ദുബായ്: ലബനനില്‍ ഇസ്രേലി സേന നടത്തിയ ആക്രമണം പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിന് തിരിച്ചടിയായെന്നു റിപ്പോർട്ട്.
ബെയ്റൂട്ടിലുണ്ടായ ആക്രമണം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറ്റപ്പെടുത്തി. ഇസ്രയേൽ ലബനനിലേക്കുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനകരാർ കൈയെത്തും ദൂരത്താണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യുഎസും ഇറാനും ഇന്നലെ സമാധാന കരാര്‍ ഒപ്പുവയ്ക്കുമെന്ന് ട്രംപ് ഉറപ്പിച്ചു പ്രഖ്യാപിച്ചിരുന്നതാണ്. ഇസ്രേലി ആക്രമണം യുഎസ്-ഇറാൻ സമാധാന കരാറിനെ തകിടം മറിച്ചെന്നാണു റിപ്പോര്‍ട്ട്.
ബെയ്റൂട്ടിന്റെ തെക്കന്‍ഭാഗത്തുള്ള ഹിസുബ്ള്ള കമാന്‍ഡ് സെന്ററാണ് ആക്രമിച്ചതെന്നാണ് ഇസ്രേലി സേന അറിയിച്ചു. ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. വടക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റ് പായിച്ചാണ് ഹിസ്ബുള്ള തിരിച്ചടിച്ചത്. ഇസ്രയേലിനെ ആക്രമണത്തില്‍നിന്നു പിന്തിരിപ്പിക്കുന്നതില് അമേരിക്ക പരാജയപ്പെട്ടുവെന്ന് ഇറാനുവേണ്ടി ചര്‍ച്ച നടത്തുന്ന മുഹമ്മഗദ് ബഗേര്‍ ഗാലിബാഫ് കുറ്റപ്പെടുത്തി.
യുഎസുമായുള്ള ധാരണാപത്രത്തിന്റെ അന്തിമ കരടിൽ ഇറാന്റെ ആണവപ്രവർത്തനങ്ങൾ മുതൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും എണ്ണ ഉപരോധങ്ങളിൽ ഇളവുകൾ നൽകുന്നതും വരെയുള്ള വിവിധ വിഷയങ്ങൾ ഉൾപ്പെടുന്നുണ്ടെന്ന് മുതിർന്ന ഇറേനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, സമാധാന കരാർ പ്രകാരം ഇറാൻ ഒരിക്കലും ഒരു ആണവായുധം കൈവശം വയ്ക്കില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് പറഞ്ഞു.