മാന്നാനം: ഭിന്നശേഷി വിദ്യാർഥികൾക്കായി മാന്നാനം കെഇ കോളജ് സോഷ്യൽ വർക്ക് വിഭാഗം സംഘടിപ്പിച്ച സംസ്ഥാനതല കലാമേള അവേക്ക് - 2026 ൽ ഏറ്റുമാനൂർ സാൻജോസ് വിദ്യാലയയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്. പാലാ സ്നേഹാരാം സ്പെഷൽ സ്കൂൾ ഫസ്റ്റ് റണ്ണറപ്പും അന്തീനാട് ശാന്തിനിലയം സ്പെഷൽ സ്കൂൾ സെക്കൻഡ് റണ്ണറപ്പുമായി.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കലാമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിന്റഎ മുഖ്യധാരയിൽനിന്ന് പലപ്പോഴും അകറ്റിനിർത്തപ്പെടുന്ന കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനുള്ള ഇത്തരം വേദികൾ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
കോളജ് പ്രിൻസിപ്പൽ ഡോ. ഐസൺ വി. വഞ്ചിപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. സേവ്യർ ചീരംതറ സിഎംഐ, ബർസാർ ഫാ. ബിജു തോമസ് സിഎംഐ, സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. എലിസബത്ത് അലക്സാണ്ടർ, അമല ജോൺ എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ ജോളി എസ്ജെസി,സിസ്റ്റർ ത്രേസ്യാമ്മ ഫിലിപ്പ് എന്നിവർക്ക് ബെസ്റ്റ് സ്പെഷൽ എജ്യൂക്കേറ്റർ അവാർഡ് സമ്മാനിച്ചു.
രണ്ട് ഘട്ടങ്ങളിലായി നടന്ന കലോത്സവത്തിൽ കേരളത്തിലെ പതിനാല് ജില്ലകളിലെ 45 സ്പെഷൽ സ്കൂളുകളെ പ്രതിനിധീകരിച്ച് ആയിരത്തിലധികം വിദ്യാർഥികൾ പങ്കെടുത്തു.
കലാതിലകമായി ജൂണിയർ വിഭാഗത്തിൽ ശരണ്യ ശങ്കറും (സവി സ്നേഹാലയ സ്പെഷൽ സ്കൂൾ, കാസർഗോഡ്), സീനിയർ വിഭാഗത്തിൽ ശില്പ ഫ്രാൻസിസും ( സാൻജോസ് വിദ്യാലയ, ഏറ്റുമാനൂർ) കലാപ്രതിഭയായി ജൂണിയർ വിഭാഗത്തിൽ ഗൗതം മനോജും (സാൻജോസ് വിദ്യാലയ, ഏറ്റുമാനൂർ) സീനിയർ വിഭാഗത്തിൽ ആദിത്യൻ എൻ.ജെയും (സാൻജോസ് വിദ്യാലയ, ഏറ്റുമാനൂർ) തെരഞ്ഞെടുക്കപ്പെട്ടു.