കേരളത്തിൽ ആവർത്തിച്ചുണ്ടാകുന്ന മണ്ണിടിച്ചിൽ ഗൗരവമായി പഠിക്കേണ്ട വിഷയമാണ്. അതനുസരിച്ച് ഭൂവിനിയോഗത്തിൽ ശാസ്ത്രീയമായ മാറ്റങ്ങളുമുണ്ടാകണം. ഇതിനായി വ്യക്തമായ അറിവും പഠനവും അനിവാര്യമാണ്.
കേരളത്തിന്റെ 48 ശതമാനം മലനാട് ആണ്. ഇവയിൽ കുന്നുകൾ മുതൽ കുത്തനെ ചെരിവുള്ള മേഖലകൾ വരെയുണ്ട്.
മലനിരകളും കാടുകളുമാണ് പ്രധാന ആവാസ വ്യവസ്ഥ. 42 ശതമാനം ഇടനാടാണ്. 10 ശതമാനം തീരമേഖലയും. കടലിന്റെയും കായലുകളുടെയും സാമീപ്യമുള്ളതിനാൽ തീരപ്രദേശവും അത്ര സുരക്ഷിതമല്ല. ചുരുക്കത്തിൽ ഇടനാടൻ മേഖലയുടെ ബഫർ സോൺ ഉൾപ്പെടെ 60 ശതമാനം പ്രദേശം മാത്രമേ താരതമ്യേന സുരക്ഷിതമായിട്ടുള്ളൂ. ഇടനാട്ടിൽ ആവട്ടെ തണ്ണീർത്തടങ്ങൾ, വയലുകൾ, ജലസ്രോതസുകൾ, കുന്നുകൾ എന്നിവയ്ക്കും സ്ഥലം ആവശ്യമാണ്. മറ്റിടങ്ങളിലെപോലെ വാസസ്ഥലം, കൃഷിയിടങ്ങൾ എന്ന വേർതിരിവില്ലാതെ ചിതറിക്കിടക്കുന്ന ആവാസരീതിയാണ് നമുക്കുള്ളത്.
കിഴക്കുനിന്ന് പടിഞ്ഞാറേക്ക് ചെരിഞ്ഞാണ് കൂടുതൽ ഭൂമിയും കിടക്കുന്നത്. നദികൾ ഉൾപ്പെടെയുള്ളവയുടെ നീരൊഴുക്കിന്റെ ദിശയും ഇതേ രീതിയിൽ തന്നെയാണ്. പക്ഷേ നമ്മുടെ വികസന ഇടപെടലുകൾ കൂടുതലും നടന്നത് തെക്കുവടക്ക് ദിശയിലാണ്.
വർഷത്തിൽ 120 ദിവസം മാത്രമേ നല്ല മഴ ലഭിക്കൂ. പെയ്യുന്ന ദിവസങ്ങളിലാവട്ടെ ഏതാനും മണിക്കൂറുകളിലാണ് ഇത്രയധികം മഴ ചെരിഞ്ഞ ഭൂമിയിൽ വീഴുന്നത്. 40 മണിക്കൂർ കൊണ്ട് 3,000 മില്ലിമീറ്റർ വാർഷിക മഴ എന്നാണ് കണക്ക്. മഴത്തുള്ളിയുടെ കനവും വലിപ്പവും ശക്തിയും വളരെ കൂടുതലാണ്. പെയ്തൊഴിയുന്ന മഴയുടെ നല്ലൊരു ഭാഗവും ഉപരിതല നീരൊഴുക്കായി 72 മണിക്കൂറിനുള്ളിൽ കടലിലേക്കു പോകുന്നു. മണ്ണിന്റെ കനം കുറവായതിനാൽ ഒരേസമയം ധാരാളം മഴവെള്ളം കരുതിവയ്ക്കാനുള്ള സ്ഥലവും കുറവാണ്. അതുകൊണ്ടുതന്നെ മഴക്കാലത്ത് വെള്ളപ്പൊക്കം, പ്രളയം. മഴ മാറിയാൽ വരൾച്ച, ജലക്ഷാമം എന്ന രീതിയിലാണ് കാര്യങ്ങൾ.
ഒരിഞ്ച് കനത്തിൽ സ്വാഭാവികമായി മണ്ണ് ഉണ്ടാകാൻ ആയിരം വർഷം വേണം. അതു നഷ്ടമാകാൻ കേവലം നാലു വർഷം മതി. കേരളത്തിൽ ഒരു ഹെക്ടറിൽനിന്ന് ശരാശരി ഒരു വർഷം 32 ടൺ വരെ മേൽമണ്ണ് ഒഴുകി നഷ്ടമാകുന്നുണ്ട്. ഭൂമിയിൽനിന്ന് കുറെ മണ്ണ് ഏതു സാഹചര്യത്തിലും നഷ്ടമാകാം. ചുഴലിക്കാറ്റുകൾ ഉൾപ്പെടെ തീരത്തെ കൂടുതൽ അശാന്തമാക്കുന്നു.
