിടത്ത് കോൺഗ്രസും ഒരിടത്ത് കേരള കോൺഗ്രസുമാണ് മത്സരിച്ചത്.
2016ൽ നേടിയതിനേക്കാൾ വൻ നേട്ടമാണ് പലയിടത്തും എൽഡിഎഫിനുണ്ടായത്. ആറന്മുളയിൽ സിപിഎമ്മിലെ വീണാ ജോർജ് കോൺഗ്രസിലെ കെ. ശിവദാസൻ നായരെ തോല്പിച്ചത് 20,748 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. തിരുവല്ലയിൽ ജനതാദളിലെ മാത്യു ടി. തോമസ്, കേരള കോൺഗ്രസിലെ കുഞ്ഞുകോശി പോളിനെ 11,421 വോട്ടിനു തോല്പിച്ചു. കോന്നിയിൽ സിപിഎമ്മിലെ കെ.യു. ജനീഷ് കുമാറിന്റെ ഭൂരിപക്ഷം 8508 വോട്ടായിരുന്നു. കോൺഗ്രസിലെ റോബിൻ പീറ്ററായിരുന്നു എതിരാളി. അടൂരിൽ സിപിഐയിലെ ചിറ്റയം ഗോപകുമാർ കോൺഗ്രസിലെ എം.ജി. കണ്ണനെതിരേ 2919 വോട്ടിന്റെ ലീഡ് നേടി. റാന്നിയിൽ കേരള കോൺഗ്രസിലെ പ്രമോദ് നാരായൺ കോൺഗ്രസിലെ റിങ്കു ചെറിയാനെ തോൽപ്പിച്ചത് 1285 വോട്ടുകൾക്കാണ്.
2016ൽ കോന്നി ഒഴികെയുള്ള നാല് സീറ്റുകളിലും എൽഡിഎഫാണ് ജയിച്ചത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽനിന്ന് കോന്നി എംഎൽഎ അടൂർ പ്രകാശ് വിജയിച്ചതോട കോന്നിയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നു. ഉപതെരഞ്ഞെടുപ്പിലൂടെ കോന്നിയും എൽഡിഎഫ് സ്വന്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തിരിച്ചടിച്ചു
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഉൾപ്പെടുന്ന അസംബ്ലി മണ്ഡലങ്ങളിൽ എല്ലാം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്കായിരുന്നു ലീഡ്. എൽഡിഎഫ് എംഎൽഎമാരുടെ പിൻബലത്തിൽകൂടി മത്സരിക്കാനിറങ്ങിയ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഡോ. തോമസ് ഐസക്കിന് എല്ലായിടത്തും കാലിടറി. തിരുവല്ല - 11,530, റാന്നി - 9597, ആറന്മുള - 14,687, കോന്നി - 2579, അടൂർ - 2266 എന്നിങ്ങനെയായിരുന്നു യുഡിഎഫ് ലീഡ്.
2021ൽ എൽഡിഎഫ് സ്ഥാനാർഥികൾ നേടിയ വൻ ഭൂരിപക്ഷം അട്ടിമറിച്ചാണ് യുഡിഎഫ് ലീഡിലേക്ക് എത്തിയത്. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിലും യുഡിഎഫ് ലോക്സഭാ മണ്ഡലങ്ങളിൽ ലീഡ് നേടിയിരുന്നുവെങ്കിലും പിന്നീടു വന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു വിജയിക്കാനായത് നേട്ടമായി എടുത്തുകാട്ടുന്നുമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുന്നതും കേന്ദ്രത്തിൽ കോൺഗ്രസിനുള്ള സാധ്യതയുമൊക്കെ കണക്കിലെടുത്ത് ജനം വോട്ട് ചെയ്യുന്ന രീതിയാണെന്നാണ് എൽഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. തലമുതിർന്ന നേതാവിനെ രംഗത്തിറക്കി ഇത്തവ പത്തനംതിട്ടയെ ഒപ്പം നിർത്താനായി നടത്തിയ നീക്കങ്ങളിലുണ്ടായ പാളിച്ചയും എൽഡിഎഫ് വിശദമായി ചർച്ച ചെയ്തതാണ്.
തദ്ദേശവും തിരികെപ്പിടിച്ചു
കേരളം മുഴുവൻ ചുവന്നപ്പോഴും യുഡിഎഫിനൊപ്പം നിലകൊണ്ട പത്തനംതിട്ടയിൽ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പു ഫലം അപ്രതീക്ഷിതമായിരുന്നു. അന്നുണ്ടായ പരാജയത്തെ കവച്ചുവയ്ക്കുന്ന നേട്ടം ഇത്തവണ യുഡിഎഫിനുണ്ടായി. ജില്ലാ പഞ്ചായത്തിലും മൂന്ന് നഗരസഭകളിലും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും 34 ഗ്രാമപഞ്ചായത്തുകളിലും ഭരണത്തിലെത്താനായി. എൽഡിഎഫ് കോട്ടയെന്നു കരുതിയിരുന്ന പഞ്ചായത്തുകളിൽ പോലും യുഡിഎഫ് വെന്നിക്കൊടി പാറിച്ചു. 2010നുശേഷം ഇത്തരത്തിലൊരു വിജയം യുഡിഎഫിന് ആദ്യമായാണ്. നിയമസഭാ മണ്ഡലങ്ങളുടെ കണക്കിലും എല്ലായിടത്തും യുഡിഎഫിനുതന്നെയാണ് ലീഡ്. അടൂർ, കോന്നി ഒഴികെയുള്ള മണ്ഡലങ്ങളിൽ മെച്ചപ്പെട്ട ലീഡാണ് യുഡിഎഫിനുള്ളത്.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളുടെ മുന്പിൽ പത്തു ചോദ്യങ്ങളുമായി കത്തോലിക്ക കോൺഗ്രസ് രംഗത്ത്. ചോദ്യങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും നിലപാട് വ്യക്തമാക്കണം. രാഷ്ട്രീയ പാർട്ടികളുടെ നിലപാടനുസരിച്ച് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നിലപാടെടുക്കാൻ സമുദായം സജ്ജമാണെന്നും കത്തോലിക്ക കോൺഗ്രസ് നേതൃയോഗം വ്യക്തമാക്കി.
ചോദ്യങ്ങൾ
► 1. യുവജനങ്ങൾ നാട്ടിൽനിന്നു പലായനം ചെയ്യുന്നത് തടയാൻ എന്താണു പരിഹാരം ?
► 2. റബർ, നെല്ല് കർഷകർക്ക് കാർഷിക മേഖലയിൽ നിലനിൽക്കുവാൻ എന്താണു വിഭാവനം ചെയ്യുന്നത് ?
►3. വനം-വന്യജീവി നിയമ ഭേദഗതിക്ക് തയാറാകാത്തത് എന്തുകൊണ്ട്?
► 4. 80:20 സംവരണത്തിൽ ജനസംഖ്യാനുപാതികമായ വിതരണം നടത്തപ്പെടുന്നതിനും ഇഡബ്ല്യുഎസ് കേരളത്തിലെ സാഹചര്യമനുസരിച്ച് ക്രമീകരിച്ചു നടപ്പാക്കുന്നതിനും എന്താണു തടസം?
► 5. വർഗീയശക്തികളുടെ നേതൃത്വത്തിൽ ന്യൂനപക്ഷ പീഡനങ്ങൾ നടക്കുമ്പോൾ രാഷ്ട്രീയപാർട്ടികൾ പക്ഷം പിടിക്കുന്നത് എന്തുകൊണ്ട് ?
► 6. മുനമ്പം പ്രശ്നത്തിൽ രാഷ്ട്രീയപാർട്ടികൾ നടത്തുന്ന ഇരട്ടത്താപ്പും ജനവഞ്ചനയും നീതീകരിക്കാവുന്നതാണോ ?
► 7. ദളിത് ക്രൈസ്തവർക്ക് അർഹമായ സംവരണാനുകൂല്യങ്ങൾ നൽകുന്നതിന് എന്താണു തടസം?
► 8. ഭിന്നശേഷിസംവരണത്തിന്റെ മറവിൽ അധ്യാപക നിയമനം അട്ടിമറിക്കപ്പെടുന്നതിൽ എന്തു നിലപാടാണുള്ളത് ?
► 9. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു നടപ്പിലാക്കുന്നതിൽ നിലപാട് എന്താണ് ?
► 10. നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ സമുദായത്തിന് അർഹമായ സ്ഥാനാർഥിത്വം നൽകുന്നതിന് രാഷ്ട്രീയപാർട്ടികൾ എത്രമാത്രം സന്നദ്ധമാണ്?
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, ട്രഷറര്‍ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഭാരവാഹികളായ ഡോ. കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോൺ, തോമസ് ആന്റണി, കെ.പി. സാജു, ജോമി ഡൊമിനിക്, ജേക്കബ് നിക്കോളാസ്, അഡ്വ. മനു വരാപ്പള്ളി എന്നിവർ പ്രസംഗിച്ചു.
