Kerala
കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു. പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ചത് വൻ വിവാദമായിരുന്നു. തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
റിപ്പോർട്ട് ലഭിക്കുന്നത് വരെ ഇവരെ പുറത്തിറക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് മുമ്പാണ് എല്ലാ പ്രതികൾക്കും പരോളിനുള്ള നടപടികൾ പൂർത്തിയാക്കിയത്.
കേസിലെ ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേഷ് കുമാർ എന്നിവർക്ക് പരോൾ ലഭിച്ചിരുന്നു. പ്രതികൾക്ക് സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും എത്താൻ കഴിയുന്ന രീതിയിൽ പരോൾ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
പ്രതികൾ നാട്ടിലെത്തുന്നത് സംഘർഷത്തിന് കാരണമാകുമെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സർക്കാർ ഇടപെട്ട് നാലു പ്രതികളുടെ പരോൾ തടയുകയായിരുന്നു.
Movies
കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി മുങ്ങിയ കുറ്റവാളിയെ ക്രൈംബ്രാഞ്ച് പിടികൂടി. അഹമ്മദാബാദ് സ്വദേശിയായ ഹേമന്ത് മോദി (53)യാണ് 12 വർഷത്തിന് ശേഷം പിടിയിലായത്.
പരോളിലിറങ്ങി മുങ്ങിയ ഹേമന്ത് 12 വർഷം ബോളിവുഡിൽ സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിച്ചു. മലയാളചിത്രമായ എമ്പുരാനിലും ഹേമന്ത് അഭിനയിച്ചുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
നറോഡയിൽ 2005-ൽ നരേന്ദ്ര കമ്പളേയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ടത്. ഭൂമി തർക്കവുമായി ബന്ധപ്പെട്ട് രണ്ടുവിഭാഗങ്ങൾ ഏറ്റുമുട്ടിയതിനെത്തുടർന്നായിരുന്നു കൊലപാതകം.
2008 ഓഗസ്റ്റ് 27-ന് ഹേമന്ത് മോദിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മഹെസാണ ജയിലിലായിരുന്ന ഇയാൾക്ക് 2014 ജൂലൈയിൽ ഗുജറാത്ത് ഹൈക്കോടതി മുപ്പത് ദിവസത്തെ പരോൾ അനുവദിച്ചു. കാലാവധി കഴിഞ്ഞിട്ടും ഹാജരാകാത്തതിനാൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
മുംബൈയിലെത്തിയ ഇയാൾ സ്പന്ദൻ മോദിയെന്ന് പേരു മാറ്റി ആൾമാറാട്ടം നടത്തി ബോളിവുഡിൽ ചെറിയ വേഷങ്ങളിൽ കയറിപ്പറ്റി.
ആമിർഖാനും അമിതാഭ് ബച്ചനുമുള്ള തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ, രൺവീർ സിംഗ് നായകനായ ജയേഷ്ഭായ് ജോർദാർ തുടങ്ങിയവയിൽ സഹനടനായി.
യുഗപുരുഷ്, ഗാന്ധി വിരുദ്ധ് ഗോഡ്സെ തുടങ്ങിയ നാടകങ്ങളിലും ചില പരമ്പരകളിലും വേഷമിട്ടു. ഗുജറാത്തി സിനിമകളിലും അഭിനയിച്ചു. പുറത്തിറങ്ങാനുള്ള ലഹോർ 1947-ലും അഭിനയിച്ചിട്ടുണ്ട്.
നടനെന്ന നിലയിൽ പലവട്ടം അഹമ്മദാബാദിലെത്തിയെങ്കിലും പോലീസിന് മനസിലായില്ല. പ്രതി തന്റെ വീട്ടിലെത്തിയെന്ന സൂചനയെത്തുടർന്നാണ് ക്രൈം ബ്രാഞ്ച് വല വീശിയത്. അറസ്റ്റിലായപ്പോളും പോലീസിന് ആളു മാറിയെന്ന് അവകാശപ്പെട്ട് രക്ഷപ്പെടാൻ ശ്രമിച്ചു. ഹേമന്ത് മോദിയെ മഹെസാണ ജയിലിലേക്ക് കൈമാറും.
