ബംഗുളൂരു: കർണാടകയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനും ഡിജിപി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനുമായ ഡോ. രാമചന്ദ്ര റാവു വിവാദത്തിൽ.
രാമചന്ദ്ര റാവു ഔദ്യോഗിക ചേംബറിൽ യുവതിയുമായി അശ്ലീല പ്രവർത്തികളിൽ ഏർപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നു. സ്വർണ കടത്ത് കേസിൽ അറസ്റ്റിലായ നടി റന്യ റാവുവിന്റെ പിതാവാണ് ഡോ. രാമചന്ദ്ര റാവു.
യൂണിഫോമിലുള്ള ഉദ്യോഗസ്ഥൻ ഓഫീസ് സമയത്ത് ഒരു യുവതിയെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും ഉൾപ്പടെയുള്ള വീഡിയോ ആണ് പുറത്തുവന്നത്. ഡ്യൂട്ടി സമയത്ത് രാമചന്ദ്ര റാവുവിന്റെ ചേംബറിൽ നിന്ന് രഹസ്യമായി ചിത്രീകരിച്ചതാണ് വീഡിയോ എന്നാണ് വിവരം. സംഭവത്തിൽ ഇതുവരെ പീഡന പരാതി ലഭിച്ചിട്ടില്ല.
സംഭവം വിവാദമായതിന് പിന്നാലെ വീഡിയോ കോൺഫറൻസിലൂടെ പോലീസ് വകുപ്പിൽ നിന്ന് വിശദീകരണം തേടിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, വീഡിയോ ആർട്ടിഫീഷ്യൽ ഇൻറലിജൻസ് മുഖേന നിർമിച്ചതാണെന്നാണ് രാമചന്ദ്ര റാവുവിന്റെ വാദം.
കഴിഞ്ഞ വർഷം മാർച്ചിലാണ് റാവുവിന്റെ വളർത്തുമകൾ റന്യ റാവു സ്വർണ കടത്തിൽ അറസ്റ്റിലായത്. ബംഗുളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ വച്ച് 14.8 കിലോ സ്വര്‍ണമാണ് റന്യയിൽ നിന്ന് പിടിച്ചെടുത്തത്.
ദുബായില്‍ നിന്നാണ് സ്വർണം കൊണ്ടുവന്നത്. റന്യക്ക് വിമാനത്താവളത്തിലടക്കം സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുള്ള വിഐപി പരിഗണന ലഭിച്ചെന്ന വിവരങ്ങളും ചില ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.