സെവാസ്തപോൾ: റഷ്യൻപ്രസിഡന്റ് വ്ലാദിമിർ പുടിന്റെ അഭിമാന പദ്ധതിയായ ക്രിമിയൻ പാലത്തെ വീണ്ടും ലക്ഷ്യമിട്ട് യുക്രെയ്ൻ. പാലത്തിലെ റെയിൽപ്പാത ലക്ഷ്യമിട്ടായിരുന്നു ഇത്തവണ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം.
പുടിൻ ചൈനയിൽ പ്രസിഡന്റ് ഷി ചിൻപിംഗുമായും അമേരിക്കൻ പ്രസിഡന്റ് ട്രംപുമായും ഉച്ചകോടി നടത്തുന്നതിനു മണിക്കൂറുകൾ മുന്പായിരുന്നു സംഭവം.
ക്രിമിയൻ പാലത്തിലെ റെയിൽ ഗതാഗതം കുറച്ചുസമയം നിർത്തിവയ്ക്കുമെന്നാണു റഷ്യൻ വൃത്തങ്ങൾ അറിയിച്ചത്.
ഈയാഴ്ച പാലത്തിനു നേർക്കുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. ചൊവ്വാഴ്ചത്തെ ആക്രമണത്തിൽ പാലത്തിന്റെ ഒരു സ്പാൻ തകർന്നു കടലിൽ വീണു. ഇതേത്തുടർന്നു വാഹനഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.
ട്രംപുമായും ഷിയുമായും പുടിൻ നടത്തുന്ന കൂടിക്കാഴ്ച യുക്രെയ്ന്റെ യൂറോപ്യൻ മിത്രങ്ങൾക്കു ശക്തമായ സന്ദേശം നല്കുമെന്ന റഷ്യൻ പ്രതീക്ഷയ്ക്കിടെയാണ് യുക്രെയ്ൻ പാലത്തിനു നേർക്ക് വീണ്ടും ആക്രമണമുണ്ടായത്.
ഇത്തവണത്തെ ആക്രമണത്തിനുശേഷം യുക്രെയ്ൻ പ്രസിഡന്റോ സേനാ വൃത്തങ്ങളോ പ്രതികരണത്തിനു തയാറായില്ല. ആക്രമണത്തിൽ ആർക്കും പരിക്കേറ്റില്ലെന്നു റഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു.