തിരുവനന്തപുരം: കേരളത്തിലെ കാന്‍സര്‍ ചികിത്സാ രംഗത്തിന് ആഗോള സഹകരണത്തിന്റെ പുതിയ വാതിലുകള്‍ തുറന്ന് അസോസിയേഷന് ഓഫ് മെഡിക്കല്‍ ആന്‍ഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ്സ് ഓഫ് കേരള (AMPOK) പ്രതിനിധിസംഘം വേള്‍ഡ് കാന്‍സര്‍ കോണ്‍ഗ്രസ് 2026ല്‍ പങ്കെടുത്തു.
സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ ഹോങ്കോങ്ങില്‍ നടന്ന കോണ്‍ഗ്രസില്‍ ആംപോക് സെക്രട്ടറി ഡോ. ബോബന് തോമസിന്റെ നേതൃത്വത്തിലുള്ള 11 അംഗ സംഘമാണ് കേരളത്തെ പ്രതിനിധീകരിച്ചത്.
ആംപോക് അംഗങ്ങളുടെ മൂന്ന് പഠനങ്ങളുടെ അവതരണവും ആറ് ഗവേഷണ പോസ്റ്ററുകളും കോണ്‍ഗ്രസിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ കാന്‍സര്‍ ചികിത്സാ മേഖലയിലെ ഗവേഷണ മികവ് ഇതിലൂടെ ആഗോള വേദിയില്‍ അവതരിപ്പിക്കാനായി.
യുഐസിസി, എഎസ്സിഒ, ടാറ്റ മെമ്മോറിയല്‍ സെന്റർ, നാഷണല്‍ കാന്‍സര്‍ ഗ്രിഡ്, ഹോങ്കോംഗ് ആന്റി-കാന്‍സര്‍ സൊസൈറ്റി, നാഷണല്‍ കാന്‍സര്‍ സെന്റര്‍ കൊറിയ, നാഷണല്‍ കാന്‍സര്‍ സെന്റര്‍ ചൈന തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ആംപോക് സംഘം കൂടിക്കാഴ്ച നടത്തി.
കാന്‍സര്‍ ഗവേഷണം, അന്താരാഷ്ട്ര പരിശീലനം, വിദ്യാര്‍ഥി-ഗവേഷക കൈമാറ്റം, ബഹുരാഷ്ട്ര ഗവേഷണ പദ്ധതികള്‍, കാന്‍സര്‍ മരുന്നുകളുടെ സംയുക്ത വാങ്ങല്‍, രോഗികേന്ദ്രീകൃത പരിചരണം തുടങ്ങിയ മേഖലകളില്‍ സഹകരണ സാധ്യതകള്‍ ചര്‍ച്ചയായി. 2025ലെ കേരള കാന്‍സര്‍ കോണ്‍ക്ലേവിന്റെ തുടര്‍ച്ചയായി 2027 ഡിസംബറില്‍ കേരള കാന്‍സര്‍ കോണ്‍ക്ലേവ് 2.0 സംഘടിപ്പിക്കാനും ആംപോക് തയാറെടുക്കുകയാണ്. അന്താരാഷ്ട്ര സഹകരണങ്ങളിലൂടെ കേരളത്തിലെ കാന്‍സര്‍ പരിചരണ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഡോ. ബോബന് തോമസ് പറഞ്ഞു.