തൃശൂർ: രൂപത്തിലും ഭാവത്തിലും അസൽ നോട്ടുകളെ വെല്ലുന്ന രീതിയിലുള്ള ചിൽഡ്രൻസ് ബാങ്ക്, ഫൺ ഓഫ് ഫൺ നോട്ടുകൾ വ്യാപകമായതോടെ ഇവ ജനങ്ങളെ കബളിപ്പിക്കാനും ഉപയോഗിക്കുന്നതായി ആക്ഷേപം.
500, 200 നോട്ടുകൾക്കുപുറമേ, നിത്യേനയുള്ള ചെറിയ ഇടപാടുകൾക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന 10, 20 രൂപയുടെ കറൻസികളിലും ഇത്തരം കറൻസികൾ വ്യാപകമാണ്.
സമാനമായ നിറവും വലുപ്പവുമുള്ള ഈ നോട്ടുകൾ തിരക്കുള്ള സമയങ്ങളിൽ തിരിച്ചറിയാൻ പ്രയാസമാണ്. ഗാന്ധിജിയുടെ ചിത്രം ഉൾപ്പെടെ കൃത്യമായി ആലേഖനം ചെയ്തിട്ടുള്ളതിനാൽ ഒറ്റനോട്ടത്തിൽ ഇവ വ്യാജനാണെന്നു തിരിച്ചറിയില്ല.
‘ഭാരതീയ റിസർവ് ബാങ്ക്’ എന്നതിനുപകരം ഹിന്ദിയിൽ ‘ഭാരതീയ ബച്ചെ കാ ബാങ്ക്’എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. ചില്ലറയായി നൽകുന്ന നോട്ടുകൾക്കിടയിൽ ഇത്തരം കളിനോട്ടുകൾ തിരുകി നൽകിയാണു സാധാരണക്കാരെയും ചെറിയ കച്ചവടക്കാരെയും പ്രധാനമായും കബളിപ്പിക്കുന്നത്.
സ്കൂൾ പരിസരങ്ങളിലെ കടകൾ, പൂരം, പെരുന്നാൾ തുടങ്ങിയ ആഘോഷസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇവയുടെ കൈമാറ്റം പ്രധാനമായും നടക്കുന്നത്. പലരും കൗതുകത്തിനായി വാങ്ങുന്ന ഇത്തരം കളിനോട്ടുകൾ ബോധപൂർവം മറ്റുള്ളവരെ പറ്റിക്കാനായി ഉപയോഗിക്കുന്നതു വർധിച്ചുവരികയാണ്. പലരും ഇവ ഒറിജിനൽ ആണെന്നു കരുതി വാങ്ങി മറ്റുള്ളവർക്കു നൽകുമ്പോഴാണ് കബളിക്കപ്പെട്ടതു തിരിച്ചറിയുന്നത്.
പ്രായമായവരാണ് പ്രാങ്ക് നോട്ടുകൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നത്. 10, 20 രൂപയുടെ ചെറിയ നോട്ടുകളാണെങ്കിൽപോലും പണമിടപാടുകൾ നടത്തുമ്പോൾ കൃത്യമായി പരിശോധിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.