ന്യൂഡൽഹി: 2001 ലെ പാർലമെന്റ് ആക്രമണത്തിൽ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ച് രാജ്യം. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരോടൊപ്പം പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു, കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി എന്നിവരും കേന്ദ്രമന്ത്രിമാരും എംപിമാരും പഴയ പാർലമെന്റ് മന്ദിരത്തിനു പുറത്ത് നടന്ന ചടങ്ങിൽ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ചു.
പാർലമെന്റിനെ സംരക്ഷിക്കാനുള്ള ദൗത്യത്തിനിടെ ജീവത്യാഗം ചെയ്ത ധീരഭടന്മാർക്ക് അഭിവാദ്യമർപ്പിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു എക്സിൽ കുറിച്ചു. എല്ലാ രൂപത്തിലുമുള്ള ഭീകരപ്രവർത്തനങ്ങളെ ചെറുത്തുതോൽപ്പിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ആവർത്തിക്കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.
രാജ്യത്തെ ഞെട്ടിച്ച ദിനം
2001 ഡിസംബര്‍ 13ന് ഉച്ചയ്ക്ക് 11.40 ഓടെയായിരുന്നു രാജ്യത്തെ നടുക്കി പാർലമെന്റിനുനേരേ ഭീകരാക്രമണമുണ്ടായത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വ്യാജ സ്റ്റിക്കര്‍ പതിച്ച അംബാസഡര്‍ കാറിലെത്തിയ ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ ത്വയിബ എന്നീ സംഘടനകളിലെ അഞ്ചു ഭീകരരാണ് രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായ പാര്‍ലമെന്റിനുനേരേ ആക്രമണം നടത്തിയത്.
പാര്‍ലമെന്റ് വളപ്പില്‍ പ്രവേശിക്കാനായെങ്കിലും പാർലമെന്റ് മന്ദിരത്തിനുള്ളിലേക്ക് കടക്കുംമുന്‍പ് അഞ്ചു ഭീകരരെയും സുരക്ഷാചുമതലയിലുണ്ടായിരുന്നവര്‍ വെടിവച്ചുകൊന്നു. പ്രത്യാക്രമണത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ ഒന്‍പതുപേർക്ക് ജീവൻ നഷ്ടമായി.
ഡല്‍ഹി പോലീസിലെ ആറുപേരും പാര്‍ലമെന്റ് വാച്ച് ആന്‍ഡ് വാര്‍ഡിലെ രണ്ടുപേരും ഒരു ഗാർഡനറുമാണ് കൊല്ലപ്പെട്ടത്. 15 ലേറെ പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പാര്‍ലമെന്റില്‍ ശീതകാല സമ്മേളനം പുരോഗമിക്കവെയായിരുന്നു ഭീകരാക്രമണം.