കോട്ടയം: എഫ്സിആര്എയില് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ. സഭയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ്. രാജ്യത്തിന്റെ നിയമത്തിനു വിധേയമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം, ചട്ടങ്ങള്‍ പരിഷ്കരിക്കും മുമ്പ് ബന്ധപ്പെട്ടവരുമായി കൂടിയാലോചനകള്‍ നടത്താമായിരുന്നെന്നും എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുമ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നതെന്നും മലങ്കരസഭ മാധ്യമവിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത പറഞ്ഞു.
എഫ്സിആര്‍എ അക്കൗണ്ട് ഉടമകളുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെയും പബ്ലിക്കേഷനുകളുടെയും വിവരങ്ങള്‍ ആവശ്യപ്പെടുന്നത് സംശയാസ്പദവും മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റവുമാണ്.
ബാങ്ക് അക്കൗണ്ടുകളിലൂടെ ക്രയവിക്രയം നടത്തപ്പെടുന്ന സാമ്പത്തിക ഇടപാടുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട്. ഇതിനു പുറമേ പ്രസ്ഥാനങ്ങളുടെ നിലപാടുകളെയും ഓഡിറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിനു നേരേ യുള്ള വെല്ലുവിളിയാണ്.
സര്‍ക്കാരുകളെ വിമര്‍ശിച്ചാല്‍ അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെടാമെന്ന മുന്നറിയിപ്പ് പരോക്ഷമായി നല്‍കുകയാണോയെന്ന് സ്വാഭാവികമായും സംശയിക്കാമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. സാങ്കേതിക പിശകുകള്‍ സംഭവിച്ചാല്‍പ്പോലും വലിയ തുക പിഴ ഈടാക്കാനുള്ള വ്യവസ്ഥകള്‍ പ്രസ്ഥാനങ്ങളെ തളര്‍ത്തും. സംസ്ഥാനത്തിനു പുറത്തുള്ള മിഷന് പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടാനുള്ള സാധ്യതകളും പുതിയ ചട്ടത്തില്‍ പ്രകടമാണ്.
ഇത്തരം സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്കാന് അധികാരികള്‍ ബാധ്യസ്ഥരാണ്. ക്രൈസ്തവസഭകള്‍ സംഭാവന ചെയ്തിട്ടുള്ള ആതുരാലയങ്ങളും, വിദ്യാലയങ്ങളും ഈ രാജ്യത്തോടുള്ള സ്നേഹത്തിന്റെയും ആത്മാര്‍ത്ഥതയുടെയും പ്രതീകങ്ങളാണ്. സഭകളുടെ ക്രൈസ്തവദൗത്യത്തെ സംശയത്തോടെ നിരീക്ഷിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെടരുത്.
വ്യവസായങ്ങള്‍ക്കും ഖനനത്തിനുമടക്കം നിയമങ്ങള്‍ ലളിതവത്കരിക്കുമ്പോള്‍ മാനവസേവനത്തിന് ചട്ടങ്ങള്‍ കൂച്ചുവിലങ്ങിടുന്നത് ഖേദകരമാണ്.
എഫ്സിആര്‍എ വിഷയത്തില്‍ വിവിധ ക്രൈസ്തവസഭകളുമായി കൂടിയാലോചിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് ഡോ.യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്താ പറഞ്ഞു.