സുല്‍ത്താന്‍ബത്തേരി: വീട് നിര്‍മാണം പൂര്‍ത്തിയായി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും വൈദ്യുതി ലഭിക്കാതെ ഗോത്ര കുടുംബങ്ങള്‍.
നൂല്‍പ്പുഴ കല്ലൂര്‍ പണപ്പാടി കാട്ടുനായ്ക്ക ഉന്നതിയിലെ അമ്മിണി, രാധ എന്നിവരുടെ വീടുകളാണ് വൈദ്യുതീകരിക്കാത്തത്. ഭവന നിര്‍മാണത്തിനൊപ്പം വയറിംഗ് നടത്തിയതാണ്. വൈദ്യുതി ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ കരാറുകാരന് ആവശ്യപ്പെട്ടതുപ്രകാരം കൈമാറുകയുമുണ്ടായി. എന്നിട്ടും വൈദ്യുതി ലഭ്യമാക്കാന്‍ നടപടി ഉണ്ടായില്ല. ഉന്നതിയിലെ മറ്റുവീടുകള്‍ വൈദ്യുതീകരിച്ചതാണ്. വൈദ്യുതിയുടെ അഭാവം കുട്ടികളുടെ പഠനത്തെയടക്കം ബാധിക്കുകയാണ്. യഥാക്രമം മൂന്ന്, ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന മൂന്നു കുട്ടികള്‍ രാധയ്ക്കുണ്ട്. മണ്ണെണ്ണ വിളക്കിന്റെയും ഉന്നതിക്കടുത്ത് സ്ഥാപിച്ച തെരുവിളക്കിന്റെയും വെളിച്ചത്തിലാണ് രാത്രി കുട്ടികള്‍ പഠിക്കുന്നത്. വന്യജീവിശല്യം കണക്കിലെടുത്ത് സ്ഥാപിച്ചതാണ് തെരുവുവിളക്ക്. രണ്ടു വീടുകളിലും ഉടന്‍ വൈദ്യുതി എത്തിക്കണമെന്നാണ് ഉന്നതിക്കാരുടെ ആവശ്യം.