നെയ്യാർഡാം: തുറന്നജയിൽ ഇനി സഞ്ചാരികൾക്കും തുറന്നതാകുന്നു. നെട്ടുകാൽത്തേരി തുറന്നജയിലിൽ ബൊട്ടാണിക്കൽ ഗാർഡൻ വരുന്നു. പിന്നാലെ കഫ്റ്റീരിയായും... കേരളത്തിലെ ആദ്യ തുറന്ന ജയിലായ നെയ്യാർഡാം നെട്ടുകാൽത്തേരി തുറന്നജയിലിലാണ് വിസ്മയക്കാഴ്ച ഒരുങ്ങുന്നത്.
ജയിലുകളിൽ നിന്നു പുറത്തിറക്കുന്ന എല്ലാ ഉൽപ്പന്നങ്ങളുടെയും സിഗ്നേച്ചർ ബ്രാൻഡായ "ഫ്രീഡം' എന്നു നാമകരണം ചെയ്യപ്പെട്ട സസ്യോദ്യാനമാണ് മൂന്നേക്കർ സ്ഥലത്ത് ഒരുങ്ങുന്നത്.ലാൻഡ്സ്കേപ്പിംഗും നടീലും ഉൾപ്പെടുന്ന മൂന്നു ഘട്ട പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരണത്തിലേക്ക് അടുക്കുന്നു. 100 ഓളം തടവുകാർ ജോലി നിർവഹിച്ചു.
രണ്ടാം ഘട്ടത്തിൽ കൃത്രിമ അരുവി, കുളങ്ങൾ, ആംഫി തിയേറ്റർ എന്നിവയുടെ നിർമാണം നടത്തും. മൂന്നാം ഘട്ടത്തിൽ സസ്യ നഴ്സറിയും അനുബന്ധ സൗകര്യങ്ങളും പ്രവർത്തനക്ഷമമാകും.
പശ്ചിമഘട്ടത്തിന്റെ താഴ്വരയിൽ 274 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ ജയിൽ, അഗസ്ത്യമല ജൈവമണ്ഡലത്തിന്റെ ഭാഗമായ നെയ്യാർ വന്യജീവി സങ്കേതത്തോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ "ആരോഗ്യപച്ച' പോലുള്ള, ഈ പ്രദേശത്തിനു മാത്രം സ്വന്തമായ നിരവധി ഔഷധസസ്യങ്ങളും ഈ ഉദ്യാനത്തിൽ സംരക്ഷിക്കപ്പെടുമെന്നു നെട്ടുകാൽത്തേരി ജയിലിലെ കൃഷി ഓഫീസർ ഡബ്ല്യു.ആർ. അജിത് സിംഗ് പറഞ്ഞു.
ബൊട്ടാണിക്കൽ ഗാർഡൻ പ്രധാനമായും വിദ്യാർഥി കൾക്കും ഗവേഷകർക്കും അക്കാദമിക് വിദഗ്ധർക്കും ഉപകാരപ്രദമാകും. വരുമാനം ഉണ്ടാക്കുന്നതിനായി വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള നടപടികളും നടപ്പിലാക്കും. പ്ലാന്റ് നഴ്സറിയും പദ്ധതി വാണിജ്യവത്കരിക്കുന്നതിന്റെ ഭാഗമാണ്. ജയിലിന്റെ മുൻ സൂപ്രണ്ടായിരുന്ന ജയിൽ ഡിഐജി (സെൻട്രൽ സോൺ) എസ്. സജീവാണ് പദ്ധതിക്കു പിന്നിലെന്നു ജയിൽ സൂപ്രണ്ട് കെ. മുഹമ്മദ് സിയാദ് വ്യക്തമാക്കി.
ആദ്യ ഘട്ടം ഏതാണ്ട് പൂർത്തിയായി; കെഫ്റ്റീരിയ, കാപ്പി, ഏലം തോട്ടങ്ങളും ഒരു സിൽവർ ഓക്ക് തോട്ടവും ഉദ്യാനത്തിൽ വരും. പൂർണമായി വികസിപ്പിച്ചുകഴിഞ്ഞാൽ, ഉദ്യാനത്തിനു ശക്തമായ ടൂറിസം സാധ്യതയുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു. കോട്ടൂർ ആന സങ്കേതം, നെയ്യാർ അണക്കെട്ട്, അഗസ്ത്യാർകൂടം തുടങ്ങിയ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് സമീപമാണ് നെട്ടുകാൽത്തേരി തുറന്ന ജയിൽ.
സഞ്ചാരികൾക്ക് ഉദ്യാനം കാണാനും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ചെടികൾ വാങ്ങാനും കഴിയും. മാത്രമല്ല, ജയിൽ വളപ്പിലെ പച്ചറികൾ വാങ്ങാനും സൗകര്യമുണ്ടാകും. നിലവിൽ ഇവിടെ മത്സ്യക്കുളമുണ്ട്. പച്ചക്കറി കൃഷിയുമുണ്ട്്. മാത്രമല്ല വൻ തോതിലാണ് ഇവിടെ തീറ്റപ്പുൽ കൃഷി ചെയ്യുന്നത്. ഇവിടുത്തെ പശുക്കൾക്കും എരുമകൾക്കും കൊടുക്കുന്നതിനു പുറമേ കോട്ടൂർ കാപ്പുകാട് ആന പാർക്കിലെ ആനകൾക്ക് പുല്ല്് നൽകുന്നതും ഇവിടെ നിന്നാണ്.