തിരുവനന്തപുരം: മലയോര കർഷകരുടെ 34,000 ഏക്കർ ഭൂമി ഏറ്റെടുത്തു വനമാക്കി മാറ്റിയ നിയമം പുനഃപരിശോധിക്കണമെന്ന് ജെ.ബി. കോശി കമ്മീഷൻ ശിപാർശ ചെയ്തു. ഇനിയും കൂടുതൽ സ്ഥലങ്ങൾ വനമാക്കിയോ പരിസ്ഥിതി ദുർബല പ്രദേശങ്ങളാക്കിയോ മാറ്റേണ്ടതില്ലെന്നും കമ്മീഷൻ നിർദേശിച്ചു.
സർക്കാർ ഇന്നലെ പുറത്തുവിട്ട ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ മലയോര പ്രദേശങ്ങൾക്കുവേണ്ടിയുള്ള പ്രത്യേക ഭാഗത്താണ് ഈ നിർദേശമുള്ളത്. കേരളത്തിലെ വനം, റവന്യു അതിർത്തി മുഴുവൻ ജോയിന്റ് സർവേയുടെ അടിസ്ഥാനത്തിൽ അളന്നുതിരിക്കണം. പട്ടയഭൂമികൾക്കെല്ലാം പൊതുവായ നിബന്ധനകൾ മതിയാകും. മൃഗപ്പെരുപ്പം നിയന്ത്രിക്കണം.
ആനയ്ക്കും കടുവയ്ക്കും നൽകുന്ന പ്രാധാന്യം പന്നിക്കും ക്ഷുദ്രജീവികൾക്കും നൽകേണ്ടതില്ല. കൃഷിയെ സംരക്ഷിക്കാൻ മറ്റു മാർഗങ്ങളില്ലെങ്കിൽ കൃഷിസ്ഥലത്തേക്കു വരുന്ന വംശനാശ ഭീഷണി നേരിടാത്ത ഏതു ജന്തുവിനെയും കൊല്ലാനോ പിടിക്കാനോ ഉള്ള സ്വാഭാവിക നിയമാവകാശം കർഷകനു നൽകണം. അതിനു പറ്റില്ലെങ്കിൽ ഈ ജന്തുക്കൾ വരുത്തുന്ന വിളനാശത്തിന്റെ നഷ്ടം നികത്താനുള്ള ബാധ്യത സർക്കാരിനായിരിക്കണം.
കുട്ടനാട്ടിൽ ഭവനനിർമാണത്തിനുള്ള തടസങ്ങൾ നീക്കണം. 2015 ജനുവരി ഒന്നിനു മുന്പു കർഷകരുടെ കൈവശത്തിലിരുന്ന കരഭൂമയിൽ ഗൃഹനിർമാണത്തിന് ഉപകരിക്കുന്ന തരത്തിൽ ബിടിഎസ് രജിസ്റ്ററിൽ പരിവർത്തനം വരുത്തണം.
നൂറ്റാണ്ടുകൾക്കു മുന്പു സ്ഥാപിച്ച ചന്പക്കുളം പള്ളിയും മറ്റു ദേവാലയങ്ങളും പുതുക്കിപ്പണിയുന്നതിനും വീടുകൾ പുതുക്കിപ്പണിയുന്നതിനും തടസമായി നിൽക്കുന്ന പട്ടയപ്രശ്നം പരിഹരിക്കണം. കുട്ടനാട്ടിൽ കർഷകർക്കായി പ്രത്യേക വിള ഇൻഷ്വറൻസ് നടപ്പിലാക്കണം. വാട്ടർ മെട്രോ പോലെ കുട്ടനാട്ടിൽ ഒരു വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം നടപ്പിലാക്കണം.
കുട്ടനാട്ടിൽനിന്നു ശേഖരിക്കുന്ന നെല്ല് അരിയാക്കി കുട്ടനാട് ബ്രാൻഡിൽ വിറ്റഴിക്കുന്നതിനായി ആധുനിക റൈസ് മിൽ സ്ഥാപിക്കണം. ഷെവ. ഐ.സി. ചാക്കോയുടെ പേരിൽ കുട്ടനാട്ടിൽ ഒരു പരിസ്ഥിതി ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രം ആരംഭിക്കണം. കുട്ടനാട്ടിലെ രോഗാതുരതയെക്കുറിച്ച് എപ്പിഡമോളജിക്കൽ സർവേയും ക്രോണിക് വിഷബാധയെക്കുറിച്ചു പഠനവും നടത്തി പരിഹാരനിർദേശങ്ങൾ തേടണമെന്നും റിപ്പോർട്ടിൽ പറയുന്നു.