ഏലംകുളം: ഷിഗല്ല രോഗവ്യാപനം തടയുന്നതിനായി ഏലംകുളം ഗ്രാമപഞ്ചായത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി.
ഇതിന്റെ ഭാഗമായി 51 സ്ഥാപനങ്ങളില്‍ പ്രത്യേക സ്ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കുടുംബാരോഗ്യ കേന്ദ്രം ഏലംകുളത്തിലെയും സമീപ പഞ്ചായത്തുകളിലെയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധനയില്‍ പങ്കെടുത്തു. ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ നാസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിബു ജി.എല്‍. എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി. ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി തുടര്‍ന്നും പരിശോധനകള്‍ ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നല്‍കും.
നിശ്ചിത സമയത്തിനുള്ളില്‍ ന്യൂനതകള്‍ പരിഹരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ 2003-ലെ കേരള പൊതുജനാരോഗ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കും.നിലവില്‍ ഏലംകുളം ഗ്രാമപഞ്ചായത്തില്‍ ഏഴ് പേര്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 115 പേര് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികള്‍, സ്കൂളുകള്‍, മദ്രസകള്‍ എന്നിവിടങ്ങളില്‍ ക്ലോറിനേഷന് പൂര്‍ത്തിയാക്കി. വിവിധ കുടിവെള്ള സ്രോതസ്സുകളില്‍നിന്ന് 83 ജലസാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ പൊതുജനാരോഗ്യ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടന്‍ ആശുപത്രിയിലെത്തി ചികിത്സ തേടണമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷമീര്‍ ടി.പി. അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ പൂര്‍ണ സഹകരണം വേണമെന്നും ആരോഗ്യവകുപ്പ് അഭ്യര്‍ഥിച്ചു.