National
അഹമ്മദാബാദ്: കൊലക്കേസിൽ അറസ്റ്റിലായി പരോൾ ലഭിച്ചതിന് ശേഷം ഒളിവിൽപോയ ബോളിവുഡ് നടൻ 12 വർഷത്തിനു ശേഷം അറസ്റ്റിൽ. ഹേമന്ത് മോദി(53) ആണ് അറസ്റ്റിലായത്.
അഹമ്മദാബാദിലെ ഘീകാന്ത മെട്രോ സ്റ്റേഷന് സമീപത്തു നിന്നാണ് ഹേമന്ത് മോദിയെ (ഹേമന്ത് നാഗിന്ദാസ് പുരുഷോത്തംദാസ്, വൈഷ്ണവ്) അറസ്റ്റ് ചെയ്തത്.
2014ൽ കൊലക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ ഗുജറാത്ത് ഹൈക്കോടതി അനുവദിച്ച 30 ദിവസത്തെ പരോൾ കാലാവധി അവസാനിച്ചിട്ടും കീഴടങ്ങാതെ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
2005ൽ അഹമ്മദാബാദിലെ നരോദ പ്രദേശത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട ഒരു കൊലപാതകക്കേസിലാണ് ഹേമന്ത് വൈഷ്ണവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ബോംബെ പോലീസ് ആക്ടിലെ സെക്ഷൻ 135(1) നൊപ്പം ഐപിസി 302, 324, 147, 148, 149, 120(ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
2005 ജൂൺ 15 ന് രാത്രി ആസാദ് ചൗക്കിനടുത്തുള്ള പാർശ്വനാഥ് ടൗൺഷിപ്പ് പ്രദേശത്ത് ഭൂമി തർക്കത്തെച്ചൊല്ലി രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. നരേന്ദ്ര (നന്നോ യശ്വന്ത് കാംബ്ലെ) ആണ് കൊല്ലപ്പെട്ടത്.
2008 ഓഗസ്റ്റ് 27 ന് കേസിലെ പ്രതികൾക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മെഹ്സാന ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഹേമന്ത് വൈഷ്ണവിന് 2014 ജൂലൈ 25 ന് ഗുജറാത്ത് ഹൈക്കോടതി 30 ദിവസത്തെ പരോൾ അനുവദിച്ചത്.
പരോൾ കാലാവധി അവസാനിച്ചിട്ടും ഹേമന്ത് മോദി തിരിച്ചെത്തിയില്ല. തുടർന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ, ജയേഷ്ഭായ് ജോർദാർ എന്നിവയുൾപ്പെടെയുള്ള ബോളിവുഡ് ചിത്രങ്ങളിലും വാഗ്ലെ കി ദുനിയ പോലുള്ള ടെലിവിഷൻ പ്രോഗ്രാമുകളിലും നാടകങ്ങളിലും ഇയാൾ അഭിനയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കൂടുതൽ നിയമനടപടികൾ നടന്നുവരികയാണ്.
Kerala
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ നൽകിയ സംഭവത്തിൽ മന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോർട്ട് തേടി. കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചത്. 20 ദിവസത്തേക്കാണ് പരോള്‍ ലഭിച്ചത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് മുമ്പായാണ് എല്ലാ പ്രതികള്‍ക്കും പരോള്‍ നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. സംഭവത്തിൽ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കാണ് മന്ത്രി കർശന നിർദേശം നൽകിയത്.
റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ഈ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുകയെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതികളുടെ പരോൾ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ.
2019 ഫെബ്രുവരി 17നായിരുന്നു പെരിയ കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. കേസില്‍ പത്ത് പ്രതികള്‍ക്ക് എറണാകുളം സിബിഐ കോടതി ഇരട്ടജീവപര്യന്തം ശിക്ഷിച്ചിരുന്നു.