Kerala
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മാത്രം വലത്തോട്ട് സഞ്ചരിക്കുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതിനോപ്പം നിൽക്കുകയും ചെയ്യുന്ന ചരിത്രമാണു കണ്ണൂരിനുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 11 നിയമസഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണം മാത്രമാണു യുഡിഎഫിനൊപ്പമുള്ളത്. ബാക്കി ഒൻപതെണ്ണവും എൽഡിഎഫിനൊപ്പമാണ്. ഇതിൽ, ആറെണ്ണവും എൽഡിഎഫ് മൃഗീയ ഭൂരിപക്ഷത്തിൽ ജയിച്ചുകൊണ്ടിരിക്കുന്നതാണ്. എംഎൽഎമാരുടെ ഭൂരിപക്ഷത്തിന്റെ റിക്കാർഡുകൾ പിറക്കുന്നതും എൽഡിഎഫിന്റെ ഈ കുത്തകമണ്ഡലങ്ങളിൽനിന്നാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെയും തട്ടകമാണു കണ്ണൂർ ജില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞടുപ്പിലും എൽഡിഎഫ് വിജയിച്ച മണ്ഡലങ്ങളിൽ തങ്ങൾക്ക് മേൽക്കൈ നേടാൻ സാധിച്ചതിനാൽ ഇത്തവണ കൂടുതൽ സീറ്റുകൾ കിട്ടുമെന്ന പ്രതീക്ഷയിലാണു യുഡിഎഫ്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ നഷ്ടപ്പെട്ട ഭൂരിപക്ഷ മേൽക്കോയ്മ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ് എൽഡിഎഫ്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളിൽ ബിജെപിയുടെ പാർട്ടിഗ്രാമങ്ങളുണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒരു മണ്ഡലത്തിലും കാര്യമായ സ്വാധീനം ചെലുത്താൻ എൻഡിഎ മുന്നണിക്ക് ഇതുവരെയും സാധിച്ചിട്ടില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപറേഷനിലും ചില നഗരസഭകളിലും പഞ്ചായത്തുകളിലും ബിജെപി നേടിയ വിജയം ഇരുമുന്നണികളുടെ ഭൂരിപക്ഷത്തെയും ഒരു പരിധിവരെ സ്വാധീനിച്ചേക്കാം.
ഇടതിന്റെ കരുത്ത് അടിയുറച്ച കോട്ടകളിൽ
ഭരണവിരുദ്ധ വികാരമോ യുഡിഎഫ് തരംഗമോ ഉണ്ടായാലും കണ്ണൂരിൽ എക്കാലവും ഇടതുപക്ഷത്തിന്റെ കോട്ടകൾ ഭദ്രമായിരിക്കും. ഈ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് ഇത്തവണയും തെരഞ്ഞെടുപ്പിനെ നേരിടുന്നത് . കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മണ്ഡലങ്ങളായ അഴീക്കോട്, കണ്ണൂർ, കൂത്തുപറന്പ്, തളിപ്പറന്പ് എന്നിവിടങ്ങളിൽ യുഡിഎഫിന്റെ മേൽക്കൈ ഉണ്ടായിരുന്നുവെങ്കിലും അഴീക്കോടും കണ്ണൂരും ഒഴികെ തദ്ദേശതെരഞ്ഞെടുപ്പിലെ കണക്കുകൾ സൂചിപ്പിക്കുന്നത് എൽഡിഎഫിന്റെ ഉരുക്കുകോട്ടകളിലെ നില ഭദ്രമാണെന്നാണ്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ തലശേരി, കൂത്തുപറന്പ്, പയ്യന്നൂർ, കല്യാശേരി, ധർമടം എന്നിവിടങ്ങളിൽ മികച്ച മുന്നേറ്റം നടത്താൻ എൽഡിഎഫിന് സാധിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ തലശേരി മണ്ഡലത്തിൽ ബിജെപിയിലേക്കുള്ള വോട്ടിന്റെ ഒഴുക്ക് കുറയ്ക്കാനും സാധിച്ചു. തലശേരി മണ്ഡലത്തിലാണ് എൽഡിഎഫിന് ഏറ്റവും കൂടുതൽ ലീഡുള്ളത്. അതിനാൽ, മൂന്നാം ഭരണം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇടതിനു വലിയ പ്രതീക്ഷതന്നെയാണ് കണ്ണൂരിലെ മണ്ഡലങ്ങൾ.
കൂടുതൽ സീറ്റ് നേടാൻ യുഡിഎഫ്
കണ്ണൂർ ജില്ലയിലെ സിപിഎമ്മിലെ വിഭാഗീതയതും ഭരണവിരുദ്ധ വികാരവും രണ്ട് സിറ്റിംഗ് സീറ്റുകൾക്കു പുറമേ അധികം രണ്ട് സീറ്റുകൾകൂടി നേടാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ഇരിക്കൂറിനും പേരാവൂരിനും പുറമെ കണ്ണൂരും അഴീക്കോടും വിജയിക്കുമെന്നാണു പ്രതീക്ഷ. കണ്ണൂരിൽ കോൺഗ്രസും അഴീക്കോട് ലീഗുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ എൽഡിഎഫ് ജയിച്ച ഈ മണ്ഡലങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് മേൽക്കൈ. കണ്ണൂരിലും അഴീക്കോടും നേടിയ ലീഡ് പ്രതീക്ഷയുണർത്തുന്നുണ്ട്. കഴിഞ്ഞ രണ്ടുതവണയായി യുഡിഎഫിനെ കൈവിട്ട കണ്ണൂരിൽ 10,459 വോട്ടിന്റെ ലീഡുണ്ട്. കഴിഞ്ഞ തവണ കൈവിട്ട അഴീക്കോട് 2489 വോട്ടിന്റെയും ലീഡ്. അതിനാൽ, ഈ രണ്ട് മണ്ഡലങ്ങളും തങ്ങളുടെ അക്കൗണ്ടിലാക്കാനുള്ള തയാറെടുപ്പിലാണു യുഡിഎഫ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ് മണ്ഡലങ്ങളിലാണു യുഡിഎഫ് ലീഡ് നേടിയത്.
തളിപ്പറന്പിൽ അട്ടിമറിവിജയമുണ്ടാകുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ തവണ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി എം.വി. ഗോവിന്ദന്റെ ലീഡ് നില കുറയുകയും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ നേടിയ ഭൂരിപക്ഷവുമാണ് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നത്.
മത്സരരംഗത്ത് കൂടുതലും സിറ്റിംഗ് എംഎൽഎമാർ
യുഡിഎഫ്-എൽഡിഎഫ് സിറ്റിംഗ് എംഎൽഎമാരെല്ലാം മത്സരിക്കാനാണ് സാധ്യത. യുഡിഎഫിന്റെ സിറ്റിംഗ് എംഎൽഎമാരായ സജീവ് ജോസഫ് ഇരിക്കൂറിലും പേരാവൂരിൽ സണ്ണി ജോസഫും മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനമായി. എൽഡിഎഫിൽ ഇരിക്കൂർ നിലവിൽ കേരള കോൺഗ്രസ്-എമ്മിന്റെ സീറ്റാണ്. കഴിഞ്ഞ തവണ മത്സരിച്ച സജി കുറ്റിയാനിമറ്റം തന്നെയായിരിക്കും ഇത്തവണയും മത്സരിക്കുക. പേരാവൂരിൽ സണ്ണി ജോസഫിനെ നേരിടാൻ എൽഡിഎഫ് കെ.കെ. ശൈലജയെ ഇറക്കുമെന്നു സൂചനയുണ്ട്. 2006 ൽ കെ.കെ. ശൈലജ വിജയിച്ച മണ്ഡലമാണ് പേരാവൂർ. അങ്ങനെയെങ്കിൽ, നിലവിൽ ശൈലജയുടെ സിറ്റിംഗ് സീറ്റായ മട്ടന്നൂരിൽ സിപിഎം യുവസ്ഥാനാർഥിക്ക് അവസരം നല്‍കിയേക്കും.
കണ്ണൂരിൽ നിലവിൽ കെ. സുധാകരൻ മത്സരിക്കണമെന്നാണു കോൺഗ്രസ് തീരുമാനം. സുധാകരൻ മത്സരിച്ചില്ലെങ്കിൽ മുൻ മേയർ ടി.ഒ. മോഹനൻ, അമൃത രാമകൃഷ്ണൻ, റിജിൽ മാക്കുറ്റി, സജീവ് മാറോളി എന്നിവരുടെ പേരുകളും ഉയർന്നുവരുന്നുണ്ട്. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റായ കണ്ണൂർ ഇത്തവണ പിടിക്കണമെന്ന നിലപാടിലാണു യുഡിഎഫ്. അതിനാൽ, സുധാകരനെ തന്നെ മത്സരിപ്പിക്കാനാണു സാധ്യത. കണ്ണൂരിൽ കോൺഗ്രസ്-എസ് സ്ഥാനാർഥിയായി കടന്നപ്പള്ളി രാമചന്ദ്രൻ വീണ്ടും ജനവിധി തേടിയേക്കും. കടന്നപ്പള്ളി മത്സരിച്ചില്ലെങ്കിൽ കണ്ണൂർ സീറ്റ് സിപിഎം ഏറ്റെടുത്തേക്കും.
മത്സരരംഗത്ത് രണ്ടു ടേം വ്യവസ്ഥ മാറ്റിയ സ്ഥിതിക്ക് ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനും തലശേരിയിൽ എ.എൻ. ഷംസീറും ഒരിക്കൽക്കൂടി ജനവിധി തേടിയേക്കും. കല്യാശേരിയിൽ എം. വിജിനും അഴീക്കോട് കെ.വി. സുമേഷും തുടരും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മത്സരിക്കില്ലെന്നു പ്രഖ്യാപിച്ച സ്ഥിതിക്ക് തളിപ്പറന്പിൽ പി.കെ. ശ്യാമള, എൻ. സുകന്യ, ടി.കെ. ഗോവിന്ദൻ, എം.വി.ജയരാജൻ, എം.വി. നികേഷ്കുമാർ എന്നിവരുടെ പേരുകൾ ഉയർന്നുകേൾക്കുന്നുണ്ട്.
രക്തസാക്ഷി ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന പയ്യന്നൂരിൽ ടി.ഐ. മധുസൂദനന് ഒരിക്കൽകൂടി മത്സരിക്കാൻ അവസരം കൊടുക്കുന്നതിനെക്കുറിച്ച് എൽഡിഎഫിൽ തീരുമാനമായില്ല.
മധുസൂദനൻ ഇല്ലെങ്കിൽ പി. ജയരാജനെ പയ്യന്നൂരിൽ മത്സരിപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്. കൂത്തുപറന്പിൽ എൽഡിഎഫിൽ കെ.പി. മോഹനനൻതന്നെ മത്സരിക്കാനാണു സാധ്യത. അഴീക്കോട് മുസ്ലിം ലീഗിൽനിന്ന് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരിയുടെ പേരാണ് ഉയർന്നുകേൾക്കുന്നത്. അഴീക്കോടിനു പുറമേ കൂത്തുപറന്പിലും ലീഗാണു മത്സരിക്കുന്നത്. മട്ടന്നൂരിൽ നിലവിൽ, യുഡിഎഫിൽ ആർഎസ്പിയായിരുന്നു മത്സരിച്ചിരുന്നത്. എന്നാൽ, ഇക്കുറി കോൺഗ്രസ് സീറ്റ് ഏറ്റെടുത്തേക്കും. എൽഡിഎഫിന്റെ ഉറച്ച കോട്ടകളിൽ യുഡിഎഫ് സ്ഥാനാർഥികളെക്കുറിച്ച് ഇതുവരെയും തീരുമാനമായിട്ടില്ല. എങ്കിലും ധർമടത്തും തലശേരിയിലും മികച്ച സ്ഥാനാർഥികളെ നിർത്തണമെന്നാണു യുഡിഎഫ് തീരുമാനം.
രക്തസാക്ഷി ഫണ്ട് തട്ടിപ്പും വിഭാഗീയതയും
ഭരണവിരുദ്ധ വികാരത്തേക്കാൾ ജില്ലയിലെ സിപിഎമ്മിലുണ്ടായ വിഭാഗീയതയും രക്തസാക്ഷി ഫണ്ട് തട്ടിപ്പുമാണ് തെരഞ്ഞെടുപ്പിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. മുൻ ജില്ലാ കമ്മിറ്റിയംഗവും പയ്യന്നൂർ സ്വദേശിയുമായ വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂരിലെ ടി.ഐ. മധുസൂദനൻ എംഎൽഎയ്ക്കെതിരേയും സിപിഎം നേതൃത്വത്തിനെതിരേയും രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി നടത്തിയ വെളിപ്പെടുത്തലുകൾ പയ്യന്നൂർ ഉൾപ്പെടെയുള്ള പാർട്ടിയുടെ ഉറച്ച കോട്ടകളിൽ തിരിച്ചടിയായി.
കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയ കണക്കിൽ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്പോഴും വിശദീകരണം കൊടുക്കാൻ നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. പയ്യന്നൂരിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് സ്വതന്ത്രനായി മത്സരിച്ച സ്ഥാനാർഥിയുടെ വിജയവും സിപിഎമ്മിലെ വിഭാഗീതയത ചൂണ്ടിക്കാണിക്കുന്നു. യുഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ് പ്രചാരണമാക്കുന്നതും രക്തസാക്ഷി ഫണ്ട് തട്ടിപ്പായിരിക്കും.
എന്നാൽ, പത്തുവർഷത്തെ ഭരണനേട്ടങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണം നടത്താനാണ് എൽഡിഎഫ് തീരുമാനം. ഇതിന്റെ ഭാഗമായി മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വികസനസദസുകൾ ആരംഭിച്ചു കഴിഞ്ഞു. പയ്യന്നൂർ, കണ്ണൂർ നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ യുഡിഎഫിനും തലവേദനയായിരിക്കുകയാണ്.
Kerala
കാസര്‍ഗോഡ്: രാഷ്ട്രീയപാര്‍ട്ടികളുടെ ജാഥയ്ക്കു തുടക്കംകുറിക്കുന്ന കാസര്‍ഗോഡ് ജില്ലയില്‍ എല്‍ഡിഎഫ്- 3, യുഡിഎഫ്- 2 എന്നതാണ് കുറെ കാലങ്ങളായി നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സ്കോര്‍ നില. എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം തത്സ്ഥിതി തുടരുന്നതുതന്നെ നേട്ടമാണ്. പരമ്പരാഗത ശക്തികേന്ദ്രങ്ങളുടെ കരുത്തില്‍ ഇത്തവണയും വിജയഗാഥ ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ ഇടതുപക്ഷത്തിന് യാതൊരു സന്ദേഹവുമില്ല. മറുവശത്ത് 1987നു ശേഷം ജില്ലയില്‍നിന്ന് ഒരു എംഎല്‍എയെപ്പോലും നിയമസഭയിലെത്തിക്കാന്‍ കഴിയാത്തതിന്റെ നാണക്കേടിലാണ് കോണ്‍ഗ്രസ്.
ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസവുമായി കളത്തിലിറങ്ങുമ്പോള്‍ ലീഡ് നേടി ചരിത്രം തിരുത്തിക്കുറിക്കുമെന്നാണു യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. മഞ്ചേശ്വരത്ത് അക്കൗണ്ട് തുറക്കാനായി ബിജെപിയും അരയും തലയും മുറുക്കി രംഗത്തുണ്ട്. മൂന്നു മുന്നണികളും അടവുകളും ചുവടുകളും മിനുക്കി കളത്തിലിറങ്ങുമ്പോള്‍ തുളുനാടന്‍ കളരിയില്‍ പോരാട്ടം തീപാറുമെന്നുറപ്പ്.
പാര്‍ട്ടി കോട്ടകളുടെ കരുത്തില്‍ എല്‍ഡിഎഫ്
ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും തിരിച്ചടിയേറ്റെങ്കിലും സിറ്റിംഗ് സീറ്റുകളായ തൃക്കരിപ്പുര്‍, കാഞ്ഞങ്ങാട്, ഉദുമ എന്നിവിടങ്ങളില്‍ കഴിഞ്ഞതവണത്തേതുപോലെ മികച്ച വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ഈ മണ്ഡലങ്ങളിലെ ഉറച്ച കമ്യൂണിസ്റ്റ് കോട്ടകളിലെ ഉയര്‍ന്ന പോളിംഗാണ് അവര്‍ക്കു തുണയാകുന്നത്. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി സംവിധാനവും അവര്‍ക്കുണ്ട്. എന്നാല്‍, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിഗ്രാമങ്ങളിലെ വോട്ട് വലിയതോതില്‍ ബിജെപിയിലേക്ക് ഒഴുകിയത് സിപിഎമ്മിനെ വലിയ തോതില്‍ ആശങ്കപ്പെടുത്തുന്നുണ്ട്.
പാര്‍ട്ടിയോടുള്ള എതിര്‍പ്പുകൊണ്ടല്ല, മറിച്ച് സ്ഥാനാര്‍ഥിയോടുള്ള എതിര്‍പ്പുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നാണു സിപിഎം നേതൃത്വം വിശദീകരിക്കുന്നത്. കൂടാതെ, തദ്ദേശതെരഞ്ഞെടുപ്പില്‍ പല പഞ്ചായത്തുകളിലെയും ഭരണം നഷ്ടപ്പെടാന്‍ കാരണം പ്രാദേശികമായ കാരണങ്ങളാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിനെ ഇതു ബാധിക്കില്ലെന്നുമാണ് അവരുടെ അവകാശവാദം.
വന്‍പ്രതീക്ഷയോടെ യുഡിഎഫ്
ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ വിജയവും തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചുവരവും യുഡിഎഫിന്റെ പ്രതീക്ഷകളെ വാനോളമുയര്‍ത്തുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിനു ലീഡ് നേടാന്‍ സാധിച്ചിരുന്നു. ഇതില്‍ത്തന്നെ ഉദുമ ഏറെ നാളുകളായി യുഡിഎഫിനെ മോഹിപ്പിക്കുന്നുണ്ട്. 2013ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ടി. സിദ്ദിഖ് ഉദുമ മണ്ഡലത്തില്‍ ചെറിയ വോട്ടിന്റെ ലീഡ് നേടിയിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താൻ എത്തിയപ്പോള്‍ സീന്‍ മാറി. ലീഡ് 2019ല്‍ 8,937ഉം 2024ല്‍ 11,959ഉം ആയി കുതിച്ചുകയറി. കഠിനാധ്വാനം നടത്തിയാല്‍ ചെങ്കോട്ടകള്‍ എന്നറിയപ്പെടുന്ന കാഞ്ഞങ്ങാടും തൃക്കരിപ്പുരും വിജയം അസാധ്യമല്ലെന്ന് ഉണ്ണിത്താന്റെ പ്രകടനം കോണ്‍ഗ്രസ് നേതൃത്വത്തിനു കാട്ടിക്കൊടുത്തു.
എന്നാല്‍, മുന്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രകടനം കോണ്‍ഗ്രസിന് സന്തോഷം പകരുന്നതല്ല എന്നതും യാഥാര്‍ഥ്യമാണ്. 2016ല്‍ സാക്ഷാല്‍ കെ. സുധാകരന് രംഗത്തിറങ്ങിയിട്ടും തോല്‍വിയായിരുന്നു ഫലം.
2021ലെ തെരഞ്ഞെടുപ്പില്‍ ഒന്നു പൊരുതിനോക്കുക പോലും ചെയ്യാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തോല്‍വിയടഞ്ഞു. അതേസമയം, മുസ്ലിംലീഗിന്റെ സിറ്റിംഗ് സീറ്റുകളായ കാസര്‍ഗോഡും മഞ്ചേശ്വരവും ഇത്തവണയും സുരക്ഷിതമാണെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ.
അക്കൗണ്ട് തുറക്കാന്‍ ബിജെപി
ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ മഞ്ചേശ്വരത്ത് ഇത്തവണയും അവര്‍ വിജയം സ്വപ്നംകാണുന്നു. 2016ല്‍ 89 വോട്ടിനു പരാജയമേറ്റുവാങ്ങേണ്ടിവന്നതിന്റെ വേദന ഇതുവരെയും മാറിയിട്ടില്ല. കാസര്‍ഗോഡ് മണ്ഡലത്തില്‍ യുഡിഎഫിനു കടുത്ത എതിരാളിയാകാനും മറ്റു മണ്ഡലങ്ങളില്‍ ഇരു മുന്നണികള്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്താനുമാണ് അവരുടെ ശ്രമം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താനായത് അവര്‍ക്ക് ആത്മവിശ്വാസമേകുന്നുണ്ട്. കന്നഡ ഭാഷാന്യൂനപക്ഷവിഭാഗങ്ങളുടെ പിന്തുണയാണ് അവരുടെ ഏറ്റവും വലിയ കരുത്ത്. കേന്ദ്രഭരണത്തിന്റെ ആനുകൂല്യമുള്ളതിനാല്‍ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ കാര്യത്തിലും ക്ഷാമമില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും വെല്ലുന്ന രീതിയിലായിരുന്നു അവരുടെ പ്രചാരണപരിപാടികള്‍. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുവഴക്കുകളും പടലപ്പിണക്കങ്ങളും അവര്‍ക്ക് തലവേദനയാകുന്നുണ്ട്.
സ്ഥാനാര്‍ഥി പട്ടികയില്‍ ആരൊക്കെ?
മഞ്ചേശ്വരത്ത് ബിജെപിയുടെ കെ. സുരേന്ദ്രന് സിറ്റിംഗ് എംഎല്‍എ എ.കെ.എം. അഷ്റഫിനെ നേരിടും. സുരേന്ദ്രന് നാലാം തവണയാണു മഞ്ചേശ്വരത്ത് ജനവിധി തേടുന്നത്. കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍പ്പെട്ട ലോറിഡ്രൈവര്‍ അര്‍ജുന്റെ തെരച്ചിലിനും കുമ്പളയിലെ അനധികൃത ടോള്‍വിരുദ്ധ സമരത്തിനും മുന്നിൽനിന്ന് നേതൃത്വം നല്കിയ അഷ്റഫ്, സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം മുൻവർഷത്തേക്കാൾ കരുത്തനായ എതിരാളിയായിരിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്.
കാസര്‍ഗോട്ട് എന്‍.എ. നെല്ലിക്കുന്ന് മൂന്നു ടേം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ കെ.എം. ഷാജിയുടെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. സംസ്ഥാനത്തെ മുസ്ലിം ലീഗിന്റെ ഏറ്റവും ഉറച്ച സീറ്റുകളില്‍ ഒന്നായ കാസര്‍ഗോട്ട് പുറത്തുനിന്നൊരാള്‍ മത്സരിക്കുന്നതില്‍ ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അടക്കമുള്ള ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. പ്രധാന എതിരാളികളായ ബിജെപിക്കുവേണ്ടി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി തന്നെ കളത്തിലിറങ്ങിയേക്കും. എല്‍ഡിഎഫിനുവേണ്ടി സ്വതന്ത്ര സ്ഥാനാര്‍ഥിയായി മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ മത്സരിക്കുമെന്നാണു സൂചന.
ഉദുമയില്‍ സിറ്റിംഗ് എംഎല്‍എ സി.എച്ച്. കുഞ്ഞമ്പു ഒരിക്കല്‍ക്കൂടി ജനവിധി തേടും. യുഡിഎഫില്‍ ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാറിന്റെ പേരിനാണു മുന്‍തൂക്കം. മുന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലും പരിഗണനയിലുണ്ട്. കാഞ്ഞങ്ങാട്ട് മൂന്നു ടേം പൂര്‍ത്തിയാക്കിയ ഇ. ചന്ദ്രശേഖരന് മത്സരരംഗത്തു നിന്നൊഴിയുമ്പോള്‍ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ഗോവിന്ദന് പള്ളിക്കാപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. രാജു കട്ടക്കയം ഉള്‍പ്പെടെ പലരുടെയും പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
തൃക്കരിപ്പുരില്‍ രണ്ടു ടേം പൂര്‍ത്തിയാക്കിയ സിപിഎമ്മിന്റെ എം. രാജഗോപാലന്‍ കളമൊഴിയുമ്പോള്‍ വി.പി.പി. മുസ്തഫയ്ക്കാണു സാധ്യത തെളിയുന്നത്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇവിടെ കോണ്‍ഗ്രസ് ആണോ കേരള കോണ്‍ഗ്രസ് ആണോ മത്സരിക്കുകയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. മത്സരിച്ച സീറ്റുകളൊന്നും വിട്ടുകൊടുക്കില്ലെന്ന കേരള കോണ്‍ഗ്രസിന്റെ നിലപാട് അംഗീകരിക്കപ്പെട്ടാല്‍ എം.പി. ജോസഫ് രണ്ടാംതവണയും ജനവിധി തേടാനാണു സാധ്യത. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോമോന് ജോസിനായിരിക്കും നറുക്ക് വീഴുക.
സ്വര്‍ണപ്പാളി മുതല്‍ എസ്ഐആര്‍ വരെ
ശബരിമലയിലെ സ്വര്‍ണപ്പാളി കവര്‍ച്ചയും ആഗോള അയ്യപ്പസംഗമം നടത്തിപ്പിലെ സാമ്പത്തിക ക്രമക്കേടുകളുമെല്ലാം വിശ്വാസികളായ വോട്ടര്‍മാരെ ഏറെ സ്വാധീനിക്കുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് നേതൃത്വം. സര്‍ക്കാരിന്റെ ധൂര്‍ത്തും വിലക്കയറ്റവും മെഡിക്കല്‍ കോളജ് യാഥാര്ഥ്യമാകാത്തതും സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമവുമെല്ലാം യുഡിഎഫിന്റെ തുറുപ്പുചീട്ടുകളാണ്. വെള്ളാപ്പള്ളി നടേശന് തുടര്‍ച്ചയായി നടത്തിയ വര്‍ഗീയചുവയുള്ള പ്രസ്താവനകള്‍ കേട്ടില്ലെന്ന് നടിച്ച സിപിഎം നേതൃത്വത്തിന്റെ നിലപാട് മുസ്ലിം വോട്ടര്‍മാരെ എല്‍ഡിഎഫില്‍നിന്നു വലിയതോതിൽ അകറ്റിയെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായിരുന്നു.
എന്നാൽ ക്ഷേമപെന്ഷന് വര്‍ധനയും ദേശീയപാത വികസനവും തങ്ങള്‍ക്ക് അനുകൂലമായി ജനവിധിയുണ്ടാകാന് സഹായിക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വീടുകയറിയുള്ള പ്രചാരണവും തകൃതിയായി നടന്നിരുന്നു. എന്നാല്‍ ദേശീയപാത വികസനത്തിന്റെ ക്രെഡിറ്റ് പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നാണ് ബിജെപിയുടെ അവകാശവാദം. തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം (എസ്ഐആര്‍) ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മരിച്ചവരും ഇരട്ടവോട്ടുകളുമായി 56,911 വോട്ടുകളാണ് (5.8 ശതമാനം) ജില്ലയില്‍ എസ്ഐആര്‍ പരിശോധനയില്‍ തള്ളപ്പെട്ടത്. ഈ വോട്ടുകളുടെ കുറവ് പാര്‍ട്ടിഗ്രാമങ്ങളിലെ പോളിംഗില്‍ പ്രതിഫലിക്കുമെന്നാണു സൂചന.
National
ചെന്നൈ: തമിഴ്നാട്ടിലെ 1.31 കോടിയോളം സ്ത്രീകൾ ഇന്നലെ ഉറങ്ങിയെഴുന്നേറ്റപ്പോൾ ബാങ്ക് അക്കൗണ്ടിൽ 5,000 രൂപ അധികം.
നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കലൈഞ്ജർ മകളിര്‍ ഉരുമൈ തിട്ടം എന്ന പേരിലുള്ള വനിതാശക്തീകരണ പദ്ധതി അംഗങ്ങൾക്കാണു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ പണം നിക്ഷേപിച്ചത്.
പ്രതിമാസം 1,000 രൂപവീതം ഫെബ്രുവരി മുതലുള്ള 3,000 രൂപയും വരൾച്ചാസഹായമെന്ന നിലയിൽ 2,000 രൂപയും ചേർത്ത് പണം മുൻകൂറായി അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയായിരുന്നു. വീണ്ടും അധികാരത്തിലെത്തിയാൽ പ്രതിമാസ സഹായം 2,000 രൂപയാക്കി ഉയർത്തുമെന്ന വാഗ്ദാനവും ഒപ്പം ഉണ്ട്.
2023 സെപ്റ്റംബറിലാണു പ്രഖ്യാപിച്ചതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിയപ്പോഴാണ് പദ്ധതി നടപ്പായത്. വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയ്ക്കു താഴെയുള്ളവർക്കാണു സഹായം. വാര്‍ഷിക വൈദ്യുതി ഉപയോഗത്തിനും പരിധിയുണ്ട്.
റേഷന്‍ കാര്‍ഡിലെ ഒരു വനിതാ അംഗത്തിന് മാത്രമേ തുക ലഭിക്കൂ. പണം ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് ലഭിക്കും.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ ടേം വ്യവസ്ഥ വേണ്ടെന്നു വയ്ക്കാൻ സിപിഎം. രണ്ടു തവണ മത്സരിച്ചവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന തീരുമാനം ഈ തെരഞ്ഞെടുപ്പിൽ ഗുണകരമാകില്ലെന്നു കണ്ടുകൊണ്ടാണു സിപിഎം നിലപാടു മാറ്റുന്നത്.
നിലവിൽ എംഎൽഎമാരായിട്ടുള്ളവരുടെ പ്രകടനം പാർട്ടി വിലയിരുത്തിയിരുന്നു. ഇതിൽ ഭൂരിപക്ഷം ജനപ്രതിനിധികളും മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടത്തിയവരും ജനപിന്തുണയുള്ളവരുമാണെന്ന റിപ്പോർട്ടാണു സിപിഎം ജില്ലാ കമ്മിറ്റികൾ പാർട്ടി സംസ്ഥാന നേതൃത്വത്തിനു നൽകിയിരിക്കുന്നത്. മൂന്നാമതും ഇടതുസർക്കാർ അധികാരത്തിലെത്തണമെങ്കിൽ പരീക്ഷണങ്ങൾക്കു മുതിരാതെ ജനപ്രിയരായുള്ള സ്ഥാനാർഥികളെ തന്നെ രംഗത്തിറക്കണമെന്ന ധാരണയിൽ തന്നെയാണു സിപിഎം.
സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ തന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ നയിക്കും. ധർമ്മടത്തു നിന്നു തന്നെ പിണറായി മത്സരിക്കും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ നിലവിൽ തീരുമാനമൊന്നും പാർട്ടി എടുത്തിട്ടില്ല. തിരുവനന്തപുരത്തു ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗവും ഇക്കാര്യത്തിൽ പ്രത്യേക നിർദേശമൊന്നും നൽകിയില്ല.
എന്നാൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ സംസ്ഥാനത്തു തന്നെ ധാരണയെടുക്കാമെന്ന നിർദേശം കേന്ദ്ര നേതൃത്വം നൽകിയിട്ടുണ്ട്. അങ്ങനെവന്നാൽ കെ.കെ.ശൈലജ, ഡോ: തോമസ് ഐസക്, സി.എസ്.സുജാത, പി.സതീദേവി എന്നിവർ മത്സരരംഗത്തുണ്ടാകും. തോമസ് ഐസക് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണു സിപിഎം കേന്ദ്ര നേതൃത്വത്തിന്റെയും താത്പര്യം. ഇക്കാര്യം പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായി പങ്കുവച്ചതായാണു വിവരം.
നിലവിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാലും പി.രാജീവും കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. ഇവർ രണ്ടുപേരും വീണ്ടും മത്സരിക്കും. പോളിറ്റ്ബ്യൂറോ അംഗമായ എ.വിജയരാഘവൻ മത്സരിക്കണമെന്ന് താത്പര്യമുള്ളവർ സിപിഎം നേതൃത്വത്തിലുണ്ട്. സംസ്ഥാന സെക്രട്ടറിയായതിനാൽ എം.വി.ഗോവിന്ദൻ മത്സരിക്കില്ല. ഈ സാഹചര്യത്തിൽ പിണറായി വിജയനൊപ്പം ഒരു പോളിറ്റ്ബ്യൂറോ അംഗം കൂടി മത്സരിക്കണമെന്നു തീരുമാനിച്ചാൽ എ.വിജയരാഘവൻ മത്സരിക്കും.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാനാകുമെന്ന വിശ്വാസത്തിലാണു സിപിഎം നേതൃത്വം. കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടി നിലവിലെ എംഎൽഎമാർ ജനങ്ങളെ സമീപിച്ചാൽ വലിയ മാറ്റം ഉണ്ടാകുമെന്നാണു ഗൃഹസന്പർക്ക പരിപാടിയുമായി ബന്ധപ്പെട്ടു ജില്ലാ ഘടകങ്ങൾ നൽകിയ റിപ്പോർട്ട്. അതുകൊണ്ടുതന്നെ രണ്ടു ടേം എന്നതു നിർബന്ധമാക്കേണ്ടെന്ന തീരുമാനത്തിലാണ് ഇപ്പോൾ സിപിഎം നേതൃത്വം.
ഇടതുമുന്നണിയുടെ മേഖലാ ജാഥകൾ അവസാനിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. സിപിഐയിലും ടേം വ്യവസ്ഥ നിർബന്ധമാക്കില്ലെന്ന വിവരമാണു ലഭിക്കുന്നത്. ജയസാധ്യത മുൻ നിർത്തി മൂന്നു ടേം കഴിഞ്ഞവരെ വീണ്ടും സ്ഥാനാർഥികളായി സിപിഐ പരിഗണിക്കും. ഇക്കാര്യത്തിൽ സിപിഐ നേതൃതലത്തിൽ ധാരണയായിട്ടുണ്ട്.
അങ്ങനെവന്നാൽ നിലവിലെ പ്രമുഖരായിട്ടുള്ള എംഎൽഎമാരായ നേതാക്കൾക്കു വീണ്ടും മത്സരിക്കാൻ അവസരം ലഭിക്കും. മുൻ മന്ത്രി വി.എസ്.സുനിൽകുമാർ മത്സരിക്കാൻ സാധ്യതയുണ്ട്. സിപിഎമ്മിനെപ്പോലെ തന്നെ സിപിഐയും മുതിർന്ന നേതാക്കളെ മത്സരിപ്പിക്കും.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു രണ്ടു മാസം മാത്രം അകലമുള്ളപ്പോൾ രാഷ്ട്രീയ കേരളം തലസ്ഥാന ജില്ലയിലേക്ക് ഉറ്റുനോക്കുകയാണ്. അഞ്ചുവർഷം മുന്‍പു നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിലെ പതിനാലു നിയോജകമണ്ഡലങ്ങളിൽ ഒന്നൊഴികെ എല്ലാം ഇടതുമുന്നണി കൈപ്പിടിയിലൊതുക്കിയെങ്കിൽ ഇപ്പോൾ ചിത്രം ആകെ മാറി. പ്രവചനാതീതമാണിപ്പോൾ തിരുവനന്തപുരം ജില്ല. കേരളത്തിൽ കടുത്ത ത്രികോണമത്സരത്തിലേക്കു നീങ്ങാനിടയുള്ള മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ഇവിടെയാണെന്നുള്ളതാണു മത്സരം കടുപ്പിക്കുന്നത്.
കേരളത്തിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ സ്വാധീനമുള്ള ജില്ലയാണു തിരുവനന്തപുരം. തദ്ദേശതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലെത്തുക കൂടി ചെയ്തതോടെ അവരുടെ പ്രതീക്ഷകൾ വാനോളമുയരത്തിലാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജില്ലയിലെ രണ്ടു സീറ്റുകളും നിലനിർത്തിയെങ്കിലും യുഡിഎഫിനു നേരിയ ഭൂരിപക്ഷം മാത്രമാണുണ്ടായിരുന്നത്. തദ്ദേശതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയെങ്കിലും തിരുവനന്തപുരം ജില്ലയിൽ യുഡിഎഫ് അഭിമാനകരമായ മുന്നേറ്റം നടത്തിയെന്നു പറയാൻ സാധിക്കില്ല. എൽഡിഎഫിനു പ്രതീക്ഷ നൽകുന്നത് ഈ കണക്കുകളാണ്.
►തിരുവനന്തപുരം പിടിച്ചാൽ കേരളം പിടിക്കാം
തിരുവനന്തപുരം ജില്ലയിൽ ഭൂരിപക്ഷം ലഭിക്കുന്ന മുന്നണി കേരളം ഭരിക്കുമെന്നൊരു സംസാരമുണ്ട്. ഭരണസിരാകേന്ദ്രമെന്ന നിലയിൽ ഭരണത്തെ അടുത്തുനിന്നു കാണാനും വിലയിരുത്താനും അവസരംകിട്ടുന്നതു കൊണ്ടാകാം ജനവികാരം ഈ തരത്തിൽ പ്രതിഫലിക്കുന്നത്. ഏതായാലും ചരിത്രം പരിശോധിച്ചാൽ സംസ്ഥാനത്ത് ഭൂരിപക്ഷം കിട്ടുന്ന മുന്നണി ജില്ലയിൽ ഭൂരിപക്ഷം നേടുന്നതായി കാണാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണത്തിലെത്തിയപ്പോൾ എൽഡിഎഫിന് ഇവിടെ 13 സീറ്റ് കിട്ടി. യുഡിഎഫ് ഒന്നിലൊതുങ്ങി. 2016ലും ഒന്‍പതു സീറ്റോടെ എൽഡിഎഫ് മുന്നിലെത്തി. ഉമ്മൻ ചാണ്ടി സർക്കാർ ഭരണത്തിലെത്തിയ 2011 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് എട്ടു സീറ്റിലും എൽഡിഎഫ് ആറു സീറ്റിലും വിജയിച്ചു. 2006ൽ എൽഡിഎഫ് ഭരണത്തിൽ വന്നു. അന്ന് എൽഡിഎഫിനു ജില്ലയിൽ ഒന്‍പതു സീറ്റ് ലഭിച്ചു. യുഡിഎഫ് വന്പൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന 2001ൽ യുഡിഎഫിനു ജില്ലയിൽ ഒന്‍പതു സീറ്റ് ലഭിച്ചു. ഇതിനു മുന്‍പും സ്ഥിതി ഇതു തന്നെ. അതുകൊണ്ട് ജില്ലയിൽ ഭൂരിപക്ഷം നേടി ഭരണത്തിലെത്തുക എന്നതാണ് മുന്നണികളുടെ സ്വപ്നം.
►ബിജെപിയുടെ മുന്നേറ്റം
തിരുവനന്തപുരം കോർപറേഷനിൽ ഭരണം പിടിച്ചത് ബിജെപിയുടെ ആത്മവിശ്വാസം വാനോളമുയർത്തി. നിയമസഭയിൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നതും തിരുവനന്തപുരത്തെ നേമത്ത് ആണ്. 2016ൽ ഒ. രാജഗോപാലിലൂടെ നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി. ശിവൻകുട്ടിയിലൂടെ ഇടതുമുന്നണി പൂട്ടിച്ചു. ഇത്തവണ കേരളം മുഴുവൻ ശ്രദ്ധിക്കുന്ന പോരാട്ടമാകും നേമത്തു നടക്കുക.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങൽ, കാട്ടാക്കട എന്നീ അഞ്ചു നിയോജകമണ്ഡലങ്ങളിൽ ബിജെപി മുന്നിലെത്തി. എട്ടു മണ്ഡലങ്ങളിൽ യുഡിഎഫ് ആണു മുന്നിലെത്തിയത്. എൽഡിഎഫിന് ഒന്നാമതെത്താൻ സാധിച്ചതു വർക്കലയിൽ മാത്രമാണ്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതേ പാറ്റേണ്‍ ആവർത്തിക്കുമെന്നു പ്രതീക്ഷിക്കേണ്ടതില്ല.
►എൽഡിഎഫിനു പ്രതീക്ഷയേറെ
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രകടനം ആവർത്തിക്കുക എൽഡിഎഫിന് എളുപ്പമാകില്ല. മറ്റു പല ജില്ലകളുമായി താരതമ്യപ്പെടുത്തിയാൽ തദ്ദേശ തെരഞ്ഞെടുപ്പ് അവർക്ക് അത്ര നിരാശയല്ല സമ്മാനിച്ചത്. കോർപറേഷൻ ഭരണം നഷ്ടമായെങ്കിലും നാലു മുനിസിപ്പാലിറ്റികളും നിലനിർത്താൻ സാധിച്ചു. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മുൻതൂക്കം നിലനിർത്താനായില്ലെങ്കിലും ഭൂരിപക്ഷം സ്ഥാപനങ്ങളിൽ വിജയിക്കാൻ സാധിച്ചു. രണ്ടു തവണ തുടർച്ചയായി വിജയിച്ചവർ മാറി നിൽക്കണമെന്ന നിർബന്ധങ്ങളൊന്നും ഇക്കുറി സിപിഎമ്മിനുണ്ടാകില്ലെന്നാണ് അറിയുന്നത്.
►നഷ്ടപ്രതാപം വീണ്ടെടുക്കാൻ യുഡിഎഫ്
നിയമസഭാ തെരഞ്ഞെടുപ്പിന്റെ കണക്കു നോക്കിയാൽ തിരുവനന്തപുരത്തു യുഡിഎഫിനു ശക്തിക്ഷയമുണ്ടായിട്ടുണ്ടെന്നുള്ളതു വസ്തുതയാണ്. മുൻകാലങ്ങളിൽ യുഡിഎഫിന്റെ കുത്തക സീറ്റുകളായ പലയിടത്തും മികച്ച സ്ഥാനാർഥികളെ പോലും രംഗത്തിറക്കാൻ അവർക്കു കഴിയുന്നില്ല. ബിജെപി മുന്നേറ്റത്തിൽ ഇതുവരെ കാര്യമായ ക്ഷീണമുണ്ടായത് കോണ്‍ഗ്രസിനാണ്. അടുത്ത കാലത്തായി എൽഡിഎഫ് ശക്തികേന്ദ്രങ്ങളിലും ബിജെപി ശക്തിപ്പെടുന്നുണ്ട്.
ഇത്തവണ ഭരണത്തിൽ തിരിച്ചെത്താമെന്ന ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുന്ന യുഡിഎഫ് സ്ഥാനാർഥി നിർണയത്തിലേക്കു കടന്നിട്ടില്ല. കോവളത്തെ സിറ്റിംഗ് എംഎൽഎ ആയ എം. വിൻസന്റിന്റെ കാര്യത്തിൽ മാത്രമാണ് ഉറപ്പുള്ളത്. മികച്ച സ്ഥാനാർഥികളെ കളത്തിലിറക്കി പോയകാല പ്രതാപത്തിലേക്കു മടങ്ങിവരാം എന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു.
►സ്ഥാനാർഥിമോഹങ്ങൾ
സ്ഥാനാർഥികളുടെ കാര്യത്തിൽ ഔദ്യോഗിക തീരുമാനമായിട്ടില്ലെങ്കിലും ഏറെക്കുറെ ധാരണ ആയത് എൽഡിഎഫിലാണ്. പതിമൂന്നു സിറ്റിംഗ് എംഎൽഎമാരിൽ ഭൂരിഭാഗവും ഇത്തവണയും മത്സരിക്കും. അവരോടു മണ്ഡലത്തിൽ സജീവമാകാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ചിറയിൻകീഴിൽ തുടർച്ചയായി മൂന്നു തവണ വിജയിച്ച വി. ശശി ഒരുപക്ഷേ മാറിയേക്കാം. ശശിതന്നെ മത്സരിക്കണമെന്ന ചിന്തയും സിപിഐയിലുണ്ട്. ആറ്റിങ്ങലിൽ നിലവിലെ എംഎൽഎ ആയ ഒ.എസ്. അംബികയ്ക്കു പുറമേ മുന്‍പ് എംഎൽഎ ആയിരുന്ന ബി. സത്യനെയും പരിഗണിക്കുന്നുണ്ട്. പ്രതികൂല കോടതി വിധി തിരുവനന്തപുരത്ത് ആന്റണി രാജുവിന്റെ സ്ഥാനാർഥിത്വം സംശയത്തിലാക്കുന്നു.
ബിജെപിയിൽ നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി. മുരളീധരനും ഉറപ്പായി. വട്ടിയൂർക്കാവിൽ കെ. സുരേന്ദ്രന്റെയും നടൻ ജി. കൃഷ്ണകുമാറിന്റെയും പേരുകൾ പരിഗണിക്കുന്നുണ്ട്. മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പേരു പറഞ്ഞുകേട്ടിരുന്നെങ്കിലും താൻ മത്സരിക്കാനില്ലെന്ന് അവർതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒന്നാമതെത്തിയ കാട്ടാക്കടയിൽ ഇത്തവണയും പി.കെ. കൃഷ്ണദാസ് തന്നെയാകും മത്സരിക്കുക.
