International
ഇസ്ലാമാബാദ്: കടുത്ത സാമ്പത്തികതകർച്ച അനുഭവിക്കുന്ന പാക്കിസ്ഥാനിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വിലയും നികുതിയും കുത്തനേ കൂട്ടിയതിൽ ജനരോഷം ആളിക്കത്തുകയാണ്. ജമാ അത്തെ ഇസ്ലാമി തലവൻ ഹാഫിസ് നയീമുർ റഹ്മാന്റെ ആഹ്വാനപ്രകാരം ആരംഭിച്ച പ്രക്ഷോഭം രാജ്യത്തുടനീളം വ്യാപിച്ചു.
റാവൽപിണ്ടിയടക്കമുള്ള നഗരങ്ങളിൽ പതിനായിരങ്ങളാണു തെരുവിലിറങ്ങിയത്. തന്ത്രപ്രധാനമായ കാരക്കോറം ഹൈവേ പ്രതിഷേധക്കാർ ഉപരോധിച്ചു. റാവൽപിണ്ടിയിലെ മുറീ റോഡിലുള്ള ലിയാഖത് ബാഗിൽ വൻ റാലി നടന്നു. 475 ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രതിഷേധങ്ങൾ നടന്നതായി നേതാക്കൾ അറിയിച്ചു.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കാത്ത സാഹചര്യത്തിലും ഇന്ധനനികുതി കൂട്ടിയതിനെതിരേ തൊഴിലാളികളും വിദ്യാർഥികളും രംഗത്തെത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രക്ഷോഭകരെ ഉടൻ മോചിപ്പിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.
കൂടാതെ, ബലൂചിസ്ഥാനിലും ഖൈബർ പാക്തുംഖ്വയിലും സായുധ കലാപങ്ങളും പാക് അധീന കാഷ്മീരിൽ സർക്കാരിനെതിരേ ജനകീയ പ്രക്ഷോഭവും രൂക്ഷമാണ്. വിവരങ്ങൾ പുറംലോകം അറിയാതിരിക്കാൻ മാധ്യമങ്ങൾക്കുമേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ഭരണകൂടം.
സൈനിക ആസ്ഥാനം നിയന്ത്രിക്കുന്ന സർക്കാർ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഇസ്ലാമാബാദിലെ ഓഫീസിലിരിക്കുന്നുണ്ടെങ്കിലും വിദേശനയം, ആഭ്യന്തരസുരക്ഷ, ഭരണപരമായ നിർണായക തീരുമാനങ്ങൾ എന്നിവയെല്ലാം റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തുനിന്നാണ് നിർണയിക്കപ്പെടുന്നത്.
1947ൽ സ്വാതന്ത്ര്യം നേടിയശേഷം 1958, 1969, 1977, 1999 എന്നീ വർഷങ്ങളിലായി നാലുതവണയാണ് പാക്കിസ്ഥാനിൽ സൈനിക അട്ടിമറി നടന്നിട്ടുള്ളത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനുശേഷം പൂർണനിയന്ത്രണം ഏറ്റെടുത്ത സൈന്യം ഭരണഘടനാപരമായ മാറ്റങ്ങളിലൂടെയാണോ അതോ നേരിട്ടുള്ള പട്ടാള നിയമത്തിലൂടെയാണോ അധികാരം പിടിച്ചെടുക്കുകയെന്നതു വരുംദിവസങ്ങളിൽ വ്യക്തമാകും.
International
ടെഹ്റാൻ: ഇറാന്റെ നയം ‘കണ്ണിന് കണ്ണ്' എന്നതാണെന്നും അടിസ്ഥാന സൗകര്യങ്ങൾ തകർത്താൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ 12-ാം റൗണ്ട് ആക്രമണത്തിൽ തെക്കൻ ഇറാനിൽ ഇറാഖ് അതിർത്തിയായ ശലാംഷേയിൽ ഉഗ്രസ്ഫോടനമാണ് ഉണ്ടായത്. ഇറാൻ - ഇറാഖ് അതിർത്തിയിൽ രണ്ട് പേര് മരിച്ചെന്നും 11 പേർക്ക് പരിക്കേറ്റതായും ഇറാൻ വ്യക്തമാക്കി.
ഹോർമുസിൽ മൂന്ന് കപ്പലുകൾ മുന്നറിയിപ്പ് മറികടന്ന് പോകാൻ ശ്രമിച്ചെന്ന് ഇറാൻ വിശദമാക്കി. ഒരു കപ്പലിൽ സ്ഫോടനം ഉണ്ടായെന്നും ബാക്കിയുള്ളവർ പിൻവാങ്ങിയെന്നും ഇറാൻ കൂട്ടിച്ചേർത്തു. ഇറാൻ ബുഷെഹർ ആണവനിലയത്തിന് സമീപമുള്ള പവർ സബ്സ്റ്റേഷന് നേരെയും ആക്രമണം ഉണ്ടായി. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏതെങ്കിലും കപ്പലിന് നേരെ ആക്രമണം നടത്തിയാൽ, പകരം ഇറാന്റെ പാലങ്ങളോ വൈദ്യുതി നിലയങ്ങളോ തകർക്കുമെന്ന് ഡോണൾഡ് ട്രംപ് ആവർത്തിച്ചു.
അമേരിക്കയുടെ ആക്രമണങ്ങൾക്ക് പിന്നാലെ ജോർദാനിലേക്ക് ഇറാൻ ആക്രമണം തുടങ്ങി. ഇതിനിടെ ബാബ് അൽ മന്ദബിൽ ഉപരോധം മറികടക്കാൻ ശ്രമിച്ച രണ്ട് സൗദി കപ്പലുകളെ ആക്രമിച്ചെന്ന് ഹൂത്തികൾ അവകാശപ്പെട്ടു. എൻസെലിയ, ലൈല എന്ന് പേരുള്ള കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഞങ്ങൾക്ക് ഇല്ലെങ്കിൽ ആർക്കും ഒന്നും ഉണ്ടാകില്ലെന്ന് മേഖലയിലെ രാജ്യങ്ങൾക്ക് ഇറാന്റെ അന്ത്യശാസനം നൽകിയിട്ടുള്ളത്.
ഞങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിയുന്നില്ലെങ്കിൽ ആർക്കും വിൽക്കാൻ കഴിയില്ല. അടിസ്ഥാന സൗകര്യങ്ങക്ക് നേരെ ആക്രമണം ഉണ്ടായാൽ തിരിച്ചടി മേഖലയിലെ രാജ്യങ്ങളിൽ ആയിരിക്കുമെന്നും മേഖലയിലെ രാജ്യങ്ങൾ ഇരുട്ടിലാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Editorial
ഭാഗികമായൊരു ലോക്ഡൗണിന്റെ ഓർമയിലേക്കു തള്ളിവിടുന്നതെങ്കിലും, ഇന്ധന ഉപയോഗത്തിലുൾപ്പെടെ നിയന്ത്രണം വേണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം പാലിക്കേണ്ടതാണ്. ഇന്ധന ഉപയോഗം കുറയ്ക്കണം, സ്വർണം വാങ്ങൽ പരിമിതപ്പെടുത്തണം, വീട്ടിലിരുന്നു ജോലി ചെയ്യുന്നത് വർധിപ്പിക്കണം തുടങ്ങിയ നിർദേശങ്ങളാണ് അദ്ദേഹം നടത്തിയത്. കൊടുംവേനലിൽ വൈദ്യുതിക്ഷാമം രൂക്ഷമായതോടെ അടുത്തിടെ കേരളത്തിൽ വൈദ്യുതി ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്ന നിർദേശമുണ്ടായിരുന്നു. അത്രപോലും നമ്മുടെ നിയന്ത്രണത്തിലല്ലാത്ത യുദ്ധത്തിന്റെ ആഗോള പ്രതിസന്ധിയാണ് ഇന്ധനക്കടത്തിലുൾപ്പെടെ സംജാതമായിരിക്കുന്നത്. അതേസമയം, ഈ മുന്നറിയിപ്പ് ഇന്ധന വിലവർധനയുടെ മുന്നോടിയോ ന്യായീകരണമോ ആണെങ്കിൽ ജനദ്രോഹമാണ്.
വിദേശയാത്രകൾ ഒഴിവാക്കുക, വർക്ക് ഫ്രം ഹോം നടപ്പിലാക്കുക, ആഡംബരത്തിനായി സ്വർണം വാങ്ങിക്കൂട്ടാതിരിക്കുക, പൊതുഗതാഗതത്തെ കൂടുതൽ ആശ്രയിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. ഇറാൻ-അമേരിക്ക-ഇസ്രയേൽ യുദ്ധത്തെത്തുടർന്ന് അസംസ്കൃത എണ്ണവില ഉയരുകയും വിദേശനാണ്യ ശേഖരത്തിൽ കുറവുണ്ടാവുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്യുന്നതാണ് പ്രശ്നം. എണ്ണ-സ്വർണം ഇറക്കുമതി വിനിമയം ഡോളറിലാണ് നടത്തുന്നത്. എണ്ണ ഇറക്കുമതി ചെയ്യാതിരിക്കാനാകില്ല.
പക്ഷേ, ആഡംബരത്തിനും നിക്ഷേപത്തിനുമായുള്ള സ്വർണമെടുക്കൽ പരിമിതപ്പെടുത്തിയാൽ, കൂടുതൽ ഡോളർ പുറത്തേക്ക് ഒഴുകുന്നതു തടയാം. വ്യക്തികേന്ദ്രീകൃത ജീവിതം സുഖകരവും സൗകര്യപ്രദവുമെങ്കിലും ചെലവേറിയതാണ്. കാറുകളിൽ ഒന്നിലേറെ ആളുകൾ യാത്ര ചെയ്യുന്നതും അതു പ്രായോഗികമല്ലാത്തിടത്ത് ബസും ട്രെയിനും മെട്രോയും ഉൾപ്പെടെയുള്ള പൊതുഗതാഗതം ഉപയോഗിക്കുന്നതുമൊക്കെ ചെലവ് കുറയ്ക്കുകയും രാജ്യത്തിന്റെ സാന്പത്തിക സുരക്ഷയ്ക്കു ഗുണകരമാകുകയും ചെയ്യും. തദ്ദേശീയ ഉത്പന്നങ്ങൾ കൂടുതൽ ഉപയോഗിക്കുന്നതും വിദേശനാണ്യശേഖര ശോഷണത്തെ നിയന്ത്രിക്കും. ഇതു രാജ്യത്തോടുള്ള പ്രതിബദ്ധതയായി എല്ലാവരും കണക്കിലെടുക്കേണ്ടതാണ്.
വിദേശ വിനിമയശേഷിയെയും സാന്പത്തികസുരക്ഷയെയും യുദ്ധം കൂടുതലായി ബാധിക്കുമെന്ന നിരീക്ഷണം സർക്കാരിനുണ്ടായിരിക്കാം. അതല്ലെങ്കിൽ ഇപ്പോൾതന്നെ വർധിച്ചിരിക്കുന്ന അസംസ്കൃത എണ്ണവിലയുടെ ഭാരം, നികുതി കുറച്ചു പരിഹരിക്കാതെ ജനങ്ങളിലേക്കു കൈമാറാനുള്ള ഒരുക്കവുമാകാം. പക്ഷേ, ആഗോളവില കൂപ്പുകുത്തിയ കാലത്ത് ജനങ്ങൾക്ക് ഇളവൊന്നും കൊടുക്കാതെ നികുതി വർധിപ്പിച്ചുകൊണ്ടിരുന്ന സർക്കാരിന് വിലവർധനയുടെ പേരിൽ പെട്രോളിന്റെയും ഡീസലിന്റെയും ഗാർഹിക പാചകവാതകത്തിന്റെയും വില വർധിപ്പിക്കാൻ ന്യായീകരണമില്ല.
യുദ്ധം സർക്കാരിന്റെ ബാധ്യതകൾ വർധിപ്പിച്ചിട്ടുണ്ടാകാം. പക്ഷേ, ജനങ്ങളുടെ ജീവിതച്ചെലവും ബാധ്യതകളും അതിലേറെ വർധിച്ചു. വരുമാനം കൂടിയിട്ടുമില്ല. വിലക്കയറ്റവും പണപ്പെരുപ്പവും തൊഴിൽനഷ്ടവുമൊക്കെ കോടിക്കണക്കിനു മനുഷ്യരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചുകഴിഞ്ഞു. ഇന്ധനവില വർധിപ്പിച്ചാൽ ഇനിയും കുതിച്ചുയരാനിരിക്കുന്ന ജീവിതച്ചെലവ് അവർക്കു യുദ്ധസമാനമാകും.
ദേശസ്നേഹം എന്നത് സൈനികരുടെ ത്യാഗങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും പൗരന്മാരുടെ ഉത്തരവാദിത്വമുള്ള പെരുമാറ്റവും അതിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞതിനെ ഉൾക്കൊള്ളേണ്ട സമയമാണിത്. ഇത്തരം നിയന്ത്രണങ്ങളിലേക്കാണ് 12 വർഷംകൊണ്ട് പ്രധാനമന്ത്രി രാജ്യത്തെ എത്തിച്ചിരിക്കുന്നതെന്ന പ്രതിപക്ഷ വിമർശനം യുക്തിസഹമല്ല.
അങ്ങനെയാണെങ്കിൽ ലോകത്തെ ഏതാണ്ട് എല്ലാ ഭരണാധികാരികളും അവരുടെ രാജ്യത്തെ അത്തരമൊരു സാഹചര്യത്തിൽ എത്തിച്ചെന്നുകൂടി പറയേണ്ടിവരും. മാത്രമല്ല, അപക്വമതികളായ യുദ്ധകക്ഷികൾക്കു മുന്നിൽ അമിതാവേശവും എടുത്തുചാട്ടവും നടത്താത്ത നയതന്ത്രത്തിലൂടെ പരമാവധി ഇന്ധനം ഹോർമുസിലൂടെ കടത്തിക്കൊണ്ടുവന്ന രാജ്യമാണ് ഇന്ത്യ. ദുർവ്യാഖ്യാനങ്ങളെ ഭരണകൂട വിമർശനവുമായി ലയിപ്പിക്കുന്നത് പ്രതിപക്ഷ വിശ്വാസ്യതയിൽ വെള്ളം ചേർക്കുമെന്നും മറക്കരുത്.
ജനങ്ങൾ സ്വയം നിയന്ത്രണത്തിനു തയാറാകണം; സർക്കാർ ഇന്ധനവില വർധിപ്പിക്കുകയുമരുത്. ഈ രണ്ടു പ്രതിജ്ഞകൾ ഇന്നെടുത്താൽ നാളെ ഇരുട്ടിലാകില്ല. എണ്ണയൊഴിക്കാതിരുന്നാൽ യുദ്ധത്തീയണയ്ക്കാം. അവിടത്തെ യുദ്ധങ്ങളെ ഇവിടെ തോൽപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണ്.
National
ന്യൂഡൽഹി: ഇന്ത്യയിൽ എണ്ണ വില ഉടൻ വർധിക്കുമെന്ന് റിപ്പോർട്ട്. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും വിലവർധന പ്രതീക്ഷിക്കുന്നത്. രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതിനാൽ മേയ് 15 ന് മുമ്പ് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വർധന കേന്ദ്രസർക്കാർ അംഗീകരിച്ചാൽ, പെട്രോൾ, ഡീസൽ വില ലിറ്ററിന് ഏകദേശം 4-5 രൂപ വരെ ഉയരും. ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ 40-50 രൂപ വരെ വർധന ഉണ്ടായേക്കാം. ഏകദേശം നാല് വർഷത്തിനിടെ ആദ്യമായാണ് പെട്രോൾ, ഡീസൽ വിലയിൽ വർധനവുണ്ടാകുന്നത്. 2022 മുതൽ ചില്ലറ വിൽപ്പന നിരക്കുകൾ വലിയതോതിൽ മരവിപ്പിച്ചിരിക്കുകയാണ്.
മിഡിൽ ഈസ്റ്റ് യുദ്ധത്തിനിടെ ക്രൂഡ് ഓയിൽ വില ബാരലിന് 70 യുഎസ് ഡോളറിൽനിന്ന് 126 യുഎസ് ഡോളറായി ഉയർന്നതിനെത്തുടർന്നാണ് പ്രതിസന്ധി രൂക്ഷമായത്. ആഗോള എണ്ണമേഖലയിൽ കടുത്ത ആഘാതം നേരിട്ടിട്ടും ഇന്ത്യ ഇതുവരെ ചില്ലറ ഇന്ധന വില വർധിപ്പിച്ചിട്ടില്ല.
National
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതക വില വർധിപ്പിക്കണമെന്ന ആവശ്യവുമായി എണ്ണക്കമ്പനികൾ കേന്ദ്ര സർക്കാരിനെ സമീപിച്ചു. നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും വില പുതുക്കി നിശ്ചയിക്കാൻ അടിയന്തരമായി അനുമതി വേണമെന്നുമാണ് കമ്പനികളുടെ ആവശ്യം. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതാണ് കമ്പനികളെ സമ്മർദത്തിലാക്കുന്നത്.
പെട്രോൾ വിൽപ്പനയിൽ നിലവിൽ ലിറ്ററിന് 20 രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിലെ ഈ പ്രവണത തുടർന്നാൽ ഡീസൽ വിൽപ്പനയിലെ നഷ്ടം ലിറ്ററിന് 100 രൂപയിലേക്ക് വരെ എത്തിയേക്കാമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. ലിറ്ററിന് 10 മുതൽ 20 രൂപ വരെ വർധന വേണമെന്നാണ് എണ്ണക്കമ്പനികളുടെ ആവശ്യം. എന്നാൽ, കമ്പനികളുടെ ശിപാർശയിൽ കേന്ദ്ര സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായെങ്കിലും ഇന്ധനവില വർധിപ്പിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിനു കാരണമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. വിലക്കയറ്റത്തിന് വഴിവയ്ക്കുന്ന ഇത്തരം നീക്കങ്ങൾ സാധാരണക്കാരെ നേരിട്ട് ബാധിക്കുമെന്നതിനാൽ നിലവിൽ വില വർധിപ്പിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണു കേന്ദ്രം. ഇന്ധനവില വർദ്ധന സംബന്ധിച്ച യാതൊരു ശിപാർശയും നിലവിൽ മന്ത്രാലയത്തിന്റെ പരിഗണനയിലില്ലെന്ന് പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, വില വർധിപ്പിക്കാനുള്ള നീക്കമുണ്ടായാൽ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ജനങ്ങളെ ദുരിതത്തിലാക്കുന്ന തീരുമാനങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നിലവിൽ കേന്ദ്രത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് എണ്ണക്കമ്പനികൾ.
International
മനാമ: ബഹ്റൈനിലെ പ്രമുഖ വ്യവസായ-ഊർജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെയാണ് ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി (ജിപിഐസി), ബാപ്കോ എനർജീസ് എന്നിവയ്ക്ക് നേരെ ആക്രമണമുണ്ടായത്.
ആക്രമണത്തെത്തുടർന്ന് ജിപിഐസിയുടെ പ്രവർത്തന യൂണിറ്റുകളിലും ബാപ്കോയുടെ ഒരു സ്റ്റോറേജ് ടാങ്കിലും തീപിടുത്തമുണ്ടായി. ഉടൻ തന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് യൂണിറ്റുകളും അടിയന്തര രക്ഷാസേനയും ചേർന്ന് തീയണയ്ക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
ആക്രമണത്തിൽ ആർക്കും പരിക്കുകളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ പ്ലാന്റുകളും അനുബന്ധ മേഖലകളും സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. പ്ലാന്റുകളുടെ പ്രവർത്തനത്തെ ആക്രമണം എത്രത്തോളം ബാധിച്ചു എന്നറിയാൻ വിദഗ്ധ സംഘം നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്. ജീവനക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് കമ്പനികൾ വ്യക്തമാക്കി.
സിവിൽ ഡിഫൻസും സർക്കാർ ഏജൻസികളും സംയുക്തമായി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. മേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബഹ്റൈനിലെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത്. പ്രദേശത്തെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർക്കശമാക്കിയിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളോട് ധൈര്യം സംഭരിച്ച് എണ്ണ ലഭ്യത സ്വന്തമായി ഉറപ്പുവരുത്താനാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ശ്രമങ്ങളിൽ സഹകരിക്കാൻ ട്രംപ് രാജ്യങ്ങളോട് നാളുകളായി ആവശ്യപ്പെടുന്നു.
ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ ഇറാനെ തകർത്തുതരിപ്പണമാക്കുന്ന ഉദ്യമത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച യുകെ പോലുള്ള രാജ്യങ്ങൾക്ക് ഇന്ധനം ലഭിക്കുന്നില്ല. നിങ്ങൾക്കായി എനിക്കൊരു നിർദേശമുണ്ട്, ഒന്നുകിൽ യുഎസിൽനിന്ന് ഇന്ധനം വാങ്ങുക, ഞങ്ങളുടെ പക്കൽ ധാരാളം ഉണ്ട്. അല്ലെങ്കിൽ, വൈകിയെങ്കിലും നിങ്ങൾ കുറച്ച് ധൈര്യം സംഭരിച്ച് ഹോർമുസ് പിടിച്ചെടുക്കുക, ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
നിങ്ങൾ സ്വയം പോരാടാൻ പഠിക്കേണ്ടതുണ്ട്, നിങ്ങളിതുവരെ ഞങ്ങളെ സഹായിക്കാൻ വരാത്തത് പോലെ, നിങ്ങളെ സഹായിക്കാൻ ഇനി യുഎസ് അവിടെയുണ്ടാവില്ല, ഇറാൻ ഏറെക്കുറെ നശിപ്പിക്കപ്പെട്ടിരിക്കുന്നു. പ്രയാസമേറിയ ഭാഗം കഴിഞ്ഞു. നിങ്ങളുടെ എണ്ണ സ്വയം നേടുക - ട്രംപ് കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: തൃപ്രയാറില് ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന യുവതി അറസ്റ്റിൽ. പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ശ്രീലക്ഷ്മി (30) ആണ് അറസ്റ്റിലായത്.
ഇവരില് നിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. കൂടാതെ മയക്കുമരുന്ന് വിൽപന നടത്തി അനധികൃതമായി സമ്പാദിച്ച 90500 രൂപയും, ഹാഷിഷ് ഓയിൽ ചില്ലറ വിൽപ്പന നടത്താനായി ഉപയോഗിക്കുന്ന 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളും പിടിച്ചെടുത്തു.
കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടിൽ വച്ചാണ് ശ്രീലക്ഷ്മി പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും വലപ്പാട് പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
National
ന്യൂഡൽഹി: വില കൂടുതലായിട്ടും സ്പോട്ട് മാര്ക്കറ്റില് വില്ക്കപ്പെടാതെ കിടന്നിരുന്ന മുഴുവന് റഷ്യന് എണ്ണയും സ്വന്തമാക്കി ഇന്ത്യൻ എണ്ണക്കന്പനികൾ. അമേരിക്കന് ഇളവ് ലഭിച്ചതിന് പിന്നാലെയാണ് ഇന്ത്യന് ഓയില് കോര്പ്പറേഷനും റിലയന്സ് ഇന്ഡസ്ട്രീസും ചേര്ന്ന് റഷ്യൻ എണ്ണ വാങ്ങിയത്.
കപ്പലുകളില് കയറ്റിയ നിലയിലുള്ള എണ്ണ വലിയൊരു ശതമാനവും ഏഷ്യന് സമുദ്രപരിധിയിലായിരുന്നു ഉണ്ടായിരുന്നത്. മുന്പ് കുറഞ്ഞ വിലയ്ക്കായിരുന്നു റഷ്യന് എണ്ണ ലഭിച്ചിരുന്നതെങ്കില് ഇപ്പോള് ലണ്ടനിലെ ബ്രെന്റ് നിരക്കിനേക്കാള് ബാരലിന് രണ്ട് മുതല് എട്ട് ഡോളര് വരെ അധിക തുക നല്കിയാണ് ഇന്ത്യ വാങ്ങിയത്.
യുറല്സ്, ഇഎസ്പിഒ, വരാന്ഡെ തുടങ്ങിയ വിവിധയിനം റഷ്യന് ക്രൂഡ് ഓയിലുകളാണ് ഈ കൂട്ടത്തിലുള്ളത്. സര്ക്കാര് ഉടമസ്ഥതയിലുള്ള ഇന്ത്യന് ഓയില് ഏകദേശം ഒരു കോടി ബാരലും റിലയന്സ് അത്രതന്നെ അളവിലും എണ്ണ വാങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. എന്നാല് ഇരു കമ്പനികളും ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
NRI
വാഷിംഗ്ടൺ ഡിസി: ആഗോള ഊർജ വിപണിയിലെ സങ്കീർണതകൾക്കിടയിൽ റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിച്ച പുതിയ നിർദേശങ്ങൾ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.
എന്നാൽ, ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്കയുടെ "അനുമതി' വാങ്ങിയെന്ന തരത്തിലുള്ള പ്രചരണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഒരു സ്വതന്ത്ര പരമാധികാര രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ ഊർജ നയം സ്വന്തം ദേശീയ താത്പര്യങ്ങളിലും "ബെസ്റ്റ് ഡീൽ' എന്ന സാമ്പത്തിക തത്വത്തിലുമാണ് അധിഷ്ഠിതമായിരിക്കുന്നത്.
റഷ്യ - യുക്രെയ്ൻ സംഘർഷത്തെത്തുടർന്ന് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ നിലനിൽക്കുമ്പോഴും കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ തുടർന്നത് ഇതിന് തെളിവാണ്.
അമേരിക്കയുടെ സാങ്കേതിക നിയന്ത്രണങ്ങളെ മറികടന്നുതന്നെയാണ് ഇന്ത്യ മുൻപും ഈ വ്യാപാരം നടത്തിയിട്ടുള്ളത്. അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ് അടുത്തിടെ പുറപ്പെടുവിച്ച "ജനറൽ ലൈസൻസ് 133' എന്നത് എണ്ണ വാങ്ങാനുള്ള അനുമതിയല്ല, മറിച്ച് "സെക്കൻഡറി സാങ്ക്ഷനുകളിൽ' നിന്നുള്ള ഒരു താത്കാലിക സാങ്കേതിക ഇളവ് മാത്രമാണ്.
അമേരിക്കൻ ഡോളർ വഴിയുള്ള പണമിടപാടുകൾ, ഇൻഷുറൻസ് സേവനങ്ങൾ, കപ്പലുകളുടെ ഡോക്കിംഗ് തുടങ്ങിയ മേഖലകളിൽ അമേരിക്കൻ നിയമങ്ങൾ മൂലം ഇന്ത്യൻ റിഫൈനറികൾ നേരിട്ടേക്കാവുന്ന തടസങ്ങൾ ഒരു മാസത്തേക്ക് നീക്കം ചെയ്യുകയാണ് ഇതിലൂടെ ചെയ്തത്.
ഇറാൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ എണ്ണ ലഭ്യത കുറയാതിരിക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും അമേരിക്ക നടപ്പിലാക്കിയ ഒരു തന്ത്രപരമായ നീക്കമാണിത്.
ഇന്ത്യയെപ്പോലൊരു വലിയ ഉപഭോക്താവ് റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുന്നത് വഴി ആഗോള സപ്ലൈ ചെയിനിൽ ഒരു "സേഫ്റ്റി വാൽവ്' ആയി പ്രവർത്തിക്കാൻ സാധിക്കുമെന്ന് അമേരിക്കൻ വിദേശനയ വിദഗ്ധർ കരുതുന്നു.
ചുരുക്കത്തിൽ, അമേരിക്കയുടെ ഈ നടപടി ഇന്ത്യൻ റിഫൈനറികൾക്ക് ഭരണപരമായ ചില സൗകര്യങ്ങൾ ഒരുക്കി നൽകുന്നു എന്നതൊഴിച്ചാൽ, ഇന്ത്യയുടെ വ്യാപാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമോ അല്ലെങ്കിൽ പുതിയൊരു "അനുമതിയോ' അല്ല.
ആഗോള ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യയെ ഒരു തന്ത്രപ്രധാന പങ്കാളിയായി അമേരിക്ക കാണുന്നു എന്നതിന്റെ സൂചനയാണിത്. രാഷ്ട്രീയ ലാഭത്തിനായി ഈ സാങ്കേതിക ഇളവിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളിലെ യാഥാർത്ഥ്യങ്ങൾ മനസിലാക്കാത്തതുകൊണ്ടാണ്.
ഉപരോധങ്ങൾക്കിടയിലും സ്വന്തം ഊർജ ആവശ്യങ്ങൾക്കായി മികച്ച തീരുമാനങ്ങൾ എടുക്കാനുള്ള ഇന്ത്യയുടെ അവകാശം പരമാധികാരപരമായി തുടരുന്നു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്നുണ്ടായ അസംസ്കൃത എണ്ണ പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് ആശങ്കപ്പെടാനില്ലെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യയുടെ പക്കൽ അസംസ്കൃത എണ്ണയുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും ശേഖരം ആവശ്യത്തിനുണ്ടെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പത്രസമ്മേളനത്തിൽ അറിയിച്ചു.
രാജ്യമൊട്ടാകെ പെട്രോളിയം ഉത്പന്നങ്ങളുടെ ശേഖരവും വിതരണവും നിരീക്ഷിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം മന്ത്രാലയത്തിനു കീഴിൽ സജ്ജമാക്കിയിട്ടുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെയും ശേഖരമുണ്ട്.
എണ്ണലഭ്യത ആവശ്യത്തിന് ഉറപ്പുവരുത്താനായി എണ്ണ ഉത്പാദക സ്രോതസുകളെ വിപുലപ്പെടുത്താൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യ ശ്രമിച്ചുവരുന്നുണ്ട്. ഇതിന്റെ ഫലമായി ഇന്ത്യൻ ഊർജക്കമ്പനികൾക്ക് ഹോർമുസ് കടലിടുക്ക് വഴിയല്ലാതെയും രാജ്യത്തേക്ക് ഊർജ വിതരണം സാധ്യമാക്കുന്നതിന് പ്രയാസമില്ല. അത്തരം കാർഗോകൾ ഇപ്പോഴും തുടരുന്നതിനാൽ ഹോർമുസ് കടലിടുക്കിലുണ്ടാകുന്ന തടസങ്ങൾ ലഘൂകരിക്കാനാകുമെന്നും മന്ത്രി അറിയിച്ചു.
സംഘർഷം രൂക്ഷമായതിനു പിന്നാലെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില തിങ്കളാഴ്ച 10 ശതമാനം ഉയർന്നു. ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 82 ഡോളർ വരെയെത്തി. ഒറ്റദിവസം വീപ്പയ്ക്ക് 9.13 ഡോളർ വരെയാണ് ഉയർന്നത്. പിന്നീട് കുറഞ്ഞ് 79.42 ഡോളറായി.
National
ന്യൂഡൽഹി: മധ്യപൂർവേഷ്യയിലെ സംഘർഷാവസ്ഥ ആഗോള എണ്ണ വിപണിയിൽ ആശങ്ക ഉയർത്തിയിരിക്കുന്ന സാഹചര്യത്തിൽ എണ്ണ ഇറക്കുമതിക്കായി ഇന്ത്യ വീണ്ടും റഷ്യൻ എണ്ണയെ ആശ്രയിച്ചേക്കുമെന്ന് റിപ്പോർട്ട്.
റഷ്യൻ എണ്ണ വാങ്ങുന്നതിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കുമേൽ ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും മധ്യപൂർവേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിന്റെ അടച്ചുപൂട്ടലും ഇന്ത്യയെ റഷ്യൻ എണ്ണയെ ആശ്രയിക്കാൻ നിർബന്ധിതമാക്കുമെന്ന് ആഗോള വ്യാപാരത്തെ സംബന്ധിച്ച പ്രമുഖ ഡാറ്റ അനലിസ്റ്റിക്സ് സ്ഥാപനമായ കെപ്ലർ റിപ്പോർട്ട് ചെയ്തു.
പൂർണവിരാമമിട്ടില്ലെങ്കിലും റഷ്യൻ എണ്ണയുടെ ഇറക്കുമതിയിൽ ഇന്ത്യ ക്രമാതീതമായി കുറവ് വരുത്തിയിരുന്നു. എന്നാൽ നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് റഷ്യയിൽനിന്ന് കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഒരു ദേശീയ മാധ്യമം നൽകുന്ന റിപ്പോർട്ടനുസരിച്ച് ഫ്ലോട്ടിംഗ് സ്റ്റോറേജുകളിലുൾപ്പെടെ ഇന്ത്യൻ മഹാസമുദ്രത്തിലും അറേബ്യൻ ഉൾക്കടലിലും ധാരാളമായി റഷ്യൻ ക്രൂഡ് ഓയിലുണ്ട്.
കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി കുറച്ചതാണ് ഈ സ്റ്റോക്കുകൾ വർധിക്കുന്നതിനുള്ള ഭാഗികമായൊരു കാരണം. ഏഷ്യൻ ഉൾക്കടലുകളിൽ ഒരു കോടി ബാരൽ റഷ്യൻ എണ്ണയുണ്ടെന്നാണ് നിലവിലെ ഏകദേശ കണക്ക്. ട്രംപിന്റെ ഭീഷണി മൂലം റഷ്യൻ എണ്ണയിൽനിന്ന് അകലം പാലിച്ചെങ്കിലും ട്രംപ് തന്നെ തുടക്കമിട്ട ആഗോള അനിശ്ചിതത്വത്തിനിടയിൽ റഷ്യൻ എണ്ണയോട് വീണ്ടും അടുക്കാമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടൽ.
അതിനിടെ ഇറാൻ ആക്രമണങ്ങൾക്കു പിന്നാലെ ലിക്വിഫൈഡ് പ്രകൃതി വാതകത്തിന്റെ (എൽഎൻജി) ഉത്പാദനം നിർത്തിയെന്ന് ഖത്തർ പ്രഖ്യാപിച്ചതിനുപിന്നാലെ ഇന്ത്യൻ കന്പനികൾ വിവിധ വ്യവസായങ്ങൾക്കുള്ള പ്രകൃതി വാതകം വിതരണം കുറച്ചുവെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മധ്യപൂർവേഷ്യയിൽനിന്ന് വരുംദിവസങ്ങളിൽ ഇന്ധനവിതരണം തടസപ്പെട്ടേക്കാവുമെന്ന് കരുതിയാണ് നടപടി.
International
ന്യൂഡൽഹി: റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാനും പകരം അമേരിക്കയിൽനിന്ന് വൻതോതിൽ ഊർജ-സാങ്കേതിക ഉത്പന്നങ്ങൾ വാങ്ങാനുമുള്ള നിർണായക വ്യാപാര കരാറിൽ ഇന്ത്യയും അമേരിക്കയും മാർച്ചിൽ ഒപ്പിടും. കരാർ പ്രകാരം ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന നികുതി 18 ശതമാനമായി കുറയ്ക്കും. കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലാണ് കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചത്. 2030ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 500 ബില്യൺ ഡോളറിൽ എത്തിക്കുകയാണു ലക്ഷ്യം.