Kerala
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് കൂട്ട പരോള്‍ അനുവദിച്ച സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തിൽ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോടാണ് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
റിപ്പോര്‍ട്ട് ലഭിച്ച ശേഷം വസ്തുതകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയില്‍ വകുപ്പ് ഈ പരോള്‍ നടപടികള്‍ക്ക് അനുമതി നല്‍കിയത്.
പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ അനുവദിച്ചിരിക്കുന്നത്. ഇരുപത് ദിവസത്തേക്കാണ് പരോൾ. ഉത്തരവിറങ്ങിയതിന് പിന്നാലെ
ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ കഴിഞ്ഞ ദിവസം വീടുകളിലെത്തിയിരുന്നു.
Kerala
കണ്ണൂർ: പയ്യന്നൂരിൽ പോലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോൾ. ആറുമാസത്തിനിടെ മൂന്നാം തവണയാണ് സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്.
ഹൈക്കോടതിയാണ് അഞ്ചുദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. പരോൾ തേടി ജയിൽ സൂപ്രണ്ടിനെ സമീപിച്ചെങ്കിലും അനുവദിക്കാത്തതിനെത്തുടർന്നാണ് കോടതിയെ സമീപിച്ചത്.
20 വർഷത്തേക്കാണ് നിഷാദിനെ ശിക്ഷിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിലിൽ നിന്ന് മത്സരിച്ച നിഷാദ് ജയിച്ചിരുന്നു. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷമാണ് നിഷാദിനെ ശിക്ഷിച്ചത്.
അതിനാൽ മത്സരിക്കുന്നതിനു തടസമുണ്ടായില്ല. എന്നാൽ ശിക്ഷ റദ്ദാക്കാത്തതിനാൽ നിഷാദിനു സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കാനായില്ല. നവംബർ 25നാണ് നിഷാദിനെ കോടതി ശിക്ഷിച്ചത്.
Kerala
കണ്ണൂര്‍: പ്രമാദമായ പാലത്തായി പോക്സോ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ. പദ്മരാജനു സര്‍ക്കാര്‍ പരോള്‍ അനുവദിച്ചതില്‍ വിവാദം. ബലാത്സംഗ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് സാധാരണ പരോള്‍ അനുവദിക്കരുതെന്ന ജയില്‍ ചട്ടം ലംഘിച്ചാണു നടപടി എന്നാണ് ആരോപണം.
കണ്ണൂര്‍ പാലത്തായിലെ 10 വയസുകാരിയെ മൂന്നു തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് തലശേരി അതിവേഗ പോക്സോ കോടതി കഴിഞ്ഞ നവംബര്‍ 15ന് ആര്‍എസ്എസ് ജില്ലാ നേതാവും ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കടവത്തൂരിലെ കെ. പദ്മരാജനെ ശിക്ഷിച്ചത്. ജീവപര്യന്തം തടവും പോക്സോ ആക്ട് പ്രകാരം 40 വര്‍ഷം (20 വര്‍ഷം കഠിനതടവ് അടക്കം) കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
ശിക്ഷ ലഭിച്ചശേഷം ഇദ്ദേഹത്തെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഫെബ്രുവരി മൂന്നിന് പദ്മരാജന്റെ സഹോദരി മരിച്ചു. ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ജയില്‍ സൂപ്രണ്ട് ആദ്യം മൂന്ന് ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചു. എന്നാല്‍ ഇതിനുശേഷം സംസ്ഥാന സര്‍ക്കാരും ജയില്‍ മേധാവിയും ചേര്‍ന്ന് അധിക ദിവസങ്ങളുടെ പരോള്‍കൂടി നല്‍കുകയായിരുന്നു.
ഫെബ്രുവരി മൂന്നിനു ജയില്‍ വിട്ടിറങ്ങിയ പദ്മരാജന് ഇതുവരെ ജയിലില്‍ തിരിച്ചെത്തിയിട്ടില്ല. മരണം പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ ജയില്‍ സൂപ്രണ്ടിനു പരമാവധി 10 ദിവസവും സര്‍ക്കാര്‍ അഞ്ച് ദിവസം കൂടിയും അധികമായി നല്‍കാം. ഈ ചട്ടം ലംഘിച്ചാണ് ഇത്തവണ നടപടിയെന്ന് ആരോപിക്കപ്പെടുന്നു. തന്റെ ശിക്ഷ റദ്ദ് ചെയ്യണമെന്ന പദ്മരാജന്റെ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഇടപെടല്‍.
ഇത് സ്വാഭാവികമായ അടിയന്തര പരോളാണെന്നും തടവുകാരന്റെ അടിയന്തര അപേക്ഷ പരിഗണിച്ചുള്ള നടപടിയാണെന്നുമാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം. പാലത്തായി പോക്സോ കേസ് ആദ്യം മുതല്‍ രാഷ്ട്രീയ വിവാദം നിറഞ്ഞതായിരുന്നു.
Kerala
കൊച്ചി: പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിൽ 20 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട പയ്യന്നൂരിലെ സിപിഎം കൗൺസിലർ വി.കെ നിഷാദിന് കേരള ഹൈക്കോടതി ഏഴ് ദിവസത്തെ പരോൾ അനുവദിച്ചു. പിതാവിന്റെ ചികിത്സാർത്ഥം സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. എന്നാൽ, നിഷാദിന് തുടർച്ചയായി ലഭിക്കുന്ന പരോളുകളും മുൻപത്തെ പരോൾ ലംഘനങ്ങളും രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാവുകയാണ്.
20 വർഷത്തെ ശിക്ഷാവിധി വന്ന് ഒരു മാസത്തിനുള്ളിൽ തന്നെ നിഷാദിന് പരോൾ ലഭിക്കുന്നത് ഇത് രണ്ടാം തവണയാണ്. ജനുവരി 26-ന് ജയിൽ അധികൃതർ ആറ് ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.
ഇത് പൂർത്തിയായി അധികം വൈകാതെയാണ് പിതാവിന്റെ അസുഖം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നിന്ന് വീണ്ടും ഏഴ് ദിവസത്തെ പരോൾ നേടിയത്.
പിതാവിന്റെ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായി പരോളിലിറങ്ങിയ സമയത്താണ് നിഷാദ് പയ്യന്നൂരിൽ സിപിഎം മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞിക്കൃഷ്ണനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തത്. പരോളിലുള്ള പ്രതികൾ രാഷ്ട്രീയ പരിപാടികളിലോ പ്രതിഷേധങ്ങളിലോ പങ്കെടുക്കാൻ പാടില്ലെന്ന വ്യവസ്ഥ നിലനിൽക്കെയാണ് വി. കുഞ്ഞിക്കൃഷ്ണന്റെ വീടിന് മുന്നിൽ പായസം വിതരണം ചെയ്യാനും പടക്കം പൊട്ടിക്കാനും നിഷാദ് മുൻപന്തിയിലുണ്ടായിരുന്നത്.
പയ്യന്നൂർ നഗരസഭയിലെ മൊട്ടമ്മൽ വാർഡിൽ നിന്ന് സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചെങ്കിലും, ശിക്ഷിക്കപ്പെട്ട് ജയിലിലായതിനാൽ നിഷാദിന് ഇതുവരെ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചിട്ടില്ല. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട ഒരാൾക്ക് ഇത്ര ലഘുവായി പരോൾ ലഭിക്കുന്നത് നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണെന്നാണ് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നത്.
Kerala
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്കുൾപ്പടെ തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെ ചൊല്ലി നിയമസഭയിൽ വാക്പോര്. ചട്ടം 50 പ്രകാരം, സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യാൻ പര്യാപ്തമായ അടിയന്തര പ്രാധാന്യമില്ലാത്തതിനാൽ പ്രസ്തുത നോട്ടീസ് പരിഗണിക്കാൻ നിർവാഹമില്ലെന്ന് സ്പീക്കർ അറിയിച്ചു.
ആവശ്യമാണെങ്കിൽ നോട്ടീസ് നൽകിയ അംഗത്തിന് സബ്മിഷനായി വിഷയം ഉന്നയിക്കാമെന്നും സ്പീക്കർ വ്യക്തമാക്കി. എന്നാൽ വലിയ ഗുരുതരമായ വിഷയമാണ് തന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ചട്ടം ലംഘിച്ച്, നിയമം ലഘിച്ച് പരോൾ കൊടുത്ത ക്രിമിനലുകൾ തെരുവിലിറങ്ങി കലാപം നടത്തുകയും ക്രിമിനൽ കുറ്റങ്ങൾ ചെയ്യുകയും ചെയ്യുന്ന ഗുരുതരമായ വിഷയങ്ങളാണ് സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടത്. സർക്കാരിന് സൗകര്യമില്ലാത്ത കാര്യങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യില്ലെന്നാണോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
പോലീസിനെ സ്റ്റീൽ ബോംബെറിഞ്ഞിട്ട് കോടതി 20 വർഷം തടവിന് ശിക്ഷിച്ച ക്രിമിനലിനെ ഒരു മാസം തികയും മുമ്പ് രണ്ടും മൂന്നും പ്രാവശ്യം പരോൾ നൽകി അയാളെ തെരുവിലേക്ക് ഇറക്കിയിരക്കുകയാണ്. അതിന് അടിയന്തര പ്രാധാന്യമില്ലെങ്കിൽ പിന്നെ എന്തിനാണ് സഭ കൂടുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
അതേസമയം, തടവുകാർക്ക് പരോൾ അനുവദിക്കുന്നത് നിയമവും ചട്ടവും അനുസരിച്ചാണെന്ന് മന്ത്രി എം.ബി. രാജേഷ് മറുപടി നൽകി. അവസാനം പരോൾ അനുവദിച്ചത് 8-1-2026ലാണ്. അതിനുശേഷം നാലോ അഞ്ചോ ദിവസം സഭ ചേർന്നു. ഇത്രെയും അടിയന്തര പ്രാധാന്യമുള്ളതാണെങ്കിൽ ജനുവരി 22-ാം തീയതി നോട്ടീസ് നൽകാമായിരുന്നു.
അന്ന് നോട്ടീസ് പോലും നൽകിയിട്ടില്ല. ഇപ്പോൾ വിഷയ ദാരിദ്രം കൊണ്ടാണ് പ്രതിപക്ഷം ഇത് ഉയർത്തിക്കൊണ്ടുവരുന്നത്. അവർ വിഷയം സബ്മിഷനായി ഉന്നയിക്കുന്നത് കൊണ്ട് സർക്കാരിന് വിരോധമില്ല. അടിയന്തര പ്രാധാന്യമുള്ള വിഷയമുള്ള കാര്യമാണിതെന്ന് നേരത്തെ തോന്നിയിരുന്നുവെങ്കിൽ 22ന് നോട്ടീസ് നൽകാമായിരുന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ചീറ്റിംഗ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഇളവ് കൊടുത്തെന്നും മന്ത്രി പറഞ്ഞു.
Kerala
കണ്ണൂർ: പോലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം കൗൺസിലർ വി.കെ. നിഷാദിന്റെ പരോൾ കാലാവധി വീണ്ടും നീട്ടി. 15 ദിവസത്തേക്കാണ് നിഷാദിന്റെ പരോൾ കാലാവധി നീട്ടി നൽകിയത്.
അച്ഛന്റെ രോഗാവസ്ഥ ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി നിഷാദ് നൽകിയ അപേക്ഷയിലാണ് നടപടി. ജനുവരി 26 വരെയാണ് നിലവിൽ പരോൾ അനുവദിച്ചിരിക്കുന്നത്. 2025 ഡിസംബർ 25ന് ആയിരുന്നു നിഷാദിനെ കോടതി 20 വർഷം തടവിന് ശിക്ഷിച്ചത്.
