District News
ഒറ്റപ്പാലം: റോഡ് കയ്യേറി നഗരത്തിനുള്ളിൽ ബാരിക്കേഡുകൾ (ഫെൻസിംഗ്) സ്ഥാപിച്ചതായി പരാതി. ഒറ്റപ്പാലം നഗരത്തിനുള്ളിൽ നടന്നുവരുന്ന നവീകരണപ്രവൃത്തികളുടെ ഭാഗമായിട്ടാണ് ബാരിക്കേഡുകൾ സ്ഥാപിച്ചു വരുന്നത്. റോഡിന്റെ അഴുക്കുചാലുകൾ ഇതിനകം സ്ലാബിട്ട് മൂടി നടപ്പാതയാക്കി മാറ്റിയിട്ടുണ്ട്. നടപ്പാതകൾക്ക് തൊട്ടാണ് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുള്ളത്.
കാൽനടയാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാൻ വേണ്ടിയാണ് ബാരിക്കേഡുകൾ സ്ഥാപിക്കുന്നത്. എന്നാൽ ബാരിക്കേഡുകൾ റോഡിലേക്ക് ഇറക്കിയാണ് സ്ഥാപിച്ചിട്ടുള്ളതെന്നാണ് പരാതി. ഇതുമൂലം റോഡിന്റെ വീതിക്ക് കുറവ് സംഭവിക്കുന്നുണ്ട്. ഉദ്യോഗസ്ഥന്മാരുടെ അലംഭാവമാണ് സംഭവത്തിന് കാരണം എന്നാണ് പരാതി.
കാൽനടയാത്രയ്ക്ക് ഉപയോഗിക്കുന്ന നടപ്പാതയ്ക്ക് ചേർന്നുവേണം ബാരിക്കേഡ് സ്ഥാപിക്കാൻ എന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്. അന്യസംസ്ഥാന തൊഴിലാളികൾ അവർക്ക് തോന്നിയ നിലയിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത് എന്നും പരാതി ഉയർന്നു. അടിയന്തരമായി പ്രശ്നത്തിൽ ഇടപെടാൻ അധികൃതർ തയ്യാറാകണമെന്നാണ് ആവശ്യം.
Kerala
പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയിൽ വയോധികയെ വീട്ടുപറമ്പിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര കടിശ്ശേരി വീട്ടിൽ ഭാനുമതി (73) ആണ് മരിച്ചത്.
ഇന്ന് രാവിലെ സമീപത്തെ വീട്ടിലേക്ക് പാൽ വിതരണം ചെയ്യാനായി എത്തിയ ആളാണ് മുറ്റത്ത് മൃതദേഹം ആദ്യം കാണുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവർ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നേരത്തേയും ഇവർ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായി പോലീസ് അറിയിച്ചു. മൃതദേഹം കൂടുതൽ പരിശോധനകൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Kerala
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് പി.കെ.ശശി. സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗമുണ്ട്. ഒറ്റപ്പാലത്ത് യുഡിഎഫിന്റെ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തോടൊപ്പം ശ്രീകൃഷ്ണപുരം കുക്കിലിയാട് എസ്വിഎ യുപി സ്കൂളിലാണ് പി.കെ.ശശി വോട്ട് ചെയ്തത്.
വോട്ട് രേഖപ്പെടുത്തിയ ശേഷം അയാം വെരി ഹാപ്പി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിൽ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മൂന്ന് മണിക്കൂറിൽ കനത്ത പോളിംഗ് രേഖപ്പെടുത്തി. മിക്ക ബൂത്തിലും വോട്ടർമാരുടെ നിരയാണ്. അതേസമയം അൻപതോളം ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി.
മിക്കയിടത്തും പ്രശ്നം പരിഹരിച്ചു. തിരുവനന്തപുരം പോത്തൻകോട് തിരുവള്ളൂർ ബൂത്തിലും ആലുംമൂട് ബൂത്തിലും വോട്ടിംഗ് വൈകി. കോഴിക്കോട് വളയത്തും ഉടുമ്പൻ ചോലയിൽ മൂന്ന് ബൂത്തുകളിലും യന്ത്ര തകരാർ ഉണ്ടായി. ചാത്തന്നൂർ കോട്ടപ്പുറം ഹൈസ്കൂളിലെ ബൂത്തിലും തടസം നേരിട്ടു.
Kerala
ഒറ്റപ്പാലം: ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്ഥി പി.കെ. ശശി സ്വതന്ത്ര ചിഹ്നത്തില് മത്സരിക്കും. കൈപ്പത്തി ചിഹ്നം ശശിക്കു നല്കരുതെന്ന ഒരുവിഭാഗം കോണ്ഗ്രസ് നേതാക്കളുടെ ആവശ്യം നേതൃത്വം അംഗീകരിച്ചതോടെയാണ് മാറ്റം.
പ്രശ്നപരിഹാരത്തിനു കോണ്ഗ്രസില് ചേരാന് നേതൃത്വം ശശിയോട് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചിരുന്നു. ഇതോടെയാണ് സ്വതന്ത്രചിഹ്നത്തില് മത്സരിക്കാന് പി.കെ. ശശി തീരുമാനിച്ചത്.
കൈപ്പത്തി ചിഹ്നം ചേർത്തുള്ള പി.കെ. ശശിയുടെ പ്രചാരണ പോസ്റ്ററുകളും ഫ്ലക്സുകളും ഒറ്റപ്പാലം മണ്ഡലത്തില് ഇന്നലെ വ്യാപകമായി പതിച്ചിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരേ രൂക്ഷവിമര്ശനം ഉന്നയിച്ച് രംഗത്തെത്തിയതിനുപിന്നാലെ പി.കെ. ശശിയെ സിപിഎം പുറത്താക്കിയിരുന്നു. തുടർന്നാണ് ശശി യുഡിഎഫ് പിന്തുണയോടെ ഒറ്റപ്പാലത്ത് സ്വതന്ത്രസ്ഥാനാർഥിയായത്.
Kerala
ഒറ്റപ്പാലം: വിദ്യാർഥികളുമായി പോയിരുന്ന ഓട്ടോറിക്ഷ കയറി സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. കുട്ടികൾ അപകടത്തിൽനിന്നു രക്ഷപ്പെട്ടു. വാണിയംകുളം തൃക്കങ്ങോട്ടുവച്ച് ഇന്നലെ രാവിലെ ഒന്പതരയ്ക്കാണ് സംഭവം.
മനിശേരി യുപി സ്കൂളിലേക്കു വിദ്യാർഥികളുമായി പോയിരുന്ന ഓട്ടോറിക്ഷയാണ് എതിരേവന്ന മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട സ്ഫോടകവസ്തുവിനു മുകളിൽ കയറിയത്. ഉടനെ ഇത് ഉഗ്രശബ്ദത്തോടുകൂടി പൊട്ടിത്തെറിച്ചുവെന്നാണ് ഓട്ടോ ഡ്രൈവർ കെ. രാധാകൃഷ്ണൻ പറയുന്നത്.
വിവേകാനന്ദ - ചാത്തൻപറമ്പ് റോഡിൽവച്ചാണ് സംഭവം. ഓട്ടോയുടെ നിയന്ത്രണംതെറ്റിയെങ്കിലും മറിയുകയോ സ്ഫോടനത്തിൽ മറ്റ് അപകടം ഉണ്ടാവുകയോ ചെയ്യാതിരുന്നത് ഭാഗ്യംകൊണ്ടു മാത്രമാണന്നു രാധാകൃഷ്ണൻ പറയുന്നു. സംഭവസ്ഥലത്ത് വലിയ പുകപടലങ്ങളുയർന്നതായും ഇദ്ദേഹം പറയുന്നു. ചെറിയ കേടുപാടുകൾ മാത്രമാണ് ഓട്ടോറിക്ഷയ്ക്കുണ്ടായത്.സ്കൂളിന് 200 മീറ്റർ അകലെവച്ചായിരുന്നു സംഭവം.
പന്നിശല്യം രൂക്ഷമായ പ്രദേശമാണിത്. കാട്ടുപന്നികളെ തുരത്തുന്നതിന് കൊണ്ടുവന്ന പടക്കമാകാം പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമികനിഗമനം. ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി പരിശോധനനടത്തി.
അതേസമയം, എങ്ങനെയാണ് പന്നിപ്പടക്കം റോഡരികിൽ എത്തിയതെന്ന് വ്യക്തമല്ല. കഴിഞ്ഞയാഴ്ചയാണ് ഒറ്റപ്പാലം തോട്ടക്കരയിൽ പന്നിപ്പടക്കത്തിൽതട്ടി 11 വയസ്സുകാരന്റെ കാൽപാദം തകർന്നത്.
Kerala
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63), ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. പ്രതി പൊന്നാനി സ്വദേശി റാഫി കസ്റ്റഡിയിൽ. ദന്പതികളുടെ വളർത്തുമകളുടെ മുൻ ഭർത്താവാണ് പ്രതി റാഫി. അർധരാത്രി 12ഓടെയാണ് സംഭവം.
വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുൽഫിയത്ത് എന്ന യുവതി നാല് വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
യുവാവിനെ സമീപത്തെ പള്ളി ഖബർസ്ഥാനിലേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും പിടികൂടുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല.
Kerala
ഒറ്റപ്പാലം: ലക്കിടി -തിരുവില്വാമല റോഡിൽ കുഞ്ചൻ സ്മാരക വായനശാലയ്ക്കു സമീപം ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു.
തിരുവില്വാമല കണിയാർകോട് സ്വദേശി ശരണ്യ(23), മകൾ ആദിശ്രീ (അഞ്ച്) എന്നിവരാണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു മോഹൻദാസിനു സാരമായി പരിക്കേറ്റു.
തിരുവില്വാമലയിലെ വീട്ടിൽനിന്നു ഭർത്താവിന്റെ വീടായ ലക്കിടി കൂട്ടുപാതയിലേക്കു പോകുകയായിരുന്നു ശരണ്യയും മകളും. ബന്ധുവായ മോഹൻദാസാണു സ്കൂട്ടർ ഓടിച്ചത്. എതിർഭാഗത്തുനിന്നു വന്ന ടിപ്പർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
മൂവരെയും ഉടൻ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശരണ്യയെയും മകളെയും രക്ഷിക്കാനായില്ല.
Kerala
പാലക്കാട്: ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകളും മരിച്ചു. ഒറ്റപ്പാലം ലക്കിടിയിലുണ്ടായ അപകടത്തിൽ തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യ മകൾ ആദിശ്രീ (അഞ്ച്) എന്നിവരാണ് മരിച്ചത്.
സ്കൂട്ടർ ഓടിച്ചിരുന്ന മോഹൻദാസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നിൽ നിന്നു വന്ന ടിപ്പർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ശരണ്യയുടെയും ആദിശ്രീയുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.