യുഡിഎഫിൽ വട്ടിയൂർക്കാവിൽ കെ. മുരളീധരന്റെ പേരിനാണു മുൻതൂക്കം. തിരുവനന്തപുരം സിഎംപിക്കു നൽകുകയും സി.പി. ജോണ്‍ മത്സരിക്കുകയും ചെയ്യുമെന്നാണു കരുതുന്നത്. മുൻമന്ത്രി വി.എസ്. ശിവകുമാറും തിരുവനന്തപുരത്തു മത്സരിക്കാൻ താത്പര്യപ്പെടുന്നുണ്ട്. കോവളത്ത് എം. വിൻസന്റ് തന്നെയാകും സ്ഥാനാർഥി. പാറശാലയിൽ എൻ. ശക്തന്റെ പേരിനു മുൻതൂക്കമുണ്ട്. വാമനപുരത്ത് പാലോട് രവി, കഴിഞ്ഞ തവണ മത്സരിച്ച ആനാട് ജയൻ, രമണി പി. നായർ എന്നിവരൊക്കെ പരിഗണനയിലുണ്ട്.
►പ്രചാരണം കൊഴുക്കും
ശബരിമല സ്വർണപ്പാളി മോഷണം തദ്ദേശ തെരഞ്ഞെടുപ്പിൽ സജീവ പ്രചാരണ വിഷയമായിരുന്നു. ഇത്തവണയും അതു പ്രചാരണരംഗത്ത് ഉയർന്നു വരും. സർക്കാർ ജീവനക്കാരുടെ ജില്ലയായ തിരുവനന്തപുരത്ത് ശന്പള പരിഷ്കരണവും ഡിഎ കുടിശികയുമെല്ലാം ചർച്ചയാണ്. ബിജെപി ബന്ധം ആരോപിച്ചുള്ള പരസ്പര ആരോപണങ്ങളും കോണ്‍ഗ്രസിനെതിരേയുള്ള എസ്ഡിപിഐ ബന്ധവും തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കും. കാർഷിക പ്രദേശങ്ങളായ ജില്ലയുടെ കിഴക്കൻ മേഖലകളിൽ വന്യമൃഗശല്യം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉയർന്നുവരും.
പ്രധാനമന്ത്രിയെ ഉയർത്തിക്കാട്ടിയാകും ബിജെപിയുടെ പ്രചാരണം. കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചു എന്ന എൽഡിഎഫ്-യുഡിഎഫ് ആരോപണത്തിനു മറുപടി കണ്ടെത്താൻ അവർ പ്രയാസപ്പെടും. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം തിരുവനന്തപുരം മേയറും കൗണ്‍സിലർമാരുമെല്ലാം ഡൽഹി യാത്രയിലാണ്. അവരും പാർട്ടിയും ഇത്തവണ ഒരുപാടു പ്രതീക്ഷയിലാണ്.
2021 നിയമസഭാ കക്ഷിനില
എൽഡിഎഫ് : 13
യുഡിഎഫ് : 01
എൻഡിഎ : 00
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ നിയമസഭാ മണ്ഡലങ്ങളിൽ മുന്നിലെത്തിയത്
എൽഡിഎഫ് : 01
യുഡിഎഫ് : 08
എൻഡിഎ : 05
Kerala
തിരുവനന്തപുരം: കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ അന്തിമ വിലയിരുത്തലിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലേക്ക്.
ഈ മാസം 22നും 23നും തെരഞ്ഞെടുപ്പ് വിലയിരുത്തലിനായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ സംസ്ഥാനത്തെത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും അംഗങ്ങളും അടക്കമുള്ളവർ കേരളത്തിലെത്തുമെന്നാണ് വിവരം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലകളിലെ ചുമതലയുള്ള ഉദ്യോഗസ്ഥരോടും തിരുവനന്തപുരത്തെത്താൻ നിർദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടർമാർ, ക്രമസമാധാന ചുമതലയുള്ള ജില്ലാ പോലീസ് മേധാവിമാർ, സംസ്ഥാനത്തെ പോലീസ് നോഡൽ ഓഫീസർ തുടങ്ങിയവരെയും കമ്മീഷൻ കാണും.
നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പര്യടനം നടത്തും. സംസ്ഥാനങ്ങളിലെ സ്ഥിതിഗതി വിലിയിരുത്തിയ ശേഷം ഡൽഹിയിൽ മടങ്ങിയെത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സന്പൂർണ യോഗം ചേർന്നാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്.
സംസ്ഥാനങ്ങളിൽ സ്ഥിതി അനുകൂലമെന്നു കണ്ടാൽ മാർച്ച് ഒന്നാം വാരമോ രണ്ടാം വാരമോ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഏപ്രിൽ രണ്ടാം വാരം തെരഞ്ഞെടുപ്പ് നടത്താമെന്നാണ് സംസ്ഥാനത്തുനിന്നുള്ള റിപ്പോർട്ട്. ഏപ്രിൽ ആദ്യ ആഴ്ച വിശുദ്ധ വാരമാണ്. മൂന്നാംവാരത്തിൽ വിഷുവും മറ്റ് അവധികളും വരുന്നുണ്ട്. അതിനാലാണ് രണ്ടാം വാരം കേരളത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ അനുയോജ്യമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് നൽകിയത്.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനെ കുറിച്ചോർത്ത് ഇടതുപക്ഷത്തിന് ഒരാശങ്കയുമില്ല. ഇത് കപട ആത്മവിശ്വാസമല്ല. നിറഞ്ഞ ആത്മവിശ്വാസം തന്നെയാണ്.
കാരണം എൽഡിഎഫ് ജനപക്ഷത്താണ്. ജനങ്ങൾക്ക് തങ്ങളെ അറിയാം. തങ്ങൾക്ക് ജനങ്ങളെയും അറിയാം. അതുകൊണ്ട് പ്രതിപക്ഷം എന്തു പുകമറ സൃഷ്ടിക്കാൻ ശ്രമിച്ചാലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് 100 സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ്. എന്നാൽ ’അതുക്കും മേലെ’ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മത്സരിക്കുമെന്നു പ്രഖ്യാപിച്ച നേമം നിയമസഭാ മണ്ഡലത്തിൽ ശശി തരൂർ എംപിയോട് രംഗത്തിറങ്ങാൻ കോണ്‍ഗ്രസ് ഉന്നത നേതൃത്വം ആവശ്യപ്പെട്ടു. എന്നാൽ നേമത്ത് ഒരു സാഹസിക പരീക്ഷണത്തിന് ഇല്ലെന്നും തിരുവനന്തപുരം സെൻട്രൽ ആണെങ്കിൽ തയാറാണെന്ന നിലപാടിലാണ് ശശി തരൂർ എന്ന് അറിയുന്നു.
വിജയസാധ്യത മാത്രം കണക്കാക്കി പരമാവധി സീറ്റുകൾ പിടിക്കുവാൻ ഉതകുന്നവരെ മത്സരത്തിന് ഇറക്കാനുള്ള സുനിൽ കനഗോലുവിന്റെ നിർദേശത്തിന്റെ ഭാഗമായാണ് ശശി തരൂരിനോടു നേമത്ത് മത്സരിക്കാൻ ആവശ്യപ്പെട്ടത്.
എന്നാൽ, നിലവിൽ സിപിഎമ്മിലെ മന്ത്രി വി. ശിവൻകുട്ടി ജയിച്ചതും പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ പോലും ബിജെപി സ്ഥിരമായി ഒന്നാമതെത്തുന്നതുമായ നേമത്തെ മത്സരം ആത്മഹത്യാ പരീക്ഷണം പോലെ ആകുമെന്ന ഭീതി ശശി തരൂർ ക്യാന്പിന് ഉണ്ട്.
ജയിച്ചാൽ ഒരു മണ്ഡലം കൂടി പിടിച്ചെടുക്കാം എന്നും നേമത്ത് തോറ്റാൽ ശശി തരൂരിന്റെ അസംബ്ലി , മുഖ്യമന്ത്രി മോഹങ്ങൾ തടയാൻ ആകുമെന്നുമാണ് കോണ്‍ഗ്രസിലെ ചിലരുടെ മോഹം എന്ന് കരുതുന്നവരുമുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കൾക്കു ശശി തരൂർ മത്സരത്തിന് ഇറങ്ങുന്നതിനോട് ആഭിമുഖ്യമില്ല .
എന്നാൽ, എഐ സിസിയിലെ ഒരു പ്രമുഖന് ഇക്കാര്യത്തിൽ താല്പര്യമുണ്ട് .ഒരു പക്ഷേ തരൂരിന്റെ ഡൽഹിയിലെ സാന്നിധ്യം കുറയ്ക്കാൻ ആകുമെന്നാകും കണക്കുകൂട്ടൽ.
