ന്യൂഡൽഹി: കേന്ദ്ര സർക്കാർ മഹാത്മാ ഗാന്ധിയുടെ ചിത്രം ഇന്ത്യൻ രൂപയിൽ നിന്ന് നീക്കാൻ തീരുമാനിച്ചതായി രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. അതിനുള്ള ആലോചനയുടെ ഒന്നാം ഘട്ടം കഴിഞ്ഞുവെന്നും ഇന്ത്യയുടെ ആർഷ ഭാരത പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്ന ഒന്നുരണ്ട് ചിഹ്നങ്ങൾ ചർച്ച ചെയ്തുവെന്നും ബ്രിട്ടാസ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചായ സൽക്കാരത്തിൽ പങ്കെടുത്തതിൽ പ്രിയങ്ക ഗാന്ധിയെ വിമർശിക്കുന്നതിനിടെയായിരുന്നു ബ്രിട്ടാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരുപക്ഷേ ഈ പ്രിയങ്ക ഗാന്ധിയും കൂട്ടരും മഹാത്മാ ഗാന്ധിയെ ഇന്ത്യൻ രൂപയിൽനിന്നും നീക്കിയശേഷമുള്ള ചായ സൽക്കാരത്തിലും പങ്കെടുക്കുമായിരിക്കുമെന്നാണ് താൻ വിചാരിക്കുന്നതെന്നും ബ്രിട്ടാസ് വിമർശിച്ചു.
ഇന്ത്യയിലെ 50 കോടി വരുന്ന പാവപ്പെട്ട ജനങ്ങളെ തെരുവിലാക്കുന്ന തൊഴിലുറപ്പ് ബിൽ പാസാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ചായ സൽക്കാരത്തിന് പ്രിയങ്ക പോയത് ഇന്ത്യൻ ജനാധിപത്യത്തിന് ഏറ്റ തീരാകളങ്കമാണെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.