പാറശാല: ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താവിൽ നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ. കാരോട് പഞ്ചായത്തിലെ എ സർക്കിൾ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കൊല്ലം അയത്തിൽ സ്വദേശി ടി.എസ്. സന്ദീപ് (49) ആണ് പിടിയിലായത്.
നേരത്തെയും സമാനമായ കേസിൽ സന്ദീപ് പിടിയിലായിരുന്നു. 2016-17 കാലഘട്ടത്തിൽ കൊല്ലം ജില്ലയിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായിരിക്കെ കൈക്കൂലി വാങ്ങുന്പോഴായിരുന്നു സന്ദീപ് പിടിയിലായത്. കൊല്ലം വിജിലൻസ് കോടതിയിൽ ഈ കേസ് നിലവിലുണ്ട്.
ഇതിനിടെയാണ് ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താവിൽ നിന്ന് മൂന്നാം ഗഡു പണം അനുവദിക്കാൻ ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. സന്ദീപ് പരാതിക്കാരനിൽ നിന്ന് ആദ്യ രണ്ട് ഗഡുക്കൾ അനുവദിക്കാൻ 15,00 രൂപ കൈക്കൂലി വാങ്ങിയിരുന്നു.
മൂന്നാം ഗഡു അനുവദിക്കാൻ 25,00 രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് ഗുണഭോക്താവ് പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. സന്ദീപ് പരാതിക്കാരനിൽ നിന്ന് പണം കൈപ്പറ്റിയ ഉടൻ വിജിലൻസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.