തരൂർ നിയമസഭാ മത്സരിച്ചു ജയിക്കുകയും എംപി സ്ഥാനം രാജിവയ്ക്കുകയും ചെയ്യേണ്ടി വന്നാൽ ഉപതെരഞ്ഞെടുപ്പ് വരും. അങ്ങനെ വന്നാൽ കോണ്‍ഗ്രസിനു ജയിക്കാൻ ആകുമോ എന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ട്. സീറ്റ് മോഹികളായ മറ്റ് എംപിമാർ മത്സരിക്കാനിറങ്ങുന്നത് ദോഷം ചെയ്യുമെന്നാണ് അവരുടെ വിലയിരുത്തൽ.
സ്ഥാനാർഥിമോഹികളെ ക്കൊണ്ട് നട്ടംതിരിയുന്ന പാർട്ടിക്ക് അതു കൂടുതൽ ബാധ്യതയാകും. എംപിമാർ നിയമസഭയിൽ ജയിച്ചു വന്നാൽ ആ മണ്ഡലത്തിൽ വീണ്ടും ജയിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
അടൂർ പ്രകാശ് (ആറ്റിങ്ങൽ) ബെന്നി ബഹനാൻ (ചാലക്കുടി) കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര )എന്നിവരുടെ കാര്യത്തിൽ പാർട്ടി ചിന്തിക്കുന്നത് അങ്ങനെയാണ്. എന്നാൽ സാമുദായികവും പ്രാദേശികവുമായ പ്രാതിനിധ്യം ഉറപ്പിക്കാൻ ഇക്കാര്യത്തിൽ കോണ്‍ഗ്രസ് നേതൃത്വം ചില വിട്ടുവീഴ്ചകൾ നടത്തിയേക്കും.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വിദ്യാർഥികളെ നേരിൽ കണ്ട് നിർദേശങ്ങൾ സ്വീകരിക്കാൻ കെഎസ്യു. ഇതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന ജെൻസി കണക്ട് യാത്ര 20ന് കാസർഗോഡുനിന്ന് ആരംഭിക്കും.
പുതുതലമുറയുടെ കാഴ്ചപ്പാടുകളും ലഭ്യമാകുന്ന നിർദേശങ്ങളും ഉൾപ്പെടുത്തി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലകളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചുള്ള സമഗ്രമായ വികസന രേഖ ‘സ്റ്റുഡന്റസ് മാനിഫെസ്റ്റോ’ തയാറാക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പത്രസമ്മേളനത്തിൽ പറഞ്ഞു.
20ന് കാസർഗോഡു നിന്നാരംഭിച്ച് 28ന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന യാത്രയിൽ എൽഎഡിഎഫ് ഭരണത്തിൽ പൊതുവിദ്യാഭ്യാസ മേഖലയും ഉന്നത വിദ്യാഭ്യാസ മേഖലയും നേരിട്ട നിലവാരത്തകർച്ച തുറന്നുകാട്ടുന്ന സംവാദസദസുകൾ, സെമിനാറുകൾ എന്നിവയും സംഘടിപ്പിക്കും.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന യാത്രയിൽ വൈസ് പ്രസിഡന്റുമാരായ എം.ജെ. യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ, മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവർ വൈസ് ക്യാപ്റ്റൻമാരായും സംസ്ഥാന ജനറൽ സെക്രട്ടറിമാർ, എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവർ സ്ഥിരാംഗങ്ങളായും യാത്രയുടെ ഭാഗമാകും.
Kerala
കൊച്ചി: പഞ്ചായത്തില്‍പോലും മത്സരിക്കാന്‍ യോഗ്യതയില്ലാത്ത ആളുകളെ നിയമസഭയിലേക്ക് പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ നിരന്തരം വരുന്നുണ്ടെങ്കിലും സീറ്റ് ചര്‍ച്ചകളിലേക്ക് യുഡിഎഫ് കടന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല. യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നതാണ് തന്റെ നിലപാട്.
കോണ്‍ഗ്രസ് എല്ലാകാലത്തും ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കും സീറ്റ് കൊടുത്തിട്ടുണ്ട്. ജോസ് കെ. മാണിയുടെ പാര്‍ട്ടിയെ തിരിച്ച് യുഡിഎഫിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് ഇതുവരെ ആലോചനയുണ്ടായിട്ടില്ല.
സീറോ മലബാര്‍ സഭാ ആസ്ഥാനത്ത് പ്രതിപക്ഷനേതാവ് പോയതും സംസാരിച്ചതും താന്‍ അടക്കമുള്ള നേതാക്കളുടെ അറിവോടു കൂടിയാണ്. അതില്‍ യാതൊരു തെറ്റുമില്ല. പി.വി. അന്‍വറിന് സീറ്റ് കൊടുക്കണമോ എന്ന കാര്യം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം നടന്നേക്കും. മാർച്ച് ആദ്യവാരം നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും. നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെയും സംസ്ഥാന പോലീസ് മേധാവിമാരുടെയും യോഗം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ ഡൽഹിയിൽ വിളിച്ചിട്ടുണ്ട്. കേരളത്തിൽനിന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽക്കറും സംസ്ഥാന പോലീസ് തെരഞ്ഞെടുപ്പ് നോഡൽ ഓഫീസർ എച്ച്. വെങ്കിടേഷും പങ്കെടുക്കും.
ഏപ്രിൽ ആറിനു തുടങ്ങുന്ന ആഴ്ചയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പു നടത്താൻ ഉചിതമെന്നാണ് ശിപാർശ. ഏപ്രിൽ ആദ്യ ദിവസങ്ങൾ പെസഹവ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളാണ്. ഇതിനു ശേഷമുള്ള ആഴ്ച തെരഞ്ഞെടുപ്പിന് ഉചിതമാണ്. മൂന്നാം വാരത്തിൽ വിഷുവും വരുന്നുണ്ട്. പിന്നീട് തൃശൂർ പൂരം കൂടി കഴിഞ്ഞ ശേഷം ഏപ്രിൽ അവസാന വാരമേ സംസ്ഥാനത്തു തെരഞ്ഞെടുപ്പു നടത്താനാകൂ. തൃശൂർ പൂരത്തിന് പോലീസ് വിന്യാസം കൂടുതലായി വേണ്ടിവരും. കേന്ദ്രസേനയും വേണ്ടിവരും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് ഒറ്റഘട്ടമായാണ് നടത്തിയത്. മാർച്ച് ആദ്യം വിജ്ഞാപനവും ഇറക്കിയിരുന്നു. ഇതേ മാതൃക തന്നെയാകും ഇത്തവണയും പിന്തുടരുകയെന്നാണു സൂചന.
നിയമസഭാ തെരഞ്ഞെടുപ്പു മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലാ കളക്ടർമാരുടെയും ജില്ലാ പോലീസ് മേധാവിമാരുടെയും സംസ്ഥാന പോലീസ് മേധാവി നിശ്ചയിച്ച തെരഞ്ഞെടുപ്പ് നോഡൽ ഓഫീസറായ എഡിജിപിയുടെയും യോഗം ഇന്നലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചു ചേർത്തിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനു സുരക്ഷ ഒരുക്കുന്നതിനുള്ള പോലീസ് ക്രമീകരണവുമായി ബന്ധപ്പെട്ടായിരുന്നു യോഗം. സംസ്ഥാനത്താകെ സുരക്ഷ ഒരുക്കുന്നതിനുള്ള പോലീസ് ക്രമീകരണം, ബൂത്തുകളുടെ സുരക്ഷ, ബൂത്തിനു പുറത്ത് ഒരുക്കേണ്ട സുരക്ഷാ ക്രമീകരണം തുടങ്ങിയവയ്ക്കായി പോലീസുകാരെ വിന്യസിക്കേണ്ടതുണ്ട്. സംസ്ഥാനത്താകെ 30,773 ബൂത്തുകളാണുള്ളത്. 5,003 പുതിയ ബൂത്തുകൾ ക്രമീകരിച്ചതടക്കമാണിത്. സാധാരണ പോളിംഗ് ബൂത്തുകൾ കൂടാതെ പ്രശ്നബാധിത ബൂത്തുകളടക്കമുള്ളവയുടെ പട്ടിക തയാറാക്കലും സുരക്ഷാ ക്രമീകരണം ഒരുക്കലും വേണ്ടിവരും.
കളക്ടർമാരും എസ്പിമാരും ജില്ലകളിലെ സുരക്ഷ സംബന്ധിച്ചു വ്യത്യസ്ത റിപ്പോർട്ടുകൾ നൽകരുതെന്നും ഏകീകരിച്ച റിപ്പോർട്ടുകളാകണം തെരഞ്ഞെടുപ്പു കമ്മീഷനു നൽകേണ്ടതെന്നും സിഇഒ യോഗത്തിൽ നിർദേശിച്ചിരുന്നു.
എസ്ഐആറുമായി ബന്ധപ്പെട്ട് എല്ലാ ആഴ്ചയും സിഇഒ വിളിച്ചുചേർത്തിരുന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗവും ഇനിമുതൽ വേണ്ടെന്നു വച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിലേക്കു കടന്ന സാഹചര്യത്തിലാണിത്. കേരളം കൂടാതെ തമിഴ്നാട്, പശ്ചിമബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.