പാരീസ്: റഷ്യയുടെ എണ്ണ-ഇന്ധനകയറ്റുമതിയിൽനിന്നുള്ള വരുമാനം മാർച്ചിൽ മുൻ മാസത്തേക്കാൾ ഇരട്ടിയായി വർധിച്ചു. ഫെബ്രുവരിയിലെ 9.75 ബില്യണ്‍ ഡോളറിൽനിന്ന് മാർച്ചിൽ 19.04 ബില്യണ്‍ ഡോളറിലേക്കാണ് എത്തിയത്. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ആഗോള വിപണയിൽ എണ്ണ വില ഉയർന്നതാണ് വരുമാനം ഉയരാൻ കാരണമെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി (ഐഇഎ) വ്യക്തമാക്കി.
2022ൽ യുക്രെയ്നെതിരേ യുദ്ധം തുടങ്ങിയശേഷം റഷ്യയുടെ എണ്ണയിൽനിന്നുള്ള വരുമാനം താഴ്ന്ന നിലയിലെത്തിയിരുന്നു. അവിടെനിന്നുള്ള ഈ തിരിച്ചുവരവ് രാജ്യത്തിന്റെ സാന്പത്തിക ആവശ്യങ്ങൾക്കും സൈനിക ചെലവുകൾക്കും വരുമാനം വളരെ പ്രധാനപ്പെട്ടതാണ്.
ഐഇഎയുടെ കണക്കനുസരിച്ച് മാർച്ചിൽ റഷ്യയുടെ അസംസ്കൃത എണ്ണ കയറ്റുമതി മുൻമാസത്തെ അപേക്ഷിച്ച് പ്രതിദിനം 2,70,000 ബാരൽ വർധിച്ച് 46 ലക്ഷം ബാരലിലെത്തി. ദ്രുഷ്ബ പൈപ്പ് ലൈൻ വഴിയുള്ള വിതരണം നിലച്ചതിനെത്തുടർന്ന് കപ്പൽ മാർഗമുള്ള കയറ്റുമതി വർധിച്ചതാണ് ഈ വളർച്ചയ്ക്കു പ്രധാന കാരണം.
പ്രധാന കേന്ദ്രത്തിലേക്കുണ്ടായ ആക്രമണങ്ങളെത്തുടർന്ന് ജനുവരി അവസാനം മുതൽ യുക്രെയ്ൻ വഴി ഹംഗറിയിലേക്കും സ്ലൊവാക്യയിലേക്കും പൈപ്പ്ലൈൻ മാർഗമുള്ള കയറ്റുമതി നിർത്തിവച്ചിരിക്കുകയാണ്.
റഷ്യയുടെ അസംസ്കൃത എണ്ണ ഉത്പാദനം ഫെബ്രുവരിയിലെ പ്രതിദിനം 86.7 ലക്ഷം ബാരലിൽനിന്ന് മാർച്ചിൽ 89.6 ലക്ഷം ബാരലായി ഉയർന്നെന്ന് ഐഇഎ പറഞ്ഞു.