മൂലമറ്റം: കിടപ്പുരോഗിയെ സാഹസികമായി ക്യാന്പിലെത്തിച്ചു. കനത്ത മഴയെത്തുടർന്ന് മലയിടിഞ്ഞ് റോഡ് പൂർണമായി ഒലിച്ചുപോയ പുത്തേട് ഈട്ടിക്കാനത്തുനിന്ന് കിടപ്പുരോഗിയായ വയോധികയെയാണ് അഗ്നിരക്ഷാസേന ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചത്.
പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും റോഡ് മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും തകർന്നതിനാലും വയോധിക ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.
വിവരമറിഞ്ഞെത്തിയ മൂലമറ്റം ഫയർഫോഴ്സ് സംഘം ദുർഘടമായ കാട്ടുപാതകളിലൂടെയും ചെങ്കുത്തായ പ്രദേശങ്ങളിലൂടെയും സാഹസികമായി സഞ്ചരിച്ച് രോഗിയുടെ അടുത്തെത്തുകയായിരുന്നു. തുടർന്ന് രോഗിയെ സ്ട്രെച്ചറിൽ കിലോമീറ്ററോളം ദൂരം ദുർഘടമായ വഴികളിലൂടെ ചുമന്ന് ക്യാമ്പിൽ എത്തിക്കുകയായിരുന്നു.