പെയർലാൻഡ്: സീറോമലബാർ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കൺവൻഷന്റെ കിക്കോഫ് ടെക്സസിലെ പെയർലാൻഡ് സെന്റ് മേരീസ് ദേവാലയത്തിൽ നടന്നു. ഇടവകയിൽ നടന്ന ചടങ്ങുകൾക്ക് ഫാ. മെൽവിൻ പോൾ നേതൃത്വം നൽകി.
കൺവൻഷന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കാനും പ്രചാരണത്തിനുമായി എത്തിയ കൺവൻഷൻ ടീമിനെ ഇടവക വികാരി ഫാ. വർഗീസ് ജോർജ് കുന്നത്തിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഹൃദ്യമായി സ്വീകരിച്ചു. അപ്പച്ചൻ തൊട്ടാട്ടുശേരിൽ, സിബി മുണ്ടനാട്ട്, ബെന്നിച്ചൻ ചാക്കോ, ജോർജ് ഫിലിപ്പ് എന്നിവർ കിക്കോഫ് ചടങ്ങുകൾക്ക് ചുക്കാൻ പിടിച്ചു.
രൂപതയുടെ പ്രഥമ ഇടയൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലി കൂടി ആഘോഷിക്കുന്ന കൺവൻഷന്റെ പ്രത്യേകതകൾ ഭാരവാഹികൾ ചടങ്ങിൽ വിശദീകരിച്ചു. കൺവൻഷൻ ഫസിലിറ്റി ചെയർമാൻ ജോണി വടുക്കുംചേരി, ബിസിനസ് മാർക്കറ്റിംഗ് കോഓർഡിനേറ്റർ സന്തോഷ് കാട്ടൂക്കാരൻ എന്നിവർ പരിപാടിയുടെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുകയും ഏവരെയും ഷിക്കാഗോയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
നേരിട്ടുള്ള സന്ദർശനങ്ങളിലൂടെയും ആശയവിനിമയങ്ങളിലൂടെയും കൺവൻഷനെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് ഏറെ സ്വാഗതാർഹമാണെന്ന് ഇടവക വികാരിയും കൺവൻഷൻ പ്രതിനിധികളും അഭിപ്രായപ്പെട്ടു.