കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിലെ തോൽവിയിൽ നേതാക്കളെ വിമർശിച്ചവർക്കെതിരെ നടപടിയുമായി സിപിഎം. കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറി കെ.പി.പ്രകാശൻ, കൂവേരി ലോക്കൽ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്ത് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
പ്രകാശനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയപ്പോൾ ഷൈജുവിനെ ലോക്കൽ കമ്മിറ്റി അംഗത്വത്തിൽ നിന്നും പുറത്താക്കി. തളിപ്പറമ്പിലെ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ജയിംസ് മാത്യു എന്നിവരെ വിമർശിച്ചുകൊണ്ട് കെ.പി. പ്രകാശൻ ഫേസ്ബുക്കിൽ കമന്റ് ഇട്ടിരുന്നു.
തുടർന്ന് പാർട്ടി നടത്തിയ അന്വേഷണത്തിൽ ഇവർ തെറ്റുകാരാണെന്ന് കണ്ടെത്തുകയായിരുന്നു. രണ്ട് പേരും പാർട്ടി അച്ചടക്കം ലംഘിച്ചെന്നും അതിനാലാണ് നടപടി സ്വീകരിച്ചതെന്നും സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കി.