ന്യൂഡൽഹി: ഗോവയിൽ 25 പേർ വെന്തുമരിച്ച നിശാ ക്ലബ് ദുരന്തത്തിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷിച്ച മജിസ്ട്രേറ്റ്തല സമിതിയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്.
ഒരു ഉപ്പുപാടത്തിന്റെ നടുക്ക് യാതൊരു ലൈസൻസും ഇല്ലാതെയാണ് നൈറ്റ്ക്ലബ് പ്രവർത്തിച്ചത്. അനധികൃത നിർമാണത്തിനെതിരേ പഞ്ചായത്ത് അധികൃതർ ഒരുതരത്തിലുള്ള നടപടിയും സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. നിശാക്ലബ്ബിൽ പടക്കം പൊട്ടിച്ചിരുന്നത് യാതൊരു തരത്തിലുള്ള സുരക്ഷാ മുൻകരുതലും ഇല്ലാതെയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
നോർത്ത് ഗോവയിലെ അർപോറയിൽ പ്രവർത്തിച്ചിരുന്ന റോമിയോ ലൈൻ നിശാക്ലബ്ബിൽ കഴിഞ്ഞമാസം ആറിനുണ്ടായ തീപിടിത്തത്തിൽ വിനോദസഞ്ചാരികളും ജീവനക്കാരും ഉൾപ്പെടെ 25 പേരാണു വെന്തുമരിച്ചത്.
അതിനിടെ, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉൾപ്പെടെ വിവിധ വകുപ്പുകളിലെ എതാനും ഉദ്യോഗസ്ഥർക്കു കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നുംമുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.