കൂത്തുപറമ്പ്: ചെറുമകന്റെ ആത്മഹത്യയിൽ മനംനൊന്ത് അമ്മൂമ്മയും അമ്മൂമ്മയുടെ അനുജത്തിയും ജീവനൊടുക്കിയ സംഭവത്തിൽ വിറങ്ങലിച്ച് മൂര്യാട് ഗ്രാമം. നീർവേലി നിമിഷ നിവാസിൽ ഇ. കിഷൻ (22), അമ്മൂമ്മ മൂര്യാട് ചമ്മാൽ റോഡിലെ വി.കെ. റെജി, (58) അനുജത്തി വി.കെ. റോജ (56) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം കൂട്ടുകാരോടൊപ്പം അമ്മൂമ്മയുടെ വീട്ടിലെത്തിയതായിരുന്നു കിഷൻ. കൂട്ടുകാർ പുറത്തുപോയ സമയം കിഷൻ വീടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു. കിഷൻ ഇടയ്ക്ക് അമ്മൂമ്മയുടെ വീട്ടിൽ താമസിക്കാൻ എത്താറുണ്ടായിരുന്നു. കൂട്ടുകാരെത്തി വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് കിഷനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വലിയ വെളിച്ചത്തെ മരിയൻ അപ്പാരൽസ് കമ്പനിയിൽ ജോലിക്ക് പോയ അമ്മൂമ്മ റെജിയും സമീപത്തെ വീട്ടിലുണ്ടായിരുന്ന റോജയും വിവരമറിഞ്ഞ് വീട്ടിലെത്തിയ ഉടൻ ജീവനൊടുക്കുകയായിരുന്നു. കിഷനോട് ഏറെ വാത്സല്യവും സ്നേഹവുമായിരുന്ന മരണപ്പെട്ട ഇരുവർക്കുമെന്ന് പ്രദേശവാസികൾ പറയുന്നു.
കൂത്തുപറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ഇന്ന് ഉച്ചയോടെ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലെത്തിച്ച് സംസ്കരിച്ചു. സുനിൽ-നിമിഷ ദമ്പതികളുടെ മകനാണ് കിഷൻ. സഹോദരൻ: അക്ഷയ് (ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥി).