തിരുവനന്തപുരം: വിപണിയില്‍ അരി വിലക്കയറ്റമുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു. വ്യാജപ്രചാരണം നടത്തി കൃത്രിമ വിലക്കയറ്റം സഷ്ടിച്ച് അരിവിലയും ഭക്ഷണ വിലയും വര്‍ധിപ്പിക്കാനുള്ള നീക്കമാണിതിനു പിന്നിലെന്നു സംശയിക്കുന്നു.
ഓണക്കാലത്തിനു ശേഷം ഇതുവരെ അരിവിലയില്‍ നേരിയ ഉയര്ചതാഴ്ച കാണുന്നുണ്ട്. എങ്കിലും ദേശീയതലത്തില്‍ വിലക്കയറ്റത്തോത് വര്‍ധിച്ച സാഹചര്യത്തില്‍, ജാഗ്രതയോടെ വിപണി നിരീക്ഷണം തുടരാന്‍ ഉദ്യോഗസ്ഥര്‍ക്കു മന്ത്രി അനൂപ് ജേക്കബ് നിര്‍ദേശം നല്കി.
മന്ത്രിയുടെ നിര്‍ദേശപ്രകാരം കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം മൊത്തവ്യാപാര കേന്ദ്രങ്ങളിലും നഗര-ഗ്രാമപ്രദേശങ്ങളിലെ ചില്ലറ വില്പനകേന്ദ്രങ്ങളിലും വിലനിലവാരം നിരീക്ഷിച്ചു. അന്വേഷണത്തില്‍ അരി വിലയില്‍ ക്രമാതീത വര്‍ധന കണ്ടെത്താനായില്ല. കുത്തരി ഉണ്ട: 4550, വടി: 4856.85, പച്ചരി: 50, ജയ: 4553.50, കുറുവ: 4350, പൊന്നി: 7075 എന്നിങ്ങനെയാണു ചില്ലറവില.
കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻവകുപ്പ് ഈമാസം പുറപ്പെടുവിച്ച കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് ചാര്‍ട്ട് പ്രകാരം ഒക്ടോബറിലെ ദേശീയ ചില്ലറ അരിവില വര്ധനസൂചികയിൽ കേരളം 17-ാമതാണ്. അരി വിലവർധന സൂചികയില്‍ കഴിഞ്ഞമാസത്തെ ദേശീയ ശരാശരി 12.51 ശതമാനം ആണെങ്കില്‍, കേരളത്തില്‍ 8.54 ശതമാനം മാത്രമാണ്.
അരിയുടെ വിലക്കയറ്റത്തില്‍ പുതുച്ചേരി (28.54 ശതമാനം), ആന്ധ്ര പ്രദേശ് (26.69 ശതമാനം), തെലങ്കാന (24.47 ശതമാനം), കര്‍ണാടക (22.43 ശതമാനം), ദാദ്ര നാഗര്‍ ഹവേലി (21.11 ശതമാനം) സംസ്ഥാനങ്ങളാണു മുന്നിലുള്ളത്. രാജ്യത്തെ ഭക്ഷ്യ വിലക്കയറ്റതോതില്‍ (ഫുഡ് ഇന്‍ഫ്ളേഷന്‍ പട്ടിക) കേരളം അഞ്ചാമതാണ് (10.92 ശതമാനം). പൊതു വിലക്കയറ്റത്തിന്റെ പട്ടികയില്‍ കേരളം പതിനഞ്ചാമതും (4.37 ശതമാനം).
അതേസമയം, സംസ്ഥാന ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിന്റെ പ്രൈസ് മോണിട്ടറിംഗ് സെല്‍ തയാറാക്കുന്ന പ്രതിദിന വിലപരിശോധനാ പട്ടികപ്രകാരം കഴിഞ്ഞ ജൂലൈ മുതല്‍ ഈ മാസം 13 വരെ മട്ട അരിക്കു ശരാശരി 1.50-1.90 രൂപയുടെ വര്‍ധന മാത്രമാണു കാണുന്നത്. പൊന്നി അരി വില വര്‍ധിച്ചെങ്കിലും കേരളത്തില്‍ ഉപഭോഗം വളരെ കുറവാണ്. പൊന്നിയുടെ വില മറയാക്കിയാണു അരിവില വര്‍ധിച്ചെന്നു വ്യാപകമായി പ്രചരിപ്പിക്കുന്നത്.
യാഥാര്‍ഥ്യം ഇതായിരിക്കേ അരി വില വര്‍ധിച്ചെന്നു കാണിച്ച് വരുംമാസങ്ങളില്‍ അരിവിലയും ഭക്ഷണവിലയും കൃത്രിമമായി ഉയര്‍ത്താനുള്ള ശ്രമമാണ് കാണുന്നത്. കൃത്രിമ വിലക്കയറ്റമുണ്ടാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. അതിനായി ഓണക്കാലത്തെന്നപോലെ അരി ഉള്‍പ്പടെ അവശ്യവസ്തുക്കള്‍ കൂടുതലായി വിപണിയിലെത്തിക്കും.