Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Olimpics

റഷ്യയ്ക്ക് ഒരു നീതി, അമേരിക്കയ്ക്ക് മറ്റൊന്ന്! ഇറാന്‍യുദ്ധവും സ്പോർട്സ് ഇരട്ടത്താപ്പും

ഇറ്റലിയിലെ മിലാന്‍, കോര്‍ട്ടിന നഗരങ്ങളില്‍ 2026 വിന്‍റര്‍ പാരാലിമ്പിക്‌സിനു തിരശീല വീഴുമ്പോള്‍ ലോകകായികരംഗം വലിയൊരു മാറ്റത്തിനു സാക്ഷ്യംവഹിക്കുകയാണ്. കായികരംഗത്തെ വന്‍ ശക്തികളായ റഷ്യ ഒരു ഇടവേളയ്ക്കു ശേഷം രാജ്യാന്തരകായിക വേദിയില്‍ തിരിച്ചെത്തിയിരിക്കുന്നു.

പാരാലിമ്പിക്‌സില്‍ അഞ്ചു സ്വര്‍ണമടക്കം അഞ്ചാമതെത്താനും റഷ്യക്കായി. യുക്രെയ്‌ന്‍റെയും പാശ്ചാത്യചേരികളുടെയും കടുത്ത എതിര്‍പ്പ് മറികടന്നാണ് ഇന്‍റര്‍നാഷണല്‍ പാരാലിമ്പിക്‌സ് കമ്മിറ്റി റഷ്യന്‍ താരങ്ങള്‍ക്കു സ്വന്തം കൊടിക്കീഴില്‍ മത്സരിക്കാന്‍ അനുമതി നല്‍കിയത്.

മറ്റു കായികസംഘടനകളും നിബന്ധനകളോടെ റഷ്യന്‍ താരങ്ങള്‍ക്ക് അവസരം നല്‍കാനൊരുങ്ങുകയാണ്. ചില മത്സരങ്ങളില്‍ റഷ്യന്‍ താരങ്ങള്‍ക്കു ദേശീയപതാകയോ ദേശീയഗാനമോ ഉപയോഗിക്കാതെ ന്യൂട്രല്‍ താരങ്ങളായി പങ്കെടുക്കാന്‍ അനുവാദം ലഭിക്കുന്നുണ്ട്.

കായികരംഗം രാഷ്‌ട്രീയതര്‍ക്കങ്ങളില്‍നിന്നു വേര്‍തിരിച്ചുനിര്‍ത്തേണ്ടതാണെന്ന ഇന്‍റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി (ഐഒസി) പ്രസിഡന്‍റ് കേസ്റ്റി കോവന്‍ട്രിയുടെ നിലപാടും റഷ്യയെ വിലക്കിയതുകൊണ്ട് ഫുട്‌ബോളിനോ സംഘടനയ്‌ക്കോ ഒരു നേട്ടവും ഉണ്ടാക്കാനായിട്ടില്ലെന്ന ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫെന്റിനോയുടെ പ്രസ്താവനയും റഷ്യയുടെ മടങ്ങിവരവ് സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, വേള്‍ഡ് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ പോലുള്ള സംഘടനകള്‍ ഇപ്പോഴും കടുത്ത വിലക്കുകള്‍ തുടരുകയാണ്.

ലോകസമാധാനത്തിനു വിഘാതമായെന്ന കുറ്റംചുമത്തി റഷ്യക്കെതിരായ വിലക്ക് നീതീകരിക്കാമെങ്കില്‍ സമാന സാഹചര്യങ്ങളിലും ഇതേ നിലപാടുതന്നെ വേണമല്ലോ കായികസംഘടനകള്‍ പിന്തുടരേണ്ടത്. എന്നാല്‍, അതല്ല ഇവിടെ നടക്കുന്നത്.

ഇതെന്തു നീതി ?

കായികലോകം രാഷ്‌ട്രീയത്തിന് അതീതമാണെന്നും മൈതാനത്ത് നിയമങ്ങള്‍ എല്ലാവര്‍ക്കും തുല്യമാണെന്നുമാണു വയ്പ്. എന്നാല്‍, സമീപകാലത്തെ ആഗോള സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും; അന്താരാഷ്‌ട്ര കായിക സംഘടനകളുടെ നിയമപുസ്തകങ്ങള്‍ രാജ്യങ്ങളുടെ പണവും അധികാരവും ഉപയോഗിച്ചു തിരുത്താനാകുമെന്ന്.

