ന്യൂഡൽഹി: രാജ്യത്തെ സംവിധാനങ്ങൾ നേരിടുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് തുറന്ന കത്തെഴുതി പ്രതിപക്ഷ പാർട്ടികൾ. നിവേദനം സമർപ്പിക്കുന്നതിന് അനുമതി തേടി പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും എഴുതിയ കത്തിൽ ഇന്ത്യ സഖ്യത്തിന്റെ ഭാഗമല്ലാത്ത ആം ആദ്മി പാർട്ടി, ഡിഎംകെ തുടങ്ങി രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടി നേതാക്കളെല്ലാം ഒപ്പിട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷനെതിരേയും എസ്ഐആർ നടപടിയിലെ വീഴ്ചയിലും രൂക്ഷവിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിൽ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടുന്നുവെന്നും തെരഞ്ഞെടുപ്പുകൾ ജനങ്ങളുടെ ഇച്ഛ പ്രതിഫലിപ്പിക്കുന്നില്ലെന്നും കത്തിൽ ആരോപിക്കുന്നു. കൂടാതെ, തെരഞ്ഞടുപ്പ് കമ്മിഷണർമാരുടെ നിയമനം സംബന്ധിച്ച് 2023ൽ കേന്ദ്രസർക്കാർ പാസാക്കിയ നിയമത്തിന്റെ സാധുതയും ചോദ്യം ചെയ്യുന്നുണ്ട്. 2014നു മുമ്പ് കമ്മിഷനിലെ വ്യക്തികളുടെ നിഷ്പക്ഷതയെ ചോദ്യംചെയ്യുന്ന അപൂർവം സംഭവങ്ങൾ ഉണ്ടായപ്പോൾ 2014ന് ശേഷമുള്ള സർക്കാർ നിയമനങ്ങൾ എല്ലാം ഭരണകക്ഷിയുമായി ഏറെ ചേർന്നുനിൽക്കുന്നവരാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
കൂടാതെ ഇത്തരക്കാർ തെരഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിക്കുന്നതിന് സർക്കാരിന്റെ ആജ്ഞകൾ ലജ്ജയില്ലാതെ നടപ്പാക്കുന്നവരാണെന്ന ആരോപണവും നേതാക്കൾ ഉന്നയിച്ചു. തെരഞ്ഞെടുപ്പുകളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ പക്ഷപാതപരമായ സമീപനത്തെ ചോദ്യം ചെയ്ത നേതാക്കൾ രാഷ്ട്രീയ പാർട്ടികൾക്കുള്ള മാതൃകാ പെരുമാറ്റച്ചട്ടം പ്രതിപക്ഷത്തുള്ളവരെ മാത്രം ലക്ഷ്യംവയ്ക്കുന്നതായി ചൂണ്ടിക്കാട്ടി.
എസ്ഐആർ ആദ്യം നടപ്പാക്കിയ ബിഹാറിൽ നുഴഞ്ഞുകയറ്റം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വോട്ടർപട്ടിക ശുദ്ധീകരണത്തിന് കമ്മിഷൻ ചുക്കാൻ പിടിച്ചത്. എന്നാൽ, ഇക്കാര്യം ന്യായീകരിക്കുന്ന യാതൊരു ഡാറ്റയും കമ്മിഷൻ പരസ്യപ്പെടുത്തിയിട്ടില്ല. എസ്ഐആർ അനുയോജ്യമായ സമയത്തായിരുന്നെങ്കിലും അതിന്റെ നടപ്പാക്കലിൽ വലിയ വീഴ്ച സംഭവിച്ചു.
സാധാരണ ഒരു വർഷമെങ്കിലും എടുത്തുചെയ്യേണ്ട നടപടി അതിവേഗത്തിൽ തീർത്തതിനു പിന്നിലെ പ്രേരണയും പ്രതിപക്ഷം ചോദ്യംചെയ്തു. ഇലക്ട്രോണിക് വോട്ടിംഗ് പ്രക്രിയയെക്കുറിച്ചുള്ള ആശങ്കയും കത്തിൽ ഉന്നയിച്ചു. ഉചിതമായിടത്ത് ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നത് ഗൗരവമായ പരിഗണനയും വിശാല ചർച്ചയും ആവശ്യമുള്ള കാര്യമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയ്ക്കപ്പുറം കേന്ദ്ര ഏജൻസികളായ സിബിഐ, ഇഡി, എൻഐഎ എന്നിവ പ്രതിപക്ഷത്തെ ലക്ഷ്യമിടുന്നതിലെ ആശങ്ക നേതാക്കൾ പ്രകടിപ്പിച്ചു. കൂടാതെ, തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്ന നടപടിയെയും കത്തിൽ ചോദ്യംചെയ്യുന്നു. സംവിധാനത്തിൽ ഇത്തരം വീഴ്ചകൾ സംഭവിക്കുമ്പോൾ നീതിന്യായ വ്യവസ്ഥ പ്രതികരിക്കാൻ പരാജയപ്പെട്ടാൽ അത് റിപ്പബ്ലിക്കിന്റെ സമ്പൂർണ തകർച്ചയെ സൂചിപ്പിക്കുന്നതായും നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു.