കൊച്ചി: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ജോലികളില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു തെരഞ്ഞെടുപ്പ് കമ്മീഷൻ കമ്മീഷന് രണ്ടു ദിവസത്തെ ഡ്യൂട്ടി ഓഫ് അനുവദിച്ചെങ്കിലും പ്രഖ്യാപനം കടലാസിലൊതുങ്ങിയെന്ന് പോലീസ് ഉദ്യോഗസ്ഥര്‍.
ഒരേയൊരു ഡ്യൂട്ടി മാത്രം ചെയ്യുന്ന മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് രണ്ടു ദിവസത്തെ ഡ്യൂട്ടി ഓഫ് അനുവദിച്ചെങ്കിലും സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരെ തഴഞ്ഞെന്നാണ് ആക്ഷേപം.
തദ്ദേശ തെരഞ്ഞെടുപ്പ് ഒരു ദിവസത്തെ ഇടവേളയില്‍ രണ്ടു ഘട്ടങ്ങളായി നടക്കുന്നതിനാൽ പോലീസുകാർ നാലു ദിവസം വിശ്രമമില്ലാതെ ഡ്യൂട്ടി ചെയ്യേണ്ടിവരുന്നു. ഇതു സേനാംഗങ്ങൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കി.
ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സംസ്ഥാന പോലീസ് സേനയിലെ എല്ലാ വിഭാഗങ്ങളില്‍നിന്നുമായി 5,000ലധികം ഉദ്യോഗസ്ഥരെയാണു നിയോഗിച്ചിരിക്കുന്നത്. മകരവിളക്ക് ഉള്‍പ്പെടെയുള്ള സമയത്ത് ഉദ്യോഗസ്ഥരുടെ എണ്ണം ഇതിലും കൂടും. കഴിഞ്ഞദിവസം മൂന്നാം ടേണിലെ ഉദ്യോഗസ്ഥര്‍ ശബരിമല ഡ്യൂട്ടിയില്‍ പ്രവേശിച്ചു.
രണ്ടാം ടേണ്‍ പൂര്‍ത്തിയാക്കിയവര്‍ ശബരിമലയില്‍നിന്നു തിരിച്ചെത്തി പിറ്റേന്നുതന്നെ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെടുകയായിരുന്നു. ഭൂരിപക്ഷം പോലീസ് ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പിന്റെ രണ്ടു ഘട്ടങ്ങളിലും ക്രമസമാധാനച്ചുമതലയുടെ ഭാഗമായി ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടവരാണ്.
ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടി ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച രാത്രിയോടെ കണ്ണൂര്‍, വയനാട്, മലപ്പുറം ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളിലെ ഡ്യൂട്ടിക്കായി പുറപ്പെട്ടു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ മാത്രമേ ഇവര്‍ക്കു മടങ്ങിയെത്താനാകൂ. വീട്ടില്‍ പോകാനും മറ്റും കഴിയാത്തതിനാല്‍ ഇട്ട യൂണിഫോമിലാണ് മറ്റു ജില്ലകളിലേക്കു ഡ്യൂട്ടിക്കായി പോകേണ്ടിവന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മലബാര്‍ മേഖലയില്‍ നിലവില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 22,000 പോലീസ് ഉദ്യോഗസ്ഥരാണ്.
ഇന്ന് വോട്ടെടുപ്പും കഴിഞ്ഞ് മെഷീനുകള്‍ തിരിച്ചേൽപ്പിച്ചശേഷം പുലര്‍ച്ചെയാകും പലര്‍ക്കും ജില്ലകളിലേക്കു മടങ്ങാനാകുക. 13ന് നടക്കുന്ന വോട്ടെണ്ണലിലും പലര്‍ക്കും ഡ്യൂട്ടിയുണ്ട്.