തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും.
നാളെ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് പത്രിക സമർപ്പിക്കാനാകുക. സ്ഥാനാർഥി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടറായിരിക്കണം. പത്രിക സമർപ്പിക്കുന്ന തീയതിയിൽ 21 വയസ് പൂർത്തിയാക്കണം. സ്ഥാനാർഥിയെ നാമനിർദേശം ചെയ്യുന്നയാൾ അതേ വാർഡിലെ വോട്ടറായിരിക്കണം.
ഒരു സ്ഥാനാർഥിക്ക് മൂന്നു സെറ്റ് പത്രിക വരെ സമർപ്പിക്കാം. ഗ്രാമപഞ്ചായത്തിൽ മത്സരിക്കാൻ 2000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ 4000 രൂപയും കെട്ടിവയ്ക്കണം. കോർപറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ 5,000 രൂപയാണു കെട്ടിവയ്ക്കേണ്ടത്.
സ്ഥാനാർഥിയുടെ വിദ്യാഭ്യാസ യോഗ്യത, പത്രിക സമർപ്പിക്കുന്ന സമയത്ത് സ്ഥാനാർഥിയുടെ ക്രിമിനൽ കേസുകൾ, സ്ഥാനാർഥിയുടെയും കുടുംബാംഗങ്ങളുടെയും ആസ്തിയും ബാധ്യതയും സർക്കാരിനോ തദ്ദേശസ്ഥാപനത്തിനോ നൽകാനുള്ള കുടിശിക, അയോഗ്യതയുണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യം തുടങ്ങിയ വിവരങ്ങൾ പത്രികയോടൊപ്പം സമർപ്പിക്കണം. ഒരാൾക്ക് ഒരു തദ്ദേശ സ്ഥാപനത്തിലെ ഒരു വാർഡിൽ മാത്രമേ മത്സരിക്കാനാകൂ.എന്നാൽ ത്രിതല പഞ്ചായത്തുകളിൽ വ്യത്യസ്ത തലങ്ങളിൽ മത്സരിക്കാം.