മുംബൈ: പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തെ അടുക്കളകളെ ഗുരുതരമായി ബാധിച്ചുതുടങ്ങി. വാണിജ്യ സിലിണ്ടറുകൾക്കുപിന്നാലെ ഗാർഹിക സിലിണ്ടറുകളും ലഭിക്കാതായതോടെ ജനം പരിഭ്രാന്തരാണ്.
എണ്ണക്കന്പനികൾ ബുക്കിംഗ് സ്വീകരിക്കാതായതോടെ രാജ്യത്തു പലയിടത്തും എൽപിജി കേന്ദ്രങ്ങൾക്കുമുന്നിൽ രണ്ടു ദിവസമായി നീണ്ട ക്യൂ പ്രത്യക്ഷപ്പെടുന്നുണ്ട്. സിലിണ്ടർക്ഷാമം രൂക്ഷമായതോടെ രാജ്യത്തുടനീളം ഹോട്ടലുകളുടെയും ചെറുകിട ഭക്ഷണശാലകളുടെയും പ്രവര്‍ത്തനം താളംതെറ്റിയിരിക്കുകയാണ്.
രണ്ടുദിവസത്തിനുള്ളില്‍ ഭക്ഷണശാലകള്‍ പൂർണമായും അടച്ചിടേണ്ട അവസ്ഥയിലെത്തുമെന്ന് നാഷണല്‍ റസ്റ്ററന്റ് അസോസിയേഷന് ഓഫ് ഇന്ത്യ (എന്‍ആര്‍എഐ), ഇന്ത്യന്‍ ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അസോസിയേഷന് (എച്ച്എആര്) തുടങ്ങിയ സംഘടനകള്‍ പറയുന്നു.
പ്രതിവർഷം 6.6 ലക്ഷം കോടി രൂപയുടെ ഇടപാടാണു ഹോട്ടൽ, റസ്റ്ററന്റ് മേഖലയുടേത്. ഒരൊറ്റദിവസം അടഞ്ഞുകിടന്നാൽ ഏകദേശം 1,200 കോടി രൂപ മുതല്‍ 1,300 കോടിരൂപയുടെ നഷ്ടമാണ് ഉണ്ടാകുക -അവർ വ്യക്തമാക്കി.
രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം 20 ശതമാനത്തോളം ഭക്ഷണശാലകൾ അടച്ചുകഴിഞ്ഞു. ചിലയിടങ്ങളിൽ വിഭവങ്ങൾ പരിമിതപ്പെടുത്തി. രണ്ടു മൂന്നു ദിവസത്തേക്കുള്ള ഇന്ധനം അവശേഷിക്കുന്നതിനാൽ രണ്ടുദിവസംകൂടി മുന്നോട്ടു നീങ്ങാമെന്ന് വൻകിട ഭക്ഷണശാലകൾ പറയുന്നു.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ ചെറിയ ഭക്ഷണശാലകൾ പലതും അടച്ചിട്ടിരിക്കുകയാണ്. ഡല്‍ഹി ഹൈക്കോടതി കാന്റീനിൽ പ്രധാന വിഭവങ്ങളായ ബിരിയാണി, ദാല്‍ മഖാനി, ഷാഹീ പനീര്‍ പോലുള്ളവ ഉണ്ടാക്കുന്നത് നിർത്തി. ഇന്ധനക്ഷാമമാണു കാരണമെന്ന നോട്ടീസും കാന്റീനിൽ പ്രദർശിപ്പിച്ചുണ്ട്. മുംബൈയിലും പരിസരങ്ങളിലുമുള്ള 20 ശതമാനത്തോളം റസ്റ്ററന്റുകൾ അടച്ചുകഴിഞ്ഞു.
ഐടി നഗരമായ ബംഗളൂരുവിലും സ്ഥിതിഗതികൾ വ്യത്യസ്തമല്ല. ചെറിയ റസ്റ്ററന്റുകളില്‍ ചായയും കാപ്പിയും മാത്രമാണു ലഭിക്കുന്നത്. ഗെയില്‍ പൈപ്പ് ലൈനില്‍നിന്നുള്ള ഇന്ധനം ഉപയോഗിക്കുന്ന 15 ശതമാനത്തോളം ഭക്ഷണശാലകളില്‍ ഇതുവരെ പ്രതിസന്ധിയില്ല.
തമിഴ്നാട്ടില്‍ ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി 20 മുതല്‍ 25 ദിവസത്തേക്കുവരെ ലഭ്യമാണെങ്കിലും വ്യാവസായിക സിലിണ്ടറുകളുടെ കാര്യത്തിൽ കടുത്ത ക്ഷാമമാണ്. പശ്ചിമബംഗാൾ, പഞ്ചാബ്, ചണിഗഡ്, ഒഡീഷ, മധ്യപ്രദേശ്, ബിഹാര്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലും ഭക്ഷണശാലകളുടെ പ്രവർത്തനം നിലച്ചുതുടങ്ങി.
► സംസ്ഥാനത്തും ക്ഷാമം◄
സംസ്ഥാനത്തും പാചകവാതക ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. വാണിജ്യസിലിണ്ടറുകൾ കിട്ടാതായതോടെ ഹോട്ടലുകൾ പ്രതിസന്ധിയിലാണ്. പലയിടത്തും ഹോട്ടലുകൾ പൂട്ടിത്തുടങ്ങി. ചില ഹോട്ടലുകൾ മെനു വെട്ടിക്കുറച്ചാണ് മുന്നോട്ടുപോകുന്നത്. പലയിടത്തും തട്ടുകടകളും പൂട്ടി. പത്തു സിലിണ്ടറുകള്‍ വരെ പ്രതിദിനം ഉപയോഗിക്കുന്ന വൻകിട ഹോട്ടലുകള്‍ക്ക് ഇന്നലെ രണ്ടെണ്ണം മാത്രമാണു ലഭിച്ചത്.
പാചകവാതകവിതരണം തടസപ്പെടുമെന്ന ആശങ്കയിൽ ഗ്യാസ് സിലിണ്ടർ ബുക്കിംഗ് ഇരട്ടിയായെന്ന് ഏജൻസികൾ അറിയിച്ചു. 80 സിലിണ്ടറുകൾവരെ നൽകിയിരുന്ന വിതരണക്കാർക്ക് ഇപ്പോൾ 20 സിലിണ്ടറുകൾമാത്രമാണ് കൊടുക്കാനാകുന്നത്. വീടുകളിലേക്കുള്ള പാചകവാതക ലോഡുകൾ മാത്രമാണ് ഇപ്പോഴെത്തുന്നത്.