യുക്രെയ്‌നെ ആക്രമിച്ചതിനു റഷ്യയെ കായികഭൂപടത്തില്‍നിന്നു മായ്ച്ചുകളയാന്‍ വിവിധ രാജ്യാന്തര കായികസംഘടനകള്‍ കാണിച്ച ആവേശം പക്ഷേ, ഇറാനും പലസ്തീനും മേല്‍ ബോംബുകള്‍ വര്‍ഷിക്കുന്ന യുഎസ്എയുടെയും ഇസ്രയേലിന്‍റെയും കാര്യത്തില്‍ ഫിഫയും ഒളിമ്പിക് കമ്മിറ്റിയും ടെന്നീസ് അസോസിയേഷനുകളും അത്‌ലറ്റിക് ഫെഡറേഷനും കാണിക്കാത്തതെന്ത്? കായികലോകത്തെ ഈ ഇരട്ടത്താപ്പ് ഇപ്പോള്‍ ആഗോളതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരിക്കുകയാണ്.

രണ്ട് യുദ്ധങ്ങള്‍; സമാനമായ സമയക്രമം

സമീപകാലത്തെ രണ്ട് പ്രധാന യുദ്ധങ്ങളെയും അവയോടുള്ള അന്താരാഷ്‌ട്ര കായിക സംഘടനകളുടെ പ്രതികരണങ്ങളെയും താരതമ്യം ചെയ്യാം.

സീക്വന്‍സ് 1: റഷ്യ-യുക്രെയ്ന്‍ യുദ്ധം (2022)

ഫെബ്രുവരി 20, 2022 ബെയ്ജിംഗ് വിന്‍റര്‍ ഒളിമ്പിക്‌സ് സമാപിക്കുന്നു.
ഫെബ്രുവരി 24, 2022: റഷ്യ യുക്രെയ്‌നെതിരേ പൂര്‍ണതോതിലുള്ള അധിനിവേശം ആരംഭിക്കുന്നു.
ഫെബ്രുവരി 25, 2022: വെറും 24 മണിക്കൂറിനുള്ളില്‍ ഇന്‍റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി റഷ്യയ്‌ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുന്നു. കായികമത്സരങ്ങളില്‍ റഷ്യന്‍ താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

റഷ്യ ആതിഥേയത്വം വഹിക്കേണ്ട കായികമേളകള്‍ റദ്ദാക്കാന്‍ ആവശ്യപ്പെടുന്നു. റഷ്യ ഒളിമ്പിക് ട്രൂസ് (ഒളിമ്പികസ് ആരംഭിക്കുന്നതിന് ഏഴു ദിവസം മുന്‍പുമുതല്‍ തുടര്‍ന്നുള്ള പാരാലിമ്പിക്‌സ് അവസാനിച്ച് ഏഴുദിവസം പിന്നിടുംവരെ ഒരു പരമാധികാര രാജ്യത്തിനുമേല്‍ മറ്റൊരു രാജ്യം ആക്രമണം നടത്തിയാല്‍/യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ആ രാജ്യത്തെ/രാജ്യങ്ങളെ വിലക്കാം എന്ന ഐഒസിയുടെ 1992ലെ പരിഷ്‌കരിച്ച ഒളിമ്പിക് തത്വം) ലംഘിച്ചതായി ആരോപിക്കുന്നു.

ഫെബ്രുവരി 28, 2022: ഫിഫ റഷ്യയെ 2022 ലോകകപ്പില്‍നിന്നു പുറത്താക്കുന്നു. റഷ്യന്‍ ദേശീയ ടീമുകളെയും ക്ലബ്ബുകളെയും അന്താരാഷ്‌ട്ര മത്സരങ്ങളില്‍നിന്നു വിലക്കുന്നു. യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനായ യുവേഫയും റഷ്യയെയും റഷ്യന്‍ ക്ലബുകളെയും വിലക്കുന്നു. ആ വിലക്ക് ഇന്നും തുടരുന്നു.

സീക്വന്‍സ് 2: യുഎസ്, ഇസ്രായേല്‍ സഖ്യത്തിന്‍റെ ഇറാന്‍ ആക്രമണം (2026)

ഫെബ്രുവരി 22. 2026: ഇറ്റലിയിലെ മിലാന്‍-കോര്‍ട്ടിന നഗരങ്ങളില്‍ നടന്ന വിന്‍റര്‍ ഒളിമ്പിക്‌സിനു സമാപനം. മാര്‍ച്ച് 6-15: മിലാന്‍-കോര്‍ട്ടിന വിന്‍റര്‍ പാരാലിമ്പിക്‌സ് നടക്കുന്നു.

