കണ്ണൂർ: ബാർ പ്രവർത്തന സമയം ദീർഘിപ്പിച്ചതല്ല, ഏകീകരിച്ചതാണെന്നു മന്ത്രി എം.ബി. രാജേഷ്. ടൂറിസം കേന്ദ്രങ്ങളിൽ നേരത്തേ അനുവദിച്ച സമയം മറ്റുള്ളവർക്കുകൂടി ബാധകമാക്കുകയായിരുന്നു.
മറ്റു സംസ്ഥാനങ്ങളിലേക്കാളും ഫീസ് വാങ്ങുന്നു. എന്നാൽ, കൂടുതൽ നിയന്ത്രണം അടിച്ചേൽപ്പിക്കുന്നു എന്ന പ്രശ്നം കുറേക്കാലമായി സർക്കാരിന്റെ മുന്നിലുള്ളതാണെന്നും തളിപ്പറന്പ് മാങ്ങാട്ടുപറന്പിൽ മാധ്യമങ്ങളോടുമന്ത്രി പറഞ്ഞു.
കർണാടകയിൽ പ്രവർത്തനസമയം 9–12 ഉം ബംഗളൂരുവിൽ 9–1 ഉം ആന്ധ്രയിൽ 10–12 ഉം വരെയാണ്. ലൈസൻസ് ഫീസ് കുറവുമാണ്. കേരളത്തിൽ 35 ലക്ഷം എന്നത് ഏകീകൃത നിരക്കാണ്. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി കേരളത്തിലാണ്.
ടൂറിസം കാഴ്ചപ്പാടുകളിൽ നിന്നുകൊണ്ടുള്ള ഇളവുകളാണു നൽകുന്നത്. മീറ്റിംഗുകൾ, കോൺഫറൻസുകൾ എന്നിവ വരുമ്പോൾ പ്രത്യേക അപേക്ഷയുടെ അടിസ്ഥാനത്തിൽ ഇളവ് നൽകാൻ തീരുമാനിച്ചിരുന്നു. ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് അധിക തുക അടച്ചാൽ പുലർച്ചെ മൂന്നുവരെ പ്രവർത്തിക്കാം.
കത്തോലിക്കാ സഭ പറഞ്ഞതു കേട്ടിട്ടില്ല
ബാർ പ്രവർത്തനസമയം കൂട്ടിയതുമായി ബന്ധപ്പെട്ട് കത്തോലിക്കാ സഭ പറഞ്ഞതു കേട്ടിട്ടില്ല. സർക്കാർ ഡീലുകൾ ഉണ്ടാക്കുന്നവരല്ല. മദ്യം വർജിക്കേണ്ടത് കഴിക്കുന്ന ആളുകളാണ്. മദ്യവിരുദ്ധ സമിതികൾ ഊർജിതമായി പ്രവർത്തിക്കണം. ആളുകളെ പിന്തിരിപ്പിക്കുകയും മാനസാന്തരപ്പെടുത്തുകയും ചെയ്യണം.
മദ്യപിക്കാൻ പാടില്ല എന്ന് സിപിഎം ഭരണഘടനയിൽത്തന്നെ പറയുന്നുണ്ട്. മദ്യവർജനമാണു നയം, നിരോധനമല്ല. മദ്യം ലഭിക്കുന്നുണ്ടെങ്കിൽ അതുവേണ്ടെന്നു വച്ചാൽ മതി. മദ്യവ്യവസായം ഈ സർക്കാർ കണ്ടുപിടിച്ചതല്ല. മദ്യം നിരോധിച്ച സംസ്ഥാനങ്ങളുടെ സ്ഥിതി എന്താണ്. മദ്യനിരോധനം തട്ടിപ്പാണെന്നു പ്രതിപക്ഷ നേതാവ്തന്നെ പറഞ്ഞു.
നിരോധനം എന്നത് ലോകത്തെവിടെയെങ്കിലും വിജയിച്ചിട്ടുണ്ടോ? പത്തു വർഷം കൊണ്ട് സർക്കാർ എന്തോ ചെയ്തു എന്നു പറയുന്നത് ഇരട്ടത്താപ്പും കാപട്യവുമാണ്. കേരളത്തിൽ മാത്രമുള്ള പ്രശ്നം എന്ന നിലയ്ക്ക് അവതരിപ്പിക്കുന്നത് ശരിയല്ല. സ്വകാര്യ സംഭാഷണങ്ങളിൽ സമയം നീട്ടുന്നതിനുൾപ്പെടെ എല്ലാവരും അനുകൂലമാണ്. ഫയൽ തിടുക്കത്തിൽ ഒപ്പിട്ടുവെന്ന ആരോപണം ശരിയല്ല. വളരെ സാവധാനമാണ് ഫയൽ നീങ്ങിയത്. അല്ലെങ്കിൽ ഒക്ടോബറിൽതന്നെ തീരുമാനമുണ്ടാകുമായിരുന്നു. പ്രതിപക്ഷത്തിനും ഇത് അറിയാമായിരുന്നു. അനുകൂല നിലപാടാണു പ്രതിപക്ഷം സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.