വത്തിക്കാൻ സിറ്റി: അയൽക്കാരനോടുള്ള സ്നേഹം ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിന്റെ ആധികാരികതയുടെ വ്യക്തമായ തെളിവാണെന്നു ലെയോ പതിനാലാമൻ മാർപാപ്പ. അയൽക്കാരനെ ആധികാരികമായി സ്നേഹിക്കുന്നവർ ദൈവവുമായിട്ടാണ് കൂടിക്കാഴ്ച നടത്തുന്നതെന്നും മാർപാപ്പ പറഞ്ഞു.
അമേരിക്കയിലെ കത്തോലിക്കാസഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള ഡയറക്ടർ ബോർഡ് അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. ജീവകാരുണ്യ പ്രവർത്തനം വിഷമകരമായ ഒന്നാണെങ്കിലും ക്രൈസ്തവ ജീവിതത്തിലെ അവിഭാജ്യ ഘടകമാണ്.
അപ്പസ്തോലന്മാരുടെയും ആദിമസഭയുടെയും കാര്യത്തിലെന്നപോലെ, ദരിദ്രരെയും ഏറ്റവും ആവശ്യമുള്ളവരെയും പരിപാലിക്കുന്നതിലൂടെ സുവിശേഷത്തിന്റെ പ്രഘോഷണം വ്യക്തിപരവും സ്ഥാപനപരവുമായ തലങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുക സ്വാഭാവികമാണ്.
എന്നാൽ നിരുത്സാഹപ്പെടാതെ ഇത്തരത്തിലുള്ള സേവനം ആധികാരിക ക്രിസ്തീയ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് മറ്റുള്ളവർക്ക് കാട്ടിക്കൊടുക്കണം. ഇന്നത്തെ കാലഘട്ടത്തിൽ ജീവകാരുണ്യ പ്രവൃത്തികൾ ചെയ്യുമ്പോൾ വിവിധ വെല്ലുവിളികൾ നേരിടേണ്ടിവരുന്നുണ്ട്.
ഇത്തരം പ്രതിബന്ധങ്ങളെ നാം അഭിമുഖീകരിക്കുമ്പോഴാണ് "ഞാൻ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്' എന്ന ഈശോമിശിഹായുടെ ശബ്ദം കേൾക്കാൻ നാം പഠിക്കേണ്ടതെന്നും മാർപാപ്പ പറഞ്ഞു.
നിരാശയുടെയും സംശയത്തിന്റെയും നിമിഷങ്ങളിൽ ഇന്നും ഈശോമിശിഹാ നമ്മുടെ ചാരത്തേക്ക് കടന്നുവരുന്നുണ്ടെന്നു പറഞ്ഞ മാർപാപ്പ, കർത്താവിന്റെ കരുണയുടെ ശുശ്രൂഷ ഏറ്റവും താഴ്ന്നവരിലേക്ക് കൊണ്ടുപോകാനുള്ള ജീവകാരുണ്യപ്രവർത്തകരുടെ സന്നദ്ധതയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.