എന്നാൽ ശിക്ഷിക്കപ്പെട്ട ശേഷം ഒരു മാസം മാത്രമാണ് നിഷാദിന് ജയിലിൽ കഴിയേണ്ടി വന്നത്. മൂന്നാം തവണയും പരോൾ നീട്ടി നൽകിയതോടെ നിഷാദിന് ഒരു മാസത്തോളം പരോൾ ലഭിക്കും.
Kerala
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഒന്നാം പ്രതി എം.സി. അനൂപിന് വീണ്ടും പരോൾ. 20 ദിവസത്തേക്കാണ് പരോൾ നൽകിയിരിക്കുന്നത്.
നടപടി സ്വാഭാവികമാണെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.ശനിയാഴ്ചയാണ് പരോള്‍ അനുവദിച്ചത്.
നേരത്തെ, പ്രതികളായ രജീഷ്, ഷാഫി, ഷിനോജ് എന്നിവർക്ക് പരോൾ ലഭിച്ചിരുന്നു. തുടർന്ന് നടപടി ചട്ടപ്രകാരമല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതേസമയം, ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
Kerala
കണ്ണൂർ: പോലീസിനു നേരെ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി.കെ.നിഷാദിന്റെ പരോൾ നീട്ടി നൽകി. ഈ മാസം 11 വരെയാണ് പരോൾ നീട്ടിയത്.
ശിക്ഷ റദ്ദാക്കണമെന്ന ഹർജി ഒമ്പതിന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പരോൾ നീട്ടി നൽകിയത്. പയ്യന്നൂർ നഗരസഭയിലേക്ക് ജയിലിൽ കിടന്ന് മത്സരിച്ച് ജയിച്ച നിഷാദ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല.
ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പോലീസിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ഇയാളെ ശിക്ഷിച്ചത്.
Kerala
കണ്ണൂർ: പോലീസിനു നേരെ ബോംബെറിഞ്ഞ കേസില്‍ 20 വർഷത്തെ ശിക്ഷലഭിച്ച സിപിഎം നേതാവ് വി.കെ.നിഷാദിന് പരോള്‍. ഷുക്കൂർ വധവുമായി ബന്ധപ്പെട്ട സംഘർഷത്തിലാണ് ഇയാൾ പോലീസിനു നേരെ ബോംബെറിഞ്ഞത്.
കേസിൽ കഴിഞ്ഞ മാസമാണ് നിഷാദിനെ കോടതി ശിക്ഷിച്ചത്. കണ്ണൂർ സെൻട്രൽ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഇയാൾക്ക് പരോൾ ലഭിക്കുന്നത്. ആറ് ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.
നിഷാദിന്റെ പിതാവിന് അസുഖം ആയതിനാല്‍ പരോള്‍ അനുവദിച്ചെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. നിലവില്‍ 16 കേസുകളില്‍ പ്രതിയാണ് വി.കെ.നിഷാദ്. കൊലപാതകം, സംഘംചേര്‍ന്ന് ഭീഷണിപ്പെടുത്തല്‍, മര്‍ദിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കേസുകളാണ് നിഷാദിനെതിരേയുള്ളത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയിലെ 46-ാം വാര്‍ഡ് മൊട്ടമ്മലില്‍ നിന്ന് മത്സരിച്ച നിഷാദ് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. എന്നാൽ ജയിലിലായതിനാല്‍ നിഷാദ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല.
Kerala
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ അനുവദിച്ചതിൽ പ്രതികരണവുമായി കെ.കെ.രമ എംഎൽഎ. പ്രതികളെ മോചിപ്പിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. കുറ്റവാളികളെ സർക്കാർ സംരക്ഷിക്കുകയാണ്.
അവർക്ക് എല്ലാ സൗകര്യങ്ങളും സർക്കാർ ജയിലിൽ ഒരുക്കുന്നുണ്ട്. ജയിൽ അധികൃതർ പറയുന്നത് പ്രതികളുടേത് നിയമാനുസൃത പരോൾ ആണെന്നാണ്. എന്നാൽ ഇതൊന്നും ജയിലിലെ മറ്റ് തടവുപുള്ളികൾക്ക് ലഭിക്കാത്തത് എന്തുകൊണ്ടാണ്.
