പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റാരോപിതനായ മുതിര്‍ന്ന സിപിഎം നേതാവ് എ. പത്മകുമാറിനെ പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളിൽനിന്നും മാറ്റിനിർത്തും.
ഇന്നലെ പത്തനംതിട്ടയിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു തീരുമാനമെന്ന് കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക്ക് പറഞ്ഞു.
നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമായ പത്മകുമാറിനു സ്ഥാനത്തു തുടരാമെങ്കിലും ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കാനാകില്ല. സ്വർണക്കൊള്ള കേസിൽ അന്വേഷണം നടത്തുന്ന എസ്ഐടി സംഘം കുറ്റപത്രം സമർപ്പിച്ച ശേഷമാകും മറ്റു നടപടികള്‍.
പത്മകുമാർ പാർട്ടിക്കു നൽകിയ വിശദീകരണം സമഗ്രമായി പരിശോധിക്കും. തെറ്റ് ചെയ്തിട്ടില്ല എന്നാണ് പത്മകുമാറിന്റെ വിശദീകരണമെന്നു പറയുന്നു.
പത്മകുമാറിനെതിരേ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
എൽഡിഎഫ് ആറന്മുള മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്നു കഴിഞ്ഞ ദിവസം നീക്കിയിരുന്നു.