ആലപ്പുഴ: ആലപ്പുഴക്കാർ സഹൃദയ ആശുപത്രിയെ നെഞ്ചിലേറ്റി കൊണ്ടുപോയതിന്റെ 60 വർഷങ്ങളാണ് ആഘോഷിക്കപ്പെടുന്നതെന്നും സഹൃദയയെ ആലപ്പുഴക്കാരുടെ ജീവിതത്തിൽനിന്ന് ഒരിക്കലും മാറ്റിനിർത്താനാകാകില്ലെന്നും ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ. സഹൃദയ ആശുപത്രിയുടെ വജ്രജൂബിലി വർഷാചരണത്തിന്റെ ഉദ്ഘാടനവും ഹോം ഡേ ആഘോഷവും എൻഎബിഎച്ച് ആറാം പതിപ്പ് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് പ്രഖ്യാപനവും വജ്രജൂബിലി ലോഗോ പ്രകാശനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. തലമുറകളുടെ അധ്വാനത്തിന്റെ ഫലമാണ് വജ്രജൂബിലി നിറവിൽ തിളങ്ങിനിൽക്കുന്ന സഹൃദയ ആശുപത്രിയെന്ന് മാർ തോമസ് തറയിൽ പറഞ്ഞു.
നൂറുകണക്കിനു ജീവനക്കാർക്ക് ജീവിതവും രോഗികൾക്ക് ഭേദപ്പെട്ട മെഡിക്കൽ കെയറും നൽകുന്ന സ്ഥാപനമാണ് സഹൃദയ. ആലപ്പുഴ പട്ടണത്തിൽ മികച്ച സ്വകാര്യ ആശുപത്രിയായി സഹൃദയ ആശുപത്രി വളർന്നതും അതുകൊണ്ടാണ്. ഇത്തരം ആശുപത്രികളെ പിന്തുണയ്ക്കേണ്ട കടമ പൊതുജനത്തിനുണ്ടെന്നും അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
സഹൃദയ ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് മാളിയേക്കൽ, സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് വികാരി ജനറൽ ഫാ.ഡോ. ജോൺ തെക്കേക്കര, ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ, എ.ഡി. തോമസ് എംഎൽഎ, നഗരസഭാധ്യക്ഷ മോളി ജേക്കബ്, അസി. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ആന്റോ ആന്റണി പെരുമ്പള്ളിത്തറ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ വജ്രജൂബിലി പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. വൈക്കം വിജയലക്ഷ്മിയുടെ സാംസ്കാരിക പരിപാടിയും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി.