ദുബായ്: മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ ഉണ്ടായ യുദ്ധത്തെ തുടർന്ന് വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ,ദുബായിലെ ആഡംബര സൗകര്യങ്ങൾ കുറഞ്ഞ ചിലവിൽ ആസ്വദിക്കുകയാണ് അവിടുത്തെ സാധാരണക്കാർ. 173 പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉൾപ്പെടെ ആകെ 827 ഹോട്ടലുകളാണ് ഈ ചെറിയ എമിറേറ്റിലുള്ളത്. കടലിനു മുകളിലെ വില്ലകൾ, ഇൻഫിനിറ്റി പൂളുകൾ, സ്വകാര്യ ബീച്ചുകൾ എന്നിവയെല്ലാം ഇപ്പോൾ ബജറ്റ് വിലയിൽ ലഭ്യമാണ്. യുദ്ധ പശ്ചാത്തലത്തിൽ ആഡംബര സൗകര്യങ്ങൾ സാധാരണക്കാർക്ക് കൂടി താങ്ങാൻ പറ്റുന്ന വിലയിലേക്ക് മാറിയതോടെ യുഎഇ നിവാസികൾ ഇത് പരമാവധി പ്രയോജനപ്പെടുത്തുന്നു.
ദുബായിലെ പാം ജുമൈറ ദ്വീപിലെ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ കൂറ്റൻ ലോബികളിൽ വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലും യുഎഇ നിവാസികളുടെ വരവോടെ വീണ്ടും ജീവൻ വച്ചുതുടങ്ങിയിട്ടുണ്ട്. മുൻപെങ്ങുമില്ലാത്ത തരത്തിലുള്ള വൻകിട ഓഫറുകളിൽ ആകൃഷ്ടരായാണ് സ്വദേശികളും വിദേശികളുമായ താമസക്കാർ ഇവിടെയെത്തുന്നത്.
വില വളരെ കൂടുതലായതുകൊണ്ട് ഞാൻ ഇതിനുമുമ്പ് ഒരിക്കലും പാമിലെ ഒരു ഹോട്ടലിലും താമസിച്ചിരുന്നില്ല, അഞ്ച് വർഷമായി ദുബായിൽ താമസിക്കുന്ന ഞാൻ അടുത്തിടെയാണ് പങ്കാളിക്കൊപ്പം പാം ദ്വീപിലെ ഒരു ബീച്ച് റിസോർട്ടിൽ വാരാന്ത്യം ചെലവഴിച്ചതെന്ന് ലെബനീസ് ഡോക്ടറായ ഫാദി ഇസ്കന്ദരാനി പറയുന്നു. സഞ്ചാരികൾ നിറഞ്ഞൊഴുകുന്ന മുൻകാലങ്ങളിലെ അത്രയും തിരക്കൊന്നും ഇപ്പോൾ ഹോട്ടലുകളിൽ ഇല്ല. അതിഥികളുടെ കുറവുമൂലം പല നിലകളും അടച്ചിട്ടിരിക്കുകയാണ്. എങ്കിലും, യുഎഇ നിവാസികൾക്കായുള്ള പ്രത്യേക ഡിസ്കൗണ്ട് നിരക്കിൽ സാധാരണ വിലയുടെ നാലിലൊന്ന് തുകയ്ക്ക് റൂമുകൾ ലഭിച്ചതോടെയാണ് ദുബായിലെ ആഡംബരം ഇപ്പോൾ സാധാരണക്കാർക്കും പ്രാപ്യമായിരിക്കുന്നു എന്ന് ഇസ്കന്ദരാനി കൂട്ടിചേർത്തു.
2025ൽ 19.5 ദശലക്ഷം വിനോദസഞ്ചാരികളെ ആകർഷിച്ചുകൊണ്ട് ദുബായ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി പാം ജുമൈറ മാറിയിരുന്നു. അക്കാലത്ത് 173 പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉൾപ്പെടെയുള്ള 827 ഹോട്ടലുകളിൽ 80 ശതമാനത്തിലധികം ബുക്കിംഗ് ഉണ്ടായിരുന്നു. എന്നാൽ ഫെബ്രുവരി 28ന് ഇറാനെതിരെ ഇസ്രായേലും അമേരിക്കയും ആരംഭിച്ച യുദ്ധം ഗൾഫ് മേഖലയിലേക്ക് വ്യാപിച്ചതോടെ ദുബായിയുടെ സുരക്ഷിതത്വമെന്ന പ്രതിച്ഛായയ്ക്ക് മങ്ങലേറ്റു. ഏപ്രിൽ 8 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് ചില വിനോദസഞ്ചാരികൾ മടങ്ങിയെത്തിയിട്ടുണ്ടെങ്കിലും, ഒഴുക്ക് ഇപ്പോഴും പരിമിതമാണെന്ന് പാം ദ്വീപിലെ അനാന്തര ദി പാം, ഹോട്ടൽ മാനേജർ മൈക്കൽ റോബിൻസൺ പറയുന്നു.
കടലിനു മുകളിലെ വില്ലകളും കൃത്രിമ തടാകങ്ങളും തായ് ശൈലിയിലുള്ള അലങ്കാരങ്ങളുമുള്ള ഈ ഹോട്ടൽ, പ്രാദേശിക താമസക്കാർക്കായി 50% വരെ ഇളവുകളാണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. വാരാന്ത്യങ്ങളിൽ, പ്രത്യേകിച്ച് ശനിയാഴ്ച രാത്രികളിൽ സാധാരണയായി 90% കൂടുതൽ ബുക്കിംഗ് ലഭിക്കാറുണ്ട്,എന്നാൽ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ഇത് 20% അല്ലെങ്കിൽ 30% ആയി കുറയുന്നുവെന്ന് റോബിൻസൺ വ്യക്തമാക്കുന്നു.
ഈ പുതിയ പ്രാദേശിക ഉപഭോക്താക്കൾ ഹോട്ടലുകൾക്ക് ഒരു വലിയ ആശ്വാസമാണ്. എങ്കിലും പ്രാദേശിക നിവാസികൾ ഭൂരിഭാഗവും സ്വന്തം കാറുകളിലാണ് വരുന്നത് എന്നതിനാൽ പാർക്കിംഗ് ഉൾപ്പെടെയുള്ള ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഹോട്ടലുകൾ നേരിടുന്നുണ്ട്. കൂടാതെ, വിദേശ വിനോദസഞ്ചാരികളുടെ കുറവുകൊണ്ടുള്ള സാമ്പത്തിക നഷ്ടം പൂർണമായും നികത്താൻ ഇവർക്ക് സാധിക്കുന്നില്ല.
ഏറ്റവും വലിയ വ്യത്യാസം താമസിക്കുന്ന ദിവസങ്ങളുടെ എണ്ണത്തിലാണ്. പ്രാദേശിക അതിഥികൾ ഒന്നോ രണ്ടോ രാത്രികൾക്കായി മാത്രമാണ് വരുന്നത്. എന്നാൽ അന്താരാഷ്ട്ര വിനോദസഞ്ചാരികൾ സാധാരണയായി ഒരാഴ്ച, പത്ത് ദിവസം, അല്ലെങ്കിൽ ചിലപ്പോൾ രണ്ടാഴ്ച വരെ ഇവിടെ താമസിക്കാറുണ്ട്. നിലവിൽ സ്റ്റേക്കേഷനുകൾ ഉള്ളതുകൊണ്ട് ജീവനക്കാരെ പിരിച്ചുവിടാതെ തന്നെ ഹോട്ടൽ ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നുണ്ടെന്ന് അനാന്തര ദി പാം അധികൃതർ അറിയിച്ചു.
സ്കൂൾ അവധിക്കാലം ആരംഭിക്കുകയും പല കുടുംബങ്ങളും വേനൽക്കാലത്ത് ദുബായ് വിട്ടുപോവുകയും ചെയ്യുന്ന ജൂലൈ മാസം വരെ ഈ സാഹചര്യം നീണ്ടുനിന്നാൽ സ്റ്റേക്കേഷനുകളുടെ ആവശ്യകത കുറയുമെന്നും റോബിൻസൺ ആശങ്ക പ്രകടിപ്പിച്ചു. ബുർജ് അൽ അറബ് ഉൾപ്പെടെയുള്ള ചില പ്രമുഖ ഹോട്ടലുകൾ തിരക്ക് കുറഞ്ഞ ഈ സമയം പ്രയോജനപ്പെടുത്തികൊണ്ട് താത്കാലികമായി അടച്ചിട്ട് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബിസിനസ്സ് ടൂറിസത്തെ കൂടുതൽ ആശ്രയിക്കുന്ന സിറ്റി സെന്റർ ഹോട്ടലുകൾ ജീവനക്കാരുടെ എണ്ണത്തിലും ശമ്പളത്തിലും കുറവ് വരുത്തിയിട്ടുണ്ട്.
അയൽ എമിറേറ്റായ അബുദാബിയിലെ ഒരു ആഡംബര ഹോട്ടലിലെ മറ്റൊരു ജീവനക്കാരനോട് രണ്ട് മാസത്തെ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുകയും, അടുത്തിടെ തിരികെ വിളിക്കുകയും ചെയ്തു. സ്ഥിതിഗതികൾ വേഗത്തിൽ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുന്ന ആഴ്ചകളിൽ എന്തെങ്കിലും തരത്തിലുള്ള സമാധാന കരാർ ഉണ്ടായാൽ, നമ്മൾ വിചാരിക്കുന്നതിലും വേഗത്തിൽ വിനോദസഞ്ചാരികൾ ദുബായിലേക്ക് മടങ്ങിയെത്തുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും റോബിൻസൺ വ്യക്തമാക്കുന്നു.