ഗുരുവായൂർ: ജൈവകൃഷിയിൽ 10 വർഷം പിന്നിട്ട് ഗുരുവായൂർ ബ്രഹ്മകുളം കറുത്തേടത്ത് ഷീജ. സ്വന്തം വീട്ടിലേയും പാട്ടത്തിനെടുത്ത ഭൂമിയിലുമായി പച്ചക്കറികൾ, ഫലവൃക്ഷങ്ങൾ, കിഴങ്ങുവർഗങ്ങൾ തുടങ്ങി വൈവിധ്യമാർന്ന രീതികളാണ് അവലംബിക്കുന്നത്.
വിഷരഹിതവും സുരക്ഷിതവുമായ കൃഷിരീതികളാണു പിന്തുടരുന്നത്. ജൈവവളം സ്വന്തമായി തയാറാക്കും. കാലവസ്ഥക്കനുസരിച്ച് വിളകൾ മാറ്റിയാണ് കൃഷിരീതി. ദിവസത്തിലെ ഒട്ടുമിക്ക സമയവും കൃഷിയിടത്തിൽ ചെലവിടുന്ന ഷീജയ്ക്കു ജീവനും ജീവിതവും കൃഷിതന്നെ.
പാവക്ക, പടവലം, തക്കാളി, വെണ്ട, ചേന, ചേന്പ്, കോവയ്ക്ക, പയർ, കാരറ്റ്, കുന്പളം, മത്തൻ, ചീര, മഞ്ഞൾ തുടങ്ങിയ വിളകളാണ് കൃഷിചെയ്യുന്നത്. കാർഷികോത്പന്നങ്ങൾക്ക് ഓണ്‍ലൈൻ മാധ്യമങ്ങളിലൂടെ വിപണി കണ്ടെത്തുന്നു.
ഗുരുവായൂർ ഫാർമേഴ്സ് ക്ലബ് സാരഥി കെ.പി.എ റഷീദിന്റെ പ്രോത്സാഹനവും പിന്തുണയും ഏറെയുള്ളതായും കൃഷിഭവൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പിന്തുണ നൽകാറുണ്ടെന്നും ഷീജ പറഞ്ഞു. മികച്ച കർഷകക്കുള്ള നഗരസഭയുടെ പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്. കൃഷിയെ ഒരു ജീവിതശൈലിയായി സ്വീകരിച്ച് പ്രകൃതിയോട് ചേർന്ന് മുന്നേറുന്ന ഇവരുടെ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ അഭിനന്ദനവും അംഗീകാരവും നേടിയിട്ടുണ്ട്.