കൊച്ചി: നിയമസഭയിൽ അംഗങ്ങൾ ഇരിപ്പിടത്തിൽ ഇരുന്ന് പറയുന്നത് ഓഫ് ദി റെക്കോർഡ് ആണെന്നും എഴുന്നേറ്റ് നിന്ന് പറയുന്ന കാര്യങ്ങൾ മാത്രമേ സഭാ രേഖകളിൽ ഉണ്ടാകൂവെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കുട്ടനാടിന്റെ അവധി ആവശ്യത്തിൽ മുഖ്യമന്ത്രിയുടെ ഇരുന്നുള്ള പ്രതികരണത്തിന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സ്പീക്കർ.
മുഖ്യമന്ത്രി നെഗറ്റീവ് ആയി പ്രതികരിക്കുന്ന ആളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന 29ന് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണമെന്നു കുട്ടനാട് എംഎൽഎ റെജി ചെറിയാൻ സബ്മിഷൻ അവതരിപ്പിച്ചതിന് മുഖ്യമന്ത്രി നൽകിയ മറുപടിയാണ് വിവാദത്തിലായത്.
പരിശോധിച്ചു തീരുമാനിക്കാമെന്നു സബ്മിഷനു മറുപടി പറഞ്ഞ ശേഷം സീറ്റിൽ ഇരിക്കുന്നതിനിടെ, അടുത്തിരുന്ന മന്ത്രി പി.കെകുഞ്ഞാലിക്കുട്ടിയോട് മുഖ്യമന്ത്രി "ഒരു കാരണവശാലും കൊടുക്കില്ല’ എന്നു പറയുന്ന വിഡിയോ ക്ലിപ് പ്രചരിച്ചതോടെയാണു വിവാദമുണ്ടായത്.
അതേസമയം ഔദ്യോഗികമായി മുഖ്യമന്ത്രി നൽകിയ മറുപടി ഇതായിരുന്നു. മൂലം വള്ളംകളിക്കു മുൻവർഷങ്ങളിൽ അവധി നൽകിയിരുന്നില്ല. വിശേഷ ദിവസങ്ങളിൽ പ്രാദേശികമായി അവധി കലക്ടർമാർക്കു പരിഗണിക്കാവുന്നവയുടെ പട്ടികയിലും മൂലം വള്ളംകളിയില്ല. പൊതു അവധികളും പ്രാദേശിക അവധികളും പുതുതായി വേണ്ടെന്നാണു പൊതുവായി സ്വീകരിച്ചിരുന്ന നിലപാട്. അതുകൊണ്ട് ഇത്തരത്തിൽ അവധികൾ അനുവദിച്ചിരുന്നില്ല. മൂലം വള്ളംകളിക്ക് കുട്ടനാട് താലൂക്കിന് അവധി അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിച്ചു തീരുമാനിക്കും. എന്നാൽ സീറ്റിൽ ഇരുന്ന ശേഷം കുഞ്ഞാലിക്കുട്ടിയോട് രഹസ്യമായി പറഞ്ഞ കമന്റ് മൈക്ക് പിടിച്ചെടുക്കുകയായിരുന്നു.