ഓരോ പ്രദേശവും ഓരോ കാർഷിക ആവാസവ്യവസ്ഥയിലാണ് കിടക്കുന്നത്. അവയെല്ലാം തനതായ സവിശേഷതകളുള്ളവയാണ്. ഒരു ഹെക്ടർ വന ആവാസവ്യവസ്ഥ 30,000 ഘന കിലോലിറ്ററും 10 സെന്റ് വയൽ 1,60,000 ലിറ്ററും മഴവെള്ളം ഉൾക്കൊള്ളും. നീർവാർച്ച, കിനിഞ്ഞിറങ്ങൽ, നീരൊഴുക്കു വിന്യാസം എന്നിവയെല്ലാം തനതും വ്യത്യാസമുള്ളവയുമാണ്. ഓരോയിടത്തും കാർഷിക, ഭൂവിനിയോഗ രീതികൾക്കും വ്യത്യാസം കാണാവുന്നതാണ്.
സമഗ്രവും ശാസ്ത്രീയവുമായ ഭൂ പരിപാലനത്തിന് ഈ സവിശേഷതകൾ വേർതിരിച്ചറിയേണ്ടതുണ്ട്. ഭൂപ്രകൃതി, ചെരിവ്, മൺതരങ്ങൾ, പാറകളുടെ ഘടന, ജലാഗിരണ ശേഷി, ഭൂവിനിയോഗം തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളും മനുഷ്യന്റെ ഇടപെടലുകളും കൂടിയാണ് ഓരോ പ്രദേശത്തിന്റെയും ദീർഘകാല നിലനിൽപ് നിർണയിക്കുന്നത്. ഓരോ പ്രദേശത്തെയും പ്രകൃതി പ്രതിഭാസങ്ങൾക്കും ദുരന്തങ്ങൾക്കും വ്യത്യാസമുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ് എന്നിവ മലനാടിനു ഭീഷണിയാകുന്നു. വരൾച്ച, വെള്ളക്കെട്ട്, വെള്ളപ്പൊക്കം, ഭൂകമ്പം, പ്രളയം എന്നിവ ഇടനാടിനെയും ചുഴലിക്കാറ്റുകൾ ഉൾപ്പെടെയുള്ളവ തീരദേശത്തെയും പ്രശ്നസങ്കീർണമാക്കുന്നു.
സ്വാഭാവികവും മനുഷ്യപ്രേരിതവുമായ കാരണങ്ങളാൽ വിവിധ പ്രകൃതിപ്രതിഭാസങ്ങൾ രൂപപ്പെടുന്നു. അവയെ മനസിലാക്കി പ്രതിരോധിക്കാനും ദുരന്തങ്ങൾ കുറയ്ക്കാനും മാത്രമേ കഴിയുകയുള്ളൂ. മുൻകൂട്ടി അറിഞ്ഞ് ദുരന്തങ്ങൾ ഒഴിവാക്കുക എന്നതാണ് മുന്നിലുള്ള വഴി. പിന്നെ പ്രകൃതിയുടെ പ്രതിഭാസങ്ങൾ വർധിപ്പിക്കുന്ന മനുഷ്യ ഇടപെടലുകളുണ്ടാകുന്ന ജീവിതശൈലി ഒഴിവാക്കുന്നതും പ്രധാനമാണ്.
സംസ്ഥാനതല കാഴ്ചപ്പാടുകൾക്കും കണക്കുകൾക്കുമപ്പുറം ഓരോ പ്രദേശത്തെയും ഭൗമ സവിശേഷതകൾ, സാധ്യതകൾ, പരിമിതികൾ, പ്രശ്നങ്ങൾ, നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ, ഏർപ്പെടേണ്ട മുൻകരുതലുകൾ എന്നിവയും തനതും വ്യത്യസ്തവുമാണ്. ഇവ സംബന്ധിച്ച് വിപുലവും വിശാലവുമായ വിദ്യാഭ്യാസം ആവശ്യമാണ്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും വിഭവ ഭൂപടങ്ങൾ തയാറാക്കിയിട്ടുണ്ട്. ഓരോ സർവേ നമ്പറിലെയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടങ്ങളും റിപ്പോർട്ടുകളും ആണിവ.
ബ്ലോക്ക്തല നീർത്തട ഭൂപടങ്ങൾ, പ്ലാനുകൾ, റിപ്പോർട്ടുകൾ എന്നിവയും ലഭ്യമാണ്. ഇവയുടെ സഹായത്താൽ ഭൂസാക്ഷരതാ പരിപാടി നടത്താവുന്നതാണ്. പരിണാമഘടനയിലെ നിലവിലെ അവസാന ജീവിയായ മനുഷ്യരും പ്രകൃതിയുടെ ഭാഗമാണെന്ന് തിരിച്ചറിയുന്ന ഒരു ഭൂസാക്ഷരത നമുക്ക് ആവശ്യമാണ്. അവയിൽ ജലം, പരിസ്ഥിതി, മണ്ണ്, ജൈവസമ്പത്ത്, നീർത്തടങ്ങൾ, തണ്ണീർത്തടങ്ങൾ, കൃഷി, ഊർജം, ആരോഗ്യം, ദുരന്ത പരിപാലനം, മറ്റ് പ്രകൃതി ഘടകങ്ങൾ എന്നീ മേഖലകളിലും സാക്ഷരത ആവശ്യമാണ്. ഇവയെല്ലാം ചേർത്തുള്ള വിഭവ സാക്ഷരതയുടെ മുൻ ഉപാധിയാണ് ഭൂസാക്ഷരത.