മലപ്പുറം: വോട്ടർ പട്ടികയിൽ ഭിന്നശേഷിക്കാരായി രജിസ്റ്റർ ചെയ്തവർക്കും 85 കഴിഞ്ഞ വയോജനങ്ങൾക്കും വോട്ട് ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്കരിച്ച മൊബൈൽ ആപ്ലിക്കേഷനായ ഈസിഐ നെറ്റ് വഴി രജിസ്റ്റർ ചെയ്ത് വീൽച്ചെയർ, വാഹന സൗകര്യം എന്നിവ ആവശ്യപ്പെടാം. തെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ട്രാൻസ്ജെൻഡർ വോട്ടർമാരുടെയും മുഴുവൻ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ മലപ്പുറം സ്വീപിന്റെ നേതൃത്വത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്.
തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കരക്കാണ് മലപ്പുറം സ്വീപിന്റെ ചുമതല. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഇസിഐ നെറ്റ് ആപ്പ് ഡൗണ്ലോഡ് ചെയ്യാൻ സാധിക്കും. പോളിംഗ് ബൂത്ത് കണ്ടെത്തൽ, സ്ഥാനാർഥികളുടെ വിവരങ്ങൾ, വോട്ടർമാരുടെ വിവരങ്ങൾ, വോട്ട് രേഖപ്പെടുത്താൻ വോട്ടെടുപ്പ് ദിവസം വീൽചെയർ, വാഹനം എന്നീ സേവനങ്ങൾ ആപ്പിൽ ലഭിക്കും.
ഇലക്ഷൻ ഐഡി കാർഡ് നന്പർ നൽകിയാണ് രജിസ്റ്റർ ചെയേണ്ടത്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവരെ നോഡൽ ഓഫീസർ ബന്ധപ്പെടുകയും ആവശ്യകത വിലയിരുത്തി മാനദണ്ഡങ്ങൾ പ്രകാരം സേവനങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യും. ജില്ലാ സാമൂഹ്യനീതി ഓഫീസർക്കാണ് ഭിന്നശേഷി- വയോജന- ട്രാൻസ്ജെൻഡർ വോട്ടർമാർക്കുള്ള സേവനം ഉറപ്പുവരുത്തുന്നതിനുള്ള ചുമതല.
കാഴ്ചപരിമിതി ഉള്ളവർക്ക് ബ്രെയിലി ലിപി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 85 വയസിന് മുകളിലുള്ള വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽനിന്നു വോട്ട് ചെയ്യാനുള്ള ഹോം വോട്ടിംഗ് അവസരവും ലഭിക്കും.
ഹോം വോട്ടിംഗിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ 12 ഡി ഫോറം ബിഎൽഒമാർ വഴി വരണാധികാരിക്ക് സമർപ്പിക്കാം. ഭിന്നശേഷി സൗഹൃദമായി വോട്ടെടുപ്പ് നടപ്പാക്കുന്നതിന് പോളിംഗ് ബൂത്തുകളും താഴത്തെ നിലയിൽ ആയിരിക്കും സജ്ജീകരിക്കുക. ഭിന്നശേഷിക്കാർക്കായി പ്രത്യേക റാന്പും വീൽചെയറും കുടിവെള്ളവും ഉറപ്പുവരുത്തും.
ഭിന്നശേഷി വോട്ടർമാർ, വയോജനങ്ങൾ, ട്രാൻസ്ജെൻഡർ ഉൾപ്പെടെ എല്ലാവരും അവരുടെ സമ്മതിദാനവകാശം സധൈര്യം വിനിയോഗിക്കണമെന്നും ഇസിഐ നെറ്റ് ആപ്പ് വഴി സേവനങ്ങൾ ഉറപ്പുവരുത്താമെന്നും കളക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു.
മലപ്പുറം ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലായി 29,643 ഭിന്നശേഷി വോട്ടർമാരും 14,292 വയോജന വോട്ടർമാരും (85 വയസിനു മുകളിലുള്ളവർ) 39 ട്രാൻസ്ജെൻഡർ വോട്ടർമാരുമാണുള്ളത്. ഏറ്റവും കൂടുതൽ വയോജനങ്ങളിലുള്ള നിയോജക മണ്ഡലം നിലന്പൂരാണ്. 1278 പേർ. താനൂർ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കുറവ് വയോജനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 523 പേർ.
ഭിന്നശേഷി വോട്ടർമാർ ഏറ്റവും കൂടുതലുള്ള നിയോജക മണ്ഡലം തിരൂരും (2410) ഭിന്നശേഷി വോട്ടർമാർ ഏറ്റവും കുറവുള്ളത് തിരൂരങ്ങാടിയുമാണ് (1202). തിരൂർ നിയോജകമണ്ഡലത്തിൽ 12 ട്രാൻസ് ജൻഡർ വോട്ടർമാരും നിലന്പൂർ നിയോജകമണ്ഡലത്തിൽ ഏഴ് ട്രാൻസ്ജെൻഡർ വോട്ടർമാർ ഉൾപ്പെടെ 39 ട്രാൻസ് ജൻഡർ വോട്ടർമാരാണ് മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഫോണ്: 8714621985.