ടി.പി വധക്കേസ് പ്രതികളെ സംരക്ഷിക്കണമെന്ന നിലപാടിന്റെ ഭാഗമാണ് ഇതെല്ലാം. കഴിഞ്ഞ ദിവസമാണ് പരോൾ കിട്ടാൻ കൊടി സുനി ജയിൽ സൂപ്രണ്ടിന് കൈക്കൂലി കൊടുത്തുവെന്ന വാർത്ത പുറത്തുവന്നത്.
ജയിലിൽ കിടക്കുന്ന കൊടി സുനിക്ക് ഇത്രയും പണം എവിടെനിന്നാണ് കിട്ടിയത്. ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കെ.കെ.രമ ആവശ്യപ്പെട്ടു.
Kerala
കണ്ണൂർ: ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ. തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കാണ് 15 ദിവസത്തെ പരോൾ അനുവദിച്ചത്.
രണ്ടര മാസം ജയിലിൽ കിടന്നാൽ ലഭിക്കുന്ന സ്വഭാവിക പരോൾ ആണെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ദിവസം നാലാം പ്രതി രജീഷിനും പരോൾ ലഭിച്ചിരുന്നു. 20 ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്.
ടി.പിക്കേസ് പ്രതികൾക്ക് സർക്കാർ അനധികൃതമായി പരോൾ നകുന്നുവെന്ന് ആരോപണം നിലനിൽക്കുന്നതിനിടെയാണ് മുഹമ്മദ് ഷാഫിയും ഷിനോജ് പുറത്തിറങ്ങുന്നത്. ഈ കേസിലെ മറ്റൊരു പ്രതിയായ കൊടി സുനിക്ക് ഏഴുമാസത്തിനിടെ 60 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.
2024 ഡിസംബർ മുതൽ ജൂലൈവരെ മൂന്ന് പരോളുകളാണ് സുനിക്ക് അനുവദിച്ചത്. കൊടി സുനി ഉൾപ്പെടെയുള്ളവർക്ക് ഇഷ്ടംപോലെ പരോൾ അനുവദിക്കുന്നതിന് ജയിൽ ഡിഐജി വിനോദ് കുമാർ കൈക്കൂലി വാങ്ങിയത് വൻവിവാദമായിരുന്നു.
Kerala
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതി ടി.കെ.രജീഷിന് വീണ്ടും പരോൾ. 15 ദിവസത്തേക്കാണ് പരോൾ ലഭിച്ചിരിക്കുന്നത്. അഞ്ചുമാസത്തിനിടെ രണ്ടാമത്തെ പരോളാണ് ഇയാൾക്ക് അനുവദിച്ചിരിക്കുന്നത്.
സ്വാഭാവിക പരോളാണ് അനുവദിച്ചതെന്നാണ് ജയിൽ വകുപ്പിന്റെ വിശദീകരണം. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനാണ് ടി.കെ. രജീഷ്. കഴിഞ്ഞ ഒക്ടോബറിൽ ചികിത്സയ്ക്കായി ഇയാൾക്ക് പരോൾ അനുവദിച്ചിരുന്നു.
ടി.പിക്കേസ് പ്രതികൾക്ക് സർക്കാർ അനാവശ്യമായി പരോൾ നൽകുന്നുവെന്ന് ആരോപണം നിലനിൽക്കുന്നതിനിടെയാണ് ടി.കെ.രജീഷിന് പരോൾ അനുവദിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: പണം വാങ്ങി ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി ഉൾപ്പടെയുള്ളവർക്ക് ജയിലിൽ സൗകര്യം ഒരുക്കിയെന്നു കണ്ടെത്തിയതിനെത്തുടർന്ന് ജയിൽ ഡിഐജിക്കെതിരേ വിജിലൻസ് കേസ്. ജയിൽ ആസ്ഥാനത്തെ ഡിഐജി എം.കെ വിനോദ്കുമാറിനെതിരേയാണ് വിജിലൻസ് കേസെടുത്തത്. വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിനാണ് അന്വേഷണച്ചുമതല. ഇതോടൊപ്പം തടവുകാർക്ക് പണം വാങ്ങി ഇയാൾ പരോൾ അനുവദിച്ചെന്നും കണ്ടെത്തി.