പ്രധാന വ്യവസ്ഥകൾ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ ചർച്ചകളെത്തുടർന്നാണ് കരാറിൽ ധാരണയായത്. കരാറിലെ പ്രധാന ധാരണകൾ:
ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങൾക്കുമേൽ നിലവിലുള്ള ഉയർന്ന നികുതി 18 ശതമാനമായി അമേരിക്ക കുറയ്ക്കും. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കും. ഇതു സംബന്ധിച്ച കർശനമായ നിലപാട് അമേരിക്ക മുന്നോട്ടുവച്ചിരുന്നു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഊർജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽനിന്ന് ഏകദേശം 500 ബില്യൺ ഡോളറിന്റെ ഉത്പന്നങ്ങൾ ഇന്ത്യ അമേരിക്കയിൽനിന്നു വാങ്ങും. ഇതിൽ ബോയിംഗ് വിമാന ഇടപാടുകളും ഇതിൽ ഉൾപ്പെടുന്നു.
ആഭ്യന്തര മേഖലയ്ക്കു സംരക്ഷണം
അമേരിക്കൻ ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് എത്തുമ്പോഴും രാജ്യത്തെ കർഷകരുടെയും ക്ഷീരകർഷകരുടെയും താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നു കേന്ദ്രം ഉറപ്പുനൽകുന്നു. പാലും മത്സ്യബന്ധന മേഖലയും ഉൾപ്പെടെയുള്ള മേഖലകളെ കരാറിൽനിന്ന് ഒഴിവാക്കും.
പ്രതിപക്ഷ പ്രതിഷേധം
കരാറിലെ സുതാര്യതയില്ലായ്മ ആരോപിച്ചു പ്രതിപക്ഷം പാർലമെന്റിൽ ശക്തമായ പ്രതിഷേധം ഉയർത്തി. കരാറിന്റെ പൂർണരൂപം വെളിപ്പെടുത്താത്തതും റഷ്യയുമായുള്ള ബന്ധം തകരുന്നതും പ്രതിപക്ഷം ചോദ്യം ചെയ്തു. എന്നാൽ, എംഎസ്എംഇ മേഖലയ്ക്കും ആഭ്യന്തര നിർമാണമേഖലയ്ക്കും കരാർ വലിയ കരുത്തേകുമെന്നു പീയൂഷ് ഗോയൽ പറയുന്നു. കരാറിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന സംയുക്ത പ്രസ്താവന അഞ്ചു ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്നും മാർച്ച് പകുതിയോടെ ഔദ്യോഗികമായി കരാർ ഒപ്പിടുമെന്നും മന്ത്രി അറിയിച്ചു.
International
വാഷിംഗ്ടൺ: ഇറാനിൽനിന്ന് ക്രൂഡ് ഒായിൽ വാങ്ങുന്നതിനു പകരം ഇന്ത്യ വെനിസ്വേലൻ എണ്ണ വാങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്നലെ വൈകുന്നേരം വാഷിംഗ്ടൺ ഡിസിയിൽനിന്ന് ഫ്ളോറിഡയിലേക്കു പോകുന്ന വേളയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതു സംബന്ധിച്ച ധാരണ ഇതിനകം ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എയർഫോഴ്സ് വണ്ണിൽ അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഇന്ത്യ വരും, വെനിസ്വേലൻ എണ്ണവാങ്ങും- ട്രംപ് കൂട്ടിച്ചേർത്തു.
Health
പാചകത്തിനു നേരിട്ട് ഉയോഗിക്കുന്ന എണ്ണയുടെ അളവാണു നാം പലപ്പോഴും എണ്ണ ഉപയോഗത്തിന്റെ പരിധിയിൽ കാണുന്നത്. അതല്ലാതെ മറ്റു ഭക്ഷണങ്ങളിൽക്കൂടിയും ഫാറ്റ്(കൊഴുപ്പ്) ശരീരത്തിലെത്തുന്നുണ്ട്.
അതിനാൽ നാം നേരിട്ട് ഉപയോഗിക്കുന്ന എണ്ണയുടെ അളവിൽ കുറവു വരുത്തണം.
ഏതുതരം എണ്ണ ഉപയോഗിച്ചാലും...
ഏതുതരം എണ്ണ ഉപയോഗിച്ചാലും അളവു കുറയ്ക്കുക. പ്രായപൂർത്തിയായ ഒരാൾക്കു ദിവസം 4 ടീസ്പൂണ് എണ്ണ. 20 ഗ്രാം. പ്രായമേറിയവർക്കും 4 ടീസ് സ്പൂണ് എണ്ണ ആവശ്യമാണ്.
വറുത്തതു കഴിക്കുമ്പോൾ...
എണ്ണ ധാരാളം അടങ്ങിയ ബേക്കറിവിഭവങ്ങൾ ശീലമാക്കാൻ കുട്ടികളെ അനുവദിക്കരുത്. എന്നും വറുത്ത സാധനങ്ങൾ കുട്ടികൾക്കു കൊടുക്കരുത്.
എണ്ണ ചീത്തയായാൽ...
എണ്ണയിൽ വെളളം വീണാൽ കനച്ചു പോകും. ചീത്തയായ എണ്ണ പശ പോലെ ഒട്ടും. ഗന്ധം കൊണ്ടും തിരിച്ചറിയാം. അത്തരം എണ്ണ ഉപയോഗിക്കരുത്.
വിവരങ്ങൾ: ഡോ. അനിത മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്റ്