ഫെബ്രുവരി 28, 2026: അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനുമേല്‍ ശക്തമായ വ്യോമാക്രമണം നടത്തുന്നു. മാര്‍ച്ച് 15നും ആക്രമണം തുടരുന്നു.

മാര്‍ച്ച് 3, 2026: ഐഒസി ഒരു പ്രസ്താവന പുറത്തിറക്കുന്നു. അതിശയിപ്പിക്കുന്ന കാര്യം, ആ പ്രസ്താവനയില്‍ ഒരിടത്തുപോലും അമേരിക്കയെന്നോ ഇസ്രായേലെന്നോ പരാമര്‍ശമില്ല. റഷ്യയെ വിലക്കാന്‍ ആയുധമാക്കിയ 'ഒളിമ്പിക് ട്രൂസ്' വെറുമൊരു ആഗ്രഹപ്രകടനം മാത്രമാണെന്നും അതു നടപ്പിലാക്കാന്‍ ഐഒസിക്ക് അധികാരമില്ലെന്നും മലക്കം മറിയുന്നു. ഫിഫയാകട്ടെ, സാഹചര്യം നിരീക്ഷിച്ചുവരികയാണ് എന്ന പതിവ് പല്ലവിയില്‍ ഒതുങ്ങുന്നു.

എന്തുകൊണ്ട് ഈ വൈരുധ്യം?

ഉത്തരം പണത്തിലും അധികാരത്തിലും റഷ്യയുടെ മേല്‍ കടുത്ത നടപടിയെടുത്തവര്‍ അമേരിക്കയുടെ കാര്യത്തില്‍ മൗനം പാലിക്കുന്നതിന്‍റെ പിന്നില്‍ കൃത്യമായ കാരണങ്ങളുണ്ട്. എമിലിയോണ്‍ ബിസിനസ് സ്‌കൂളിലെ പ്രൊഫസര്‍ സൈമണ്‍ ചാഡ്‌വിക് പറയുന്നതനുസരിച്ച്, ലോക കായികവ്യവസായത്തിന്‍റെ മൂന്നിലൊന്നും നിയന്ത്രിക്കുന്നത് അമേരിക്കയാണ്.
അന്താരാഷ്‌ട്ര കായികസംഘടനകളുടെ നട്ടെല്ല് അമേരിക്കന്‍ സ്‌പോണ്‍സര്‍മാരും ടെലിവിഷന്‍ നെറ്റ്‌വര്‍ക്കുകളുമാണ്.

ഐഒസിയുടെ ഖജനാവിലേക്ക് ഒഴുകുന്ന കോടിക്കണക്കിനു ഡോളറുകള്‍ വരുന്നത് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍നിന്നാണ്. 2026ലെ യുഎസില്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് മാത്രം 10.9 ബില്യണ്‍ ഡോളര്‍ വരുമാനം ഉണ്ടാക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇത് 2022ലെ ഖത്തര്‍ ലോകകപ്പിനേക്കാള്‍ 56 ശതമാനം കൂടുതലാണ്. ഈ ഭീമമായ തുകയുടെ ഉറവിടം അമേരിക്കന്‍ വിപണിയായതുകൊണ്ടുതന്നെ, അവരെ പിണക്കാന്‍ ഫിഫയും തയാറാകില്ല.

ഒളിമ്പിക് ട്രൂസ്: അധികാരികള്‍ക്ക് വേണ്ടിയുള്ള ഇളവുകള്‍?

ഐക്യരാഷ്ട്രസഭയുടെ പ്രമേയമനുസരിച്ച്, ഒളിമ്പിക്‌സ് തുടങ്ങുന്നതിന് ഏഴ് ദിവസം മുമ്പ് മുതല്‍ പാരാലിമ്പിക്‌സ് കഴിഞ്ഞ് ഏഴ് ദിവസം വരെ ലോകത്തു സമാധാനം നിലനില്‍ക്കണം. ഇതിനെയാണ് 'ഒളിമ്പിക് ട്രൂസ്' എന്ന് വിളിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 22 വരെ ഈ സമാധാന കരാര്‍ നിലവിലുണ്ട്. അമേരിക്കയുടെ ആക്രമണം നടന്നത് ഈ കാലയളവിലാണ്.
റഷ്യ ഈ കരാര്‍ ലംഘിച്ചപ്പോള്‍ ഒളിമ്പിക് ചാര്‍ട്ടറിന്‍റെ ലംഘനം എന്ന് ആക്രോശിച്ച ഐഒസി, ഇപ്പോള്‍ പറയുന്നത് ഇതൊരു 'നോണ്‍ബൈന്‍ഡിംഗ്' (നിര്‍ബന്ധിതമല്ലാത്ത) പ്രമേയമാണെന്നാണ്. അതായത്, തല്‍പരരല്ലാത്ത രാജ്യങ്ങള്‍ ലംഘിച്ചാല്‍ അത് കുറ്റവും, സാമ്പത്തികശക്തികള്‍ ലംഘിച്ചാല്‍ അതു വെറും ഒരു നടപടിക്രമം മാത്രവുമാകുന്നു.

പടിഞ്ഞാറന്‍ മേധാവിത്വവും കായികഭരണവും

കായിക ഭരണസമിതികളുടെ ഘടന ഇപ്പോഴും പടിഞ്ഞാറന്‍ രാജ്യങ്ങളെ കേന്ദ്രീകരിച്ചാണെന്നതാണ് മറ്റൊരു വാസ്തവം. ഭൗമരാഷ്‌ട്രീയത്തില്‍ അവര്‍ക്ക് താല്പര്യമുള്ള തീരുമാനങ്ങള്‍ മാത്രമേ ഈ സംഘടനകള്‍ എടുക്കുന്നുള്ളൂ. ഇന്തോനേഷ്യ ഇസ്രായേലിനെ സ്വീകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ അവരുടെ ലോകകപ്പ് കപ്പ് ആതിഥേയത്വം റദ്ദാക്കിയ ഫിഫ, എന്നാല്‍ അമേരിക്ക പല രാജ്യങ്ങള്‍ക്കും വീസ നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ നിശബ്ദത പാലിക്കുന്നു.

ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രസ്താവനയും നിയമപ്രശ്‌നങ്ങളും

അമേരിക്കന്‍ പ്രസിഡന്‍റ ഡോണള്‍ഡ് ട്രംപിന്‍റെ സമീപകാല പ്രസ്താവനകള്‍ കായിക ലോകത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നു. ഇറാന്‍ താരങ്ങളുടെ സുരക്ഷ പരിഗണിച്ച് അവര്‍ ലോകകപ്പില്‍ പങ്കെടുക്കുന്നത് ഉചിതമല്ലെന്നാണു ട്രംപിന്‍റെ നിലപാട്. എന്നാല്‍ ഇത് ഒളിമ്പിക് ചാര്‍ട്ടറിലെ റൂള്‍ 44ന്‍റെ ലംഘനമാണ്. വര്‍ണ, മത, രാഷ്‌ട്രീയ വിവേചനങ്ങളുടെ പേരില്‍ ആരെയും മത്സരങ്ങളില്‍നിന്ന് ഒഴിവാക്കാന്‍ പാടില്ല എന്നാണ് ഈ നിയമം പറയുന്നത്. 2019ല്‍ ഇന്ത്യ പാകിസ്ഥാന്‍ താരങ്ങള്‍ക്കു വിസ നിഷേധിച്ചപ്പോള്‍ ഇതേ നിയമം പറഞ്ഞാണ് ഐഒസി ഇന്ത്യയെ ശിക്ഷിച്ചത്. എന്നാല്‍, അമേരിക്കയുടെ കാര്യത്തില്‍ ഇത്തരമൊരു ശിക്ഷാനടപടി ആരും പ്രതീക്ഷിക്കുന്നില്ല.

വിവേചനത്തിന്‍റെ മൈതാനങ്ങള്‍

മൈതാനത്ത് പന്തുരുളുമ്പോള്‍ അതിന് ജാതിയോ മതമോ രാഷ്‌ട്രീയമോ ഇല്ലെന്നു നാം പറയുമ്പോഴും, മൈതാനത്തിനു പുറത്തെ എയര്‍ കണ്ടീഷന്‍ഡ് മുറികളില്‍ പണവും അധികാരവും വച്ച് നിയമങ്ങള്‍ മാറ്റിമറിക്കപ്പെടുകയാണ്. റഷ്യയ്ക്ക് ഒരു നീതിയും അമേരിക്കയ്ക്കു മറ്റൊരു നീതിയും എന്ന ഈ നിലപാട് അന്താരാഷ്‌ട്ര കായികസംഘടനകളുടെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്. ഒരു കൂട്ടം രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു ശക്തമായ നിലപാട് എടുക്കാത്തിടത്തോളം കാലം, കായികലോകത്തെ ഈ 'വെസ്റ്റേണ്‍ ഹെജിമണി' അല്ലെങ്കില്‍ പടിഞ്ഞാറന്‍ മേധാവിത്വം തുടരുക തന്നെ ചെയ്യും.

Latest News

Corehub Up