ഇതുസംബന്ധിച്ചു ലഭിച്ച പരാതിയെത്തുടർന്ന് വിജിലൻസ് രഹസ്യ പരിശോധന നടത്തിയിരുന്നു. പരാതിയിലെ പല കാര്യങ്ങളും ശരിയെന്നു ബോധ്യപ്പെട്ടതിനു പിന്നാലെയാണ് കേസെടുത്തത്. വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകി.
രാഷ്ട്രീയ കൊലപാതകങ്ങൾ ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ജയിലിൽ പ്രത്യേക സൗകര്യം ചെയ്തുകൊടുക്കുന്നതിന് വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളിൽ നിന്നു പണം കൈപ്പറ്റിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. വൻ ക്രിമിനൽ കേസുകളിലെ പ്രതികൾക്ക് അടക്കം ഇത്തരത്തിൽ പണം വാങ്ങി സൗകര്യം ഏർപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. തടവുകാരുടെ ബന്ധുക്കളിൽനിന്നു പണം വാങ്ങിയ ശേഷം അനുകൂല റിപ്പോർട്ടുകളുണ്ടാക്കി പരോൾ അനുവദിച്ചെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
വിയ്യൂർ ജയിലിൽനിന്നു വിരമിച്ച ഒരുദ്യോഗസ്ഥൻ ഇടനിലക്കാരാനായാണ് വിനോദ് കുമാർ പണം വാങ്ങുന്നതെന്നാണ് പ്രധാന കണ്ടെത്തൽ. ഗൂഗിൾ പേ വഴി പണം വാങ്ങിയതിന്റെ തെളിവുകളും ലഭിച്ചതായാണ് വിവരം. വിനോദ്കുമാറിന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പടെ വിജിലൻസ് സംഘം പരിശോധിച്ചു. ഒരു മാസത്തോളം നടത്തിയ രഹസ്യ അന്വേഷണത്തിന് ഒടുവിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
Kerala
കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിൽ ഒരു പ്രതിക്കുകൂടി സർക്കാർ പരോൾ അനുവദിച്ചു. പതിനഞ്ചാം പ്രതി കല്യോട്ട് സ്വദേശി വിഷ്ണു സുരേന്ദ്രനാണു (സുര) പരോൾ അനുവദിച്ചത്.
ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന വ്യവസ്ഥയോടെയാണു പരോൾ. കഴിഞ്ഞയാഴ്ച പത്താം പ്രതി രഞ്ജിത്തിനും പരോൾ ലഭിച്ചിരുന്നു. ഇനി കേസിൽ ശിക്ഷിക്കപ്പെട്ട കണ്ണൂർ ചപ്പാരപ്പടവ് സ്വദേശി സുരേഷിന് മാത്രമാണ് പരോൾ ലഭിക്കാൻ ബാക്കിയുള്ളത്.
ഇയാളുടെ അപേക്ഷയും പരിഗണനയിലാണ്. കേസിലെ ഒന്നാം പ്രതി പീതാംബരൻ, മറ്റു പ്രതികളായ അശ്വിൻ, ഗിജിൻ, ശ്രീരാഗ്, രഞ്ജിത്, സജു എന്നിവരും പരോളിലാണ്. അനിൽ കുമാർ, സുധീഷ് എന്നിവർ പരോൾ കാലാവധി കഴിഞ്ഞ് തിരിച്ചു ജയിലിലേക്കു പോയി.
പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. 2019 ഫെബ്രുവരി 17നാണു പെരിയ കല്യോട്ട് ശരത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.