ന്യൂഡൽഹി: ഡൽഹിയിൽ പ്രതിപക്ഷ എംപിമാരുടെ ഗാന്ധി സ്മൃതിയിലേക്കുള്ള യാത്രക്കിടെ അതീവ നാടകീയ രംഗങ്ങൾ. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർത്ഥികൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഗാന്ധി സ്മൃതിയിലേക്ക് പുറപ്പെട്ട പ്രതിപക്ഷ എംപിമാരുടെ ബസുകൾ പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച് എംപിമാരും പ്രതിഷേധക്കാരും ബാരിക്കേഡുകൾക്ക് മുകളിൽ കയറി മുദ്രാവാക്യം വിളിച്ച് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ ഒത്തുകൂടിയ ശേഷമാണ് എംപിമാർ മൂന്ന് ബസുകളിലായി ഗാന്ധി സ്മൃതിയിലേക്ക് പുറപ്പെട്ടത്. എന്നാൽ വഴിമധ്യേ പോലീസ് ബാരിക്കേഡ് വെച്ച് വാഹനം തടഞ്ഞത് വലിയ സംഘർഷാവസ്ഥയ്ക്കും പ്രതിഷേധത്തിനും ഇടയാക്കി. വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിപക്ഷത്തിന്റെ ഈ നീക്കം ഡൽഹിയിൽ കനത്ത സുരക്ഷാ സന്നാഹങ്ങൾക്ക് കാരണമായിട്ടുണ്ട്.