ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ "ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്' നിർദേശത്തെ നിശിതമായി വിമർശിച്ച് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം. സംയുക്ത പാർലമെന്റ് കമ്മിറ്റിക്കു മുന്നിലാണു മുൻ ആഭ്യന്തര, ധനകാര്യമന്ത്രിയായിരുന്ന ചിദംബരം വിയോജിപ്പ് അറിയിച്ചത്.
കേന്ദ്രസർക്കാർ നീക്കം നിന്ദ്യവും പൈശാചികവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചിദംബരം പറഞ്ഞു. ലോക്സഭാ, സംസ്ഥാന നിയമസഭാ തെഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താൻ ലക്ഷ്യമിടുന്ന ഭരണഘടനാ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പാർലമെന്റ് സമിതിക്ക് മുന്നിൽ അഭിപ്രായം പറയുകയായിരുന്നു അദ്ദേഹം.
അഞ്ചു വർഷത്തേക്കു തെരഞ്ഞെടുക്കപ്പെടുന്ന നിയമസഭയുടെ കാലാവധി വെട്ടിക്കുറയ്ക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നതാണ്.
ഒരേസമയം നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകൾ നടത്താനുള്ള നിർദേശം "ബുദ്ധിശൂന്യമായ' വ്യായാമമാണെന്നും മുൻ ആഭ്യന്തര-ധനമന്ത്രി പറഞ്ഞു. പാനലിലെ തൃണമൂൽ കോൺഗ്രസ് അംഗമായ സാഗരിക ഘോഷും ബില്ലിനെ എതിർത്തു.