തിരുവനന്തപുരം: കേരളത്തില്‍ ജീവന് അപഹരിക്കുന്ന പ്രകൃതി ദുരന്തങ്ങളില്‍ മുന്‍നിരയിലാണ് ഇടിമിന്നല്‍. ഇടിമിന്നലേറ്റ് സംസ്ഥാനത്ത് എഴുപതോളം പേര് പ്രതിവര്‍ഷം മരിക്കുന്നുവെന്നാണ് കണക്ക്. നൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുന്നു. രാജ്യത്ത് ഇടിമിന്നലേറ്റ് 2800-3000 പേര് പ്രതിവര്‍ഷം മരിക്കുന്നുണ്ടെന്നാണ് കണക്ക്.
ശാസ്ത്ര പരിസ്ഥിതി കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ജനുവരിക്കും സെപ്റ്റംബറിനും ഇടയില്‍ ഇന്ത്യയില്‍ 1456 പേര് മരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമാണ് ഏറ്റവും അധികം ആളുകള്‍ ഇടിമിന്നലേറ്റ് മരിക്കുന്നത്. കേരളത്തില്‍ മറ്റു പ്രകൃതിദുരന്തങ്ങളേക്കാള്‍ ആഘാതമുണ്ടാക്കാവുന്നതാണ് ഇടിമിന്നലെന്നാണ് പഠനങ്ങള്‍ വ്യക്തമാകുന്നത്. തുലാവര്‍ഷത്തിന്റെ ആരംഭത്തോടെയാണ് കേരളത്തില്‍ ഇടിമിന്നലും ആരംഭിക്കുന്നത്. ഒക്ടോബര്‍, നവംബറിലും ഏപ്രില്‍, മേയിലുമാണ് കേരളത്തില്‍ ഇടിമിന്നലിന്റെ എണ്ണവും അതുമൂലമുള്ള അപകടങ്ങളും ഏറ്റവുമധികമുണ്ടാകുന്നത്.
ഇടിമിന്നലിന്റെ ശാസ്ത്രം
മഴമേഘങ്ങളില്നിന്നും ഭൂമിയിലേക്കു പതിക്കുന്ന പ്രകാശമയവും ശബ്ദത്തോടുകൂടിയതുമായ വൈദ്യുത ഊര്ജതരംഗമാണ് ഇടിമിന്നല്‍. മൂന്നു തരത്തിലുള്ള മിന്നല്‍ പ്രവാഹങ്ങളാണ് ഉണ്ടാകുന്നത്. ഇതില്‍ മഴമേഘങ്ങളില്‍നിന്നു ഭൂമിയിലേക്കു പതിക്കുന്ന മിന്നലാണ് നാശനഷ്ടങ്ങളുണ്ടാക്കുന്നത്. അതേസമയം മഴമേഘങ്ങള്ക്കുള്ളിലോ ഇടയിലോ ഉണ്ടാകുന്ന ഇടിമിന്നലുകള്‍ വിമാനങ്ങള്‍ക്കു കേടുപാടുകളുണ്ടാക്കിയേക്കാം.
അതിവേഗം സഞ്ചരിക്കുന്ന വൈദ്യുതിയുടെ പ്രവാഹമാണ് ഇടിമിന്നല്‍. ഒരുമിന്നല്‍ ഉണ്ടാകുന്നതിന് ഒരു മിനിറ്റിന്റെ ആയിരത്തിലൊന്ന് സമയമേ ആവശ്യമായി വരുന്നുള്ളൂ. ഇടിമിന്നല്‍ എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെങ്കിലും സാധാരണയായി ഉച്ചയ്ക്കുശേഷമാണ് ഉണ്ടാകുന്നത്. ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഇടിമുഴക്ക ശബ്ദതരംഗത്തിനു മൂന്നു സെക്കന്‍ഡ് സമയമാണ് ആവശ്യം.
കരുതിയിരിക്കാം
ശരിയായ മുന്‍കരുതലുകളെടുത്താല്‍ ഇടിമിന്നല്‍മൂലം മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്ക്കുമുണ്ടാകുന്ന ദുരന്തങ്ങള്‍ വലിയൊരളവില്‍ തടയാന്‍ സാധിക്കുമെന്നു വിദഗ്ധര്‍ പറയുന്നു. മിന്നലുണ്ടാകുന്ന സമയത്ത് തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് അപകടമുണ്ടാക്കും. ഇടിയുടെ ശബ്ദം കേട്ടാലുടന്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം. കമ്പി ഉപയോഗിച്ചു വാര്‍ത്ത കെട്ടിടങ്ങള്‍ ഏറെ സുരക്ഷിതമാണ്. ലോഹമേല്ക്കൂരയും വശങ്ങളുമുള്ള വാഹനങ്ങളും സുരക്ഷയേകുന്നു. വലിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഇടിമിന്നലില്‍ നിന്നും ഒരു പരിധിവരെ രക്ഷനല്കുമ്പോള് ഓട്, ഓലമേഞ്ഞ കെട്ടിടങ്ങള്‍ എന്നിവ മിന്നല്‍ രക്ഷാസംവിധാനമില്ലെങ്കില് സുരക്ഷിതമല്ല.
വീടിനു പുറത്തിറങ്ങരുത്
ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ അത്യാവശ്യങ്ങള്‍ക്കുപോലും പുറത്തിറങ്ങരുത്. വീടിനുള്ളിലാണെങ്കിലും നിലത്ത് കിടക്കരുത്. വലിയ മരങ്ങളുടെ കീഴില്‍ അഭയം തേടുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തും. മരത്തില്‍ കെട്ടിയിരിക്കുന്ന പശുവിനെ അഴിക്കാനും ഉണങ്ങാനിട്ടിരിക്കുന്ന തുണിയെടുക്കാനും പോകുമ്പോൾ സംഭവിക്കുന്ന മിന്നലപകടങ്ങളും മരണവും കേരളത്തില്‍ വ്യാപകമാണ്.
കെട്ടിടത്തിനു മിന്നലേല്ക്കുകയോ സമീപത്തു പതിച്ച മിന്നലിന്റെ വൈദ്യുതി കെട്ടിടത്തിലേക്ക് പ്രവേശിക്കുകയോ ചെയ്താല്‍ ഭിത്തിയിലും വൈദ്യുതിയുണ്ടാകാം. അതുകൊണ്ട് ഭിത്തിയില്‍ തൊടുകയോ ഭിത്തിയോടു ചേര്‍ത്തിട്ടിരിക്കുന്ന ഫര്‍ണിച്ചറുകളില്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്യരുത്. മിന്നല്‍ വൈദ്യുതി കമ്പികളില്‍ക്കൂടി അകത്തുവരാമെന്നതിനാല് വൈദ്യുതോപകരണങ്ങള്‍, ടെലഫോണ്‍ എന്നിവ ഉപയോഗിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും. ഇടിമിന്നലുണ്ടാകുന്ന സമയത്ത് മണ്‍വെട്ടി, കൂന്താലി, പിക്കാസ്, ലോഹത്തൂണുകള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതും ഒഴിവാക്കണം.
വൈദ്യുത ബന്ധം വിച്ഛേദിക്കണം
ഇടിമുഴക്കം കേള്‍ക്കുമ്പോള്‍തന്നെ ടെലിവിഷന്‍, ഫ്രിഡ്ജ് മുതലായവ വൈദ്യുതിയില്‍ നിന്നും മറ്റു കേബിളുകളില്‍ നിന്നും ഊരിയിടണം. സ്വിച്ച് ഓഫ് ചെയ്തതുകൊണ്ടു മാത്രം സുരക്ഷ ഉറപ്പാക്കാനാകില്ല. ഇടിമിന്നലുണ്ടാകുന്ന സമയത്ത് വീടുകളില്‍ പ്ലംബിംഗ് ചെയ്തിരിക്കുന്ന പൈപ്പില്‍ക്കൂടി വൈദ്യുതി കടന്നു വരാന്‍ സാധ്യതയുള്ളതിനാല്‍ പൈപ്പ് ഉപയോഗിക്കാന്‍ ശ്രമിക്കരുത്. മിന്നലുണ്ടാകുന്ന സമയത്ത് വൈദ്യുതി പ്രവഹിക്കാന്‍ സാധ്യതയുള്ള വസ്തുക്കളില്‍നിന്നു ദൂരെമാറി നില്‍ക്കുകയാണ് സുരക്ഷയ്ക്കുള്ള ഏറ്റവും നല്ല മാര്‍ഗം. പുറത്തുനിന്നു വയറോ കേബിളോ വഴി ബന്ധപ്പെടുത്തിയിട്ടുള്ള ലാന്‍ഡ് ഫോണ്‍, കേബിള്‍ ടെലിവിഷന്‍, വയര്‍ ഘടിപ്പിച്ചിട്ടുള്ള ഇന്റര്‍നെറ്റ് മോഡം, വൈദ്യുതിയുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റുപകരണങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം അകലം പാലിക്കണം.
ഇടിമിന്നലില്‍ ഒറ്റപ്പെട്ടാല്‍
ഇടിമിന്നല്‍ ഉണ്ടാകുന്ന സമയത്ത് തുറസായ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടു പോയാല്‍ കാലുകള്‍ അടുപ്പിച്ചുവച്ച് കുത്തിയിരുന്ന് തല കുനിച്ചുപിടിക്കുക. ചെവി പൊത്തിപ്പിടിക്കണം. കാലിന്റെ അഗ്രഭാഗം മാത്രമേ നിലത്ത് തൊടാന്‍ പാടുള്ളൂ. എത്രത്തോളം കുറച്ച് തൊടുന്നുവോ അത്രത്തോളം മിന്നലേല്‍ക്കാനുള്ള സാധ്യത കുറയും. കാലുകളുടെ ഉപ്പൂറ്റികള്‍ പരസ്പരം തൊടുന്ന രീതിയിലായിരിക്കണം ഇരിക്കേണ്ടത്.
ശരീരത്തിലേക്കു വൈദ്യുത പ്രവാഹമുണ്ടാകാനുള്ള സാധ്യത ഇതു ലഘൂകരിക്കുന്നു. ഇടിമിന്നലവസാനിച്ച് അരമണിക്കൂറെങ്കിലും സുരക്ഷാ നടപടികള്‍ പാലിക്കണം. ഉയര്‍ന്ന മലനിരകളിലെ തുറസായ സ്ഥലങ്ങളില്‍ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. തുറസായ സ്ഥലത്ത് കുടപിടിക്കുന്നതും ഒഴിവാക്കണം. മിന്നലുണ്ടാകുന്ന സമയത്ത് വീടിന്റെ മേല്‍ക്കൂരയുടെയോ ടെറസിന്റെയോ മുകളിലും ബാല്‍ക്കണിയിലും നില്‍ക്കുന്നത് അപകടമുണ്ടാക്കും.
ബൈക്ക്, സൈക്കിള്‍ യാത്രകള്‍ ഒഴിവാക്കണം
ഇടിമിന്നലുണ്ടാകുന്ന സമയത്ത് ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്നതും ലോഹനിര്‍മിതമായ വലിയ വാഹനങ്ങളുടെ സമീപത്തോ അവയില്‍ തൊട്ടുകൊണ്ടോ നില്ക്കുന്നതും അപകടമാണ്. കൂട്ടമായി നില്ക്കുന്നവര് അകന്നുമാറണം. ജലാശയങ്ങളില്‍ നീന്തുക, മീന്‍പിടിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും വലിയ അപകടമായിരിക്കും വിളിച്ചുവരുത്തുക.
രക്ഷാസംവിധാനങ്ങള്‍
കെട്ടിടങ്ങളെ ഇടിമിന്നലിൽനിന്ന് പരമാവധി രക്ഷിക്കുന്നതിനായി സാധ്യമായ ഇടിമിന്നല്‍ രക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കാവുന്നതാണ്. മിന്നല്‍ ചാലകം, കെട്ടിടത്തിനു ചുറ്റുമായി സ്ഥാപിക്കാവുന്ന റിംഗ് കണ്ടക്ടര്‍ എന്നിവ ഇതില്‍പ്പെടും. വീടുകളിലും ഓഫിസുകളിലും ഉപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ഷന്‍ ഡിവൈസുകളും സ്ഥാപിക്കാം. എന്നാല്‍ വീടിനു മുകളില്‍ സ്ഥാപിക്കുന്ന മിന്നല്‍രക്ഷാ ചാലകം കേരളത്തില്‍ അത്ര ഫലപ്രദമാകണമെന്നില്ല. വീടിനു മുകളിലായി മിന്നല്‍ രക്ഷാകവചം സ്ഥാപിച്ചാലും അതിനു മുകളില്‍ ഉയര്‍ന്നു നില്ക്കുന്ന മരങ്ങളാണ് തടസമാകുന്നത്. രക്ഷാകവചത്തേക്കാള് ഉയര്‍ന്നു നില്ക്കുന്ന മരത്തില്‍ ഇടിമിന്നലേല്‍ക്കുകയും മരത്തില്‍ നിന്നും ഭൂമിയിലെത്തുന്ന ഇടിമിന്നലിന്റെ പ്രവാഹം വീടിനുള്ളിലേക്ക് ഉണ്ടാകുകയും ചെയ്യും. ഈ സാഹചര്യത്തില്‍ കെട്ടിടത്തിനു ചുറ്റും സ്ഥാപിക്കാവുന്ന റിംഗ് കണ്ടക്ടറുകള്‍ സുരക്ഷ നല്‍കുന്നതാണ്.
വിവരങ്ങള്‍ക്കു കടപ്പാട്: സെന്റര്‍ ഫോര്‍
ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആൻഡ്സോഷ്യല് ആക്ഷന്‍ (സിസ),
തിരുവനന്തപുരം.