തിരുവനന്തപുരം: പ്രവാസികളുടെയും ബന്ധുക്കളുടെയും പരാതികൾ കൈകാര്യം ചെയ്യാനായി സംസ്ഥാനത്ത് എൻആർഐ പോലീസ് സ്റ്റേഷൻ തുടങ്ങാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രവാസികളുടെ പ്രശ്നങ്ങളിൽ ആവശ്യമായ സഹായവും ഇടപെടലും നടത്തുന്നതിനായാണ് പ്രത്യേക സ്റ്റേഷൻ പോലീസ് ആസ്ഥാനത്ത് ആരംഭിക്കുന്നത്.
സംസ്ഥാന പോലീസ് മേധാവി നല്കിയ നിര്‍ദ്ദേശം മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. ലോക കേരള സഭാ സെക്രട്ടേറിയറ്റും നോര്‍ക്കയും പ്രവാസികള്‍ക്കായി പോലീസ് സ്റ്റേഷന് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എൻആർഐ പോലീസ് സ്റ്റേഷൻ 25 തസ്തികകൾ സൃഷ്ടിക്കും.
ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ വഴിയുള്ള അനിയന്ത്രിതമായ തട്ടിപ്പുകള്‍, സൈബര്‍ നിക്ഷേപ തട്ടിപ്പുകള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, വ്യാജ ജോലി ഓഫറുകള്‍ തുടങ്ങിയ വിവിധ തട്ടിപ്പുകള്‍ പ്രവാസികൾ നേരിടുന്നുണ്ട്. ഇതിനു പരിഹാരമായിട്ടാണ് എൻആര്‍ഐ സ്റ്റേഷൻ ആരംഭിക